ഡുപ്പിയെ ഞെട്ടിച്ച ഭാസ്കർ ഷെട്ടി കൊലക്കേസിൽ ഒടുവിൽ കോടതി വിധി പറഞ്ഞിരിക്കുന്നു. ഷെട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു കളഞ്ഞവർക്ക് ജീവപര്യന്തം തടവാണ് ഉഡുപ്പി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ജെ.എൻ. സുബ്രഹ്മണ്യ ശിക്ഷ വിധിച്ചത്.

ഭാസ്കർ ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, ജ്യോത്സ്യൻ നിരഞ്ജൻ ഭട്ട് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ മറ്റൊരു പ്രതിയായിരുന്ന രാഘേവന്ദ്ര ഭട്ടിനെ കോടതി വെറുതെവിട്ടു. തെളിവ് നശിപ്പിച്ചതിന് പ്രതിയായിരുന്ന നിരഞ്ജൻ ഭട്ടിന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവിൽ മരണപ്പെടുകയും ചെയ്തു.

2016 ജൂലായ് 28-നാണ് പ്രവാസി വ്യവസായിയായ ഭാസ്കർ ഷെട്ടി കൊല്ലപ്പെട്ടത്. ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടിൽവെച്ച് ഷെട്ടിയെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹം നിരഞ്ജൻ ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തിൽ കത്തിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു.

സ്വത്ത് തർക്കവും രാജേശ്വരിയും നിരഞ്ജനുമായുള്ള അതിരുവിട്ട സൗഹൃദം ഷെട്ടി അറിഞ്ഞതുമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാൽ ഷെട്ടി കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ മാതാവ് ഗുലാബി മകനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും അരുംകൊലയുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരികയുമായിരുന്നു.

ആരായിരുന്നു ഭാസ്കർ ഷെട്ടി...

ഉഡുപ്പിയിലെ ബിസിനസ് പ്രമുഖനായിരുന്നു ഭാസ്കർ ഷെട്ടി(52). നാട്ടിലും വിദേശത്തുമായി ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. ഏഴ് സൂപ്പർ മാർക്കറ്റുകളാണ് ഷെട്ടിയുടെ ഉടമസ്ഥതയിൽ സൗദി അറേബ്യയിൽ പ്രവർത്തിച്ചിരുന്നത്. ഉഡുപ്പിയിൽ വൻകിട ഹോട്ടലും ഷോപ്പിങ് കോംപ്ലക്സും അപ്പാർട്ട്മെന്റ് സമുച്ചയവും അദ്ദേഹം പടുത്തുയർത്തി. മണിപ്പാലിൽ ഒരു റെസിഡെൻഷ്യൽ കെട്ടിടവും ഷെട്ടിയുടെ പേരിലുണ്ടായിരുന്നു.

Read Also:പ്രവാസി വ്യവസായിയെ കൊന്ന് ഹോമകുണ്ഡത്തിൽ കത്തിച്ചു; ഭാര്യയ്ക്കും മകനും ജീവപര്യന്തം തടവ്..

എന്നാൽ, സ്വത്തും സമ്പത്തും വർധിച്ചതിനൊപ്പം ഷെട്ടിയുടെ കുടുംബത്തിലും പ്രശ്നങ്ങൾ ഉടലെടുത്തു. ഭാര്യ രാജേശ്വരിയും ജ്യോത്സ്യനായ നിരഞ്ജൻ ഭട്ടും തമ്മിലുള്ള അതിരുവിട്ട ബന്ധവും ഷെട്ടിയുടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കി. സ്വത്ത് മുഴുവൻ തന്റെ പേരിലാക്കണമെന്ന് മകൻ നവനീത് ഷെട്ടി ഭാസ്കർ ഷെട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതിനിടെ, നിരഞ്ജനും ഭാര്യയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചില ഫോട്ടോകളും ഷെട്ടിയ്ക്ക് ലഭിച്ചിരുന്നു.

ക്രൂരമായ കൊലപാതകം

വർഷങ്ങളോളം ഗൾഫിലെ ബിസിനസ് നോക്കിനടത്തിയിരുന്ന ഭാസ്കർ ഷെട്ടി നാട്ടിലെത്തി പുതിയ ജീവിതം ആരംഭിച്ചതിന് പിന്നാലെയാണ് ഭാര്യയും മകനും നിരഞ്ജനും ചേർന്ന് അദ്ദേഹത്തിന്റെ ജീവനെടുത്തത്. നാട്ടിലെത്തി ഭാര്യയ്ക്കും മകനുമൊപ്പം ജീവിതം തുടങ്ങി വെറും രണ്ടര മാസം പിന്നിട്ടപ്പോഴായിരുന്നു ഉറ്റവരുടെ കൊലക്കത്തി ഷെട്ടിയ്ക്ക് നേരേ ഉയർന്നത്.

2016 ജൂലായ് 28-നായിരുന്നു ആ ക്രൂരമായ കൊലപാതകം. ഇന്ദ്രാളിയിലെ വീട്ടിലെത്തിയ ഷെട്ടിയെ ഭാര്യയും മകനും നിരഞ്ജനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വെട്ടിനുറുക്കി നിരഞ്ജന്റെ വീട്ടിലെത്തിച്ചു. ഇവിടെവെച്ച് ഹോമകുണ്ഡത്തിലിട്ട് മൃതദേഹം കത്തിച്ചു. ചാരവും കത്തിക്കരിഞ്ഞ എല്ലുകളും നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു.

മാതാവിന്റെ പരാതി

ജൂലായ് 29-നാണ് ഷെട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് ഗുലാബി മണിപ്പാൽ പോലീസിൽ നൽകുന്നത്. ഫോണിൽ വിളിച്ചിട്ട് മകനെ കിട്ടുന്നില്ലെന്നും ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.

തലേദിവസം തന്റെ ഉടമസ്ഥതയിലുള്ള ദുർഗ ഇന്റർനാഷണൽ ഹോട്ടലിൽനിന്ന് വീട്ടിലേക്കാണ് ഷെട്ടി പോയതെന്ന് പോലീസ് കണ്ടെത്തി. എന്നാൽ, ഇതിനുശേഷം ഷെട്ടിയെ കണ്ടവരാരും ഇല്ലായിരുന്നു. ഇതോടെയാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്ക് നീണ്ടത്. ഷെട്ടി ഹോട്ടലിൽനിന്ന് പോകുമ്പോൾ ധരിച്ചിരുന്ന ചെരിപ്പുകൾ ഇന്ദ്രാളിയിലെ വീട്ടിൽനിന്ന് കണ്ടെടുത്തതും നിർണായകമായി.

ഇതിനിടെ ഷെട്ടിയും മകൻ നവനീതും തമ്മിൽ ജൂലായ് ഒമ്പതാം തീയതി ഹോട്ടലിൽവെച്ച് തർക്കമുണ്ടായെന്നും പോലീസിന് വിവരം ലഭിച്ചു. തർക്കത്തെ തുടർന്നുള്ള വഴക്കിനിടെ ഷെട്ടിയെ മകൻ മർദിച്ചതിന് ദൃക്സാക്ഷികളുമുണ്ടായിരുന്നു. അതേദിവസം മുതലാണ് പ്രതികൾ ഷെട്ടിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയത്. അന്നു മുതലുള്ള ദിവസങ്ങളിൽ പ്രതികൾ കുരുമുളക് സ്പ്രേയും ഇരുമ്പുദണ്ഡും ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി.

തന്റെ മരണശേഷം സ്വത്തുക്കളൊന്നും ഭാര്യയ്ക്കും മകനും കൊടുക്കില്ലെന്ന് ഷെട്ടി നേരത്തെ ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു. എല്ലാ സ്വത്തുക്കളും അനാഥാലയത്തിനും അമ്മയ്ക്കും നൽകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബന്ധുക്കളുടെ ഈ മൊഴികളും അന്വേഷണത്തിൽ വഴിത്തിരിവായി.

ഒടുവിൽ ഷെട്ടി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ അതുവരെ സംശയമുനയിലായിരുന്ന ഭാര്യയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഏഴാം തീയതിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പിറ്റേദിവസം നിരഞ്ജനും പോലീസിന്റെ പിടിയിലായി. സ്വത്ത് ലഭിക്കില്ലെന്ന് മനസിലായതോടെയാണ് മൂവരും ചേർന്ന് ഷെട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഓഗസ്റ്റ് പത്താം തീയതി കൽക്ക നദിയിൽനിന്ന് ഷെട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങളും എല്ലുകളും കണ്ടെടുത്തു. ഇത് ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാക്കി. ഷെട്ടിയുടെ മാതാവിന്റെ ഡി.എൻ.എയും കണ്ടെടുത്ത എല്ലുകളിലെ ഡി.എൻ.എയും ഒരു പോലെയാണെന്ന് കണ്ടെത്തിയതോടെയാണ് കൊല്ലപ്പെട്ടത് ഷെട്ടി തന്നെയാണെന്നതിന് ശാസ്ത്രീയമായ സ്ഥിരീകരണമായത്. തെളിവ് നശിപ്പിച്ച കുറ്റത്തിന് നിരഞ്ജന്റെ പിതാവിനെയും സഹായിയായ രാഘവേന്ദ്ര ഭട്ടിനെയും അറസ്റ്റ് ചെയ്തു.

കേസിൽ അറസ്റ്റിലായ രാജേശ്വരി ഷെട്ടിക്ക് രണ്ട് വർഷവും മൂന്ന് മാസവും നീണ്ട ജയിൽവാസത്തിന് ശേഷം 2018 നവംബർ എട്ടിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. രാഘവേന്ദ്രയ്ക്കും ജാമ്യം ലഭിച്ചു. എന്നാൽ, നവനീതും നിരഞ്ജനും ബെംഗളൂരുവിൽ ജയിൽവാസം തുടർന്നു. കേസിന്റെ വിചാരണയ്ക്കിടെ നിരഞ്ജന്റെ പിതാവും മറ്റൊരു പ്രതിയുമായ ശ്രീനാവസ് ഭട്ട് മരിച്ചു.

ഒടുവിൽ കൊലപാതകം നടന്ന് അഞ്ചുവർഷം തികയാൻ ഒന്നര മാസം ബാക്കിനിൽക്കെയാണ് കേസിൽ വിചാരണ പൂർത്തിയാക്കി കോടതി വിധിപ്രസ്താവം നടത്തിയത്. മൃതദേഹാവശിഷ്ടങ്ങളും ചാരവും നദിയിൽ ഉപേക്ഷിക്കാൻ സഹായിച്ചെന്നതായിരുന്നു രാഘവേന്ദ്ര ഭട്ടിനെതിരേയുള്ള കുറ്റം. എന്നാൽ നിരഞ്ജനും മറ്റു പ്രതികളും തനിക്ക് നൽകിയത് മൃതദേഹാവശിഷ്ടങ്ങളാണെന്ന് താനറിഞ്ഞിരുന്നില്ലെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ ബാക്കി മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവാണ് കോടതി ശിക്ഷ വിധിച്ചത്. വിധിപ്രസ്താവം കേൾക്കാൻ രാജേശ്വരി ഷെട്ടിയും രാഘവേന്ദ്ര ഭട്ടും കോടതിയിലെത്തിയിരുന്നു. നിരഞ്ജനും നവനീതും ബെംഗളൂരുവിലെ ജയിലിൽനിന്ന് വീഡിയോ കോൺഫറൻസിലൂടെയും വിധിപ്രസ്താവം കേട്ടു.

Content Highlights:bhasker shetty murder case