ബെംഗളൂരു: സിനിമാതാരങ്ങൾ പങ്കെടുത്ത ലഹരിപ്പാർട്ടികളിലേക്ക് മയക്കുമരുന്നെത്തിച്ച മുൻ സോഫ്റ്റ്വേർ എൻജിനിയർ പ്രതീക് ഷെട്ടിയെയും(32) ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്ന വിരൺ ഖന്നയുടെ സഹായി ആദിത്യ അഗർവാളിനെയും സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.

നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതീക് ഷെട്ടിയെ അറസ്റ്റുചെയ്തത്. ലഹരിക്കേസിലെ 15-ാമത്തെ പ്രതിയാണ് പ്രതീക് ഷെട്ടി.

ഹരിയാണ സ്വദേശിയായ ആദിത്യ അഗർവാളിന് ലഹരിമരുന്ന് എത്തിക്കുന്നതിലും പാർട്ടികൾ നടത്തുന്നതിലും പ്രധാന പങ്കുണ്ട്. രവിശങ്കർ മയക്കുമരുന്ന് വാങ്ങിയിരുന്നത് പ്രതീക് ഷെട്ടിയിൽനിന്നായിരുന്നു. ഇയാൾക്ക് കേരളത്തിലെ മയക്കുമരുന്നുസംഘവുമായി ബന്ധമുണ്ട്. കേരളം, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇതോടെ സിനിമാമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. 2018-ലെ മയക്കുമരുന്ന് കേസിൽ മൂന്ന് വിദേശികളോടൊപ്പം പ്രതീക് ഷെട്ടിയും പ്രതിയായിരുന്നു.

ഈ കേസിൽ 2019-ൽ ജാമ്യം ലഭിച്ചതിനുശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാകുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. 2010-ൽ ബെംഗളൂരുവിലെത്തിയ പ്രതീക് ഷെട്ടി ഐ.ടി. കമ്പനിയിൽ സോഫ്റ്റ്വേർ എൻജിനീയറായിരുന്നു.

150 പേർ നിരീക്ഷണത്തിൽ

അറസ്റ്റിലായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നീ നടിമാരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. അറസ്റ്റിലായവരുമായി സമ്പർക്കം പുലർത്തിയിരുന്ന 150 പേരെ നിരീക്ഷിക്കുന്നുമുണ്ട്. ഇവരുടെ 10000- ത്തോളം ഫോൺവിളികൾ പരിശോധിക്കുകയാണ്. ഒരു വർഷത്തെ ഫോൺ വിളികളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ലഹരിപ്പാർട്ടികളുടെ വീഡിയോദൃശ്യങ്ങളും ഇതിലുൾപ്പെടും. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തും സിനിമാനിർമാതാവുമായ ശിവപ്രകാശ്, അന്തരിച്ച മുൻമന്ത്രി ജീവരാജ് അൽവയുടെ മകൻ ആദിത്യ അൽവ, അരൂർ സ്വദേശി നിയാസ് മുഹമ്മദ്, നടി സഞ്ജനയുടെ സുഹൃത്ത് രാഹുൽ, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ എന്നിവരാണ് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിലെ പ്രധാനികൾ.

രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരെ മുന്നിൽ നിർത്തിയാണ് ലഹരിപ്പാർട്ടികളിലേക്ക് കൂടുതലാളുകളെ എത്തിച്ചത്. അതിനിടെ, സഞ്ജന ഗൽറാണിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ശാസ്ത്രീയതെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണിത്. മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നും തെളിവില്ലാതെ തന്നെ ബലിയാടാക്കിയതാണെന്നും സഞ്ജന ഗൽറാണി പറഞ്ഞു.

രാഗിണിയുടെയും സഞ്ജനയുടെയും പോലീസ് കസ്റ്റഡി നീട്ടി

ബെംഗളൂരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുടെ പോലീസ് കസ്റ്റഡി ബെംഗളൂരു സെഷൻസ് കോടതി സെപ്റ്റംബർ 14 വരെ നീട്ടി. മറ്റ് പ്രതികളായ രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, സഞ്ജനയുടെ സുഹൃത്ത് രാഹുൽ ഷെട്ടി, അരൂർ സ്വദേശി നിയാസ് മുഹമ്മദ്, ആഫ്രിക്കക്കാരൻ ലോം പെപ്പർ സാംബ എന്നിവരുടെ കസ്റ്റഡിയും തിങ്കളാഴ്ചവരെ നീട്ടി.

ലഹരിമരുന്ന് കേസിൽ ഉന്നതബന്ധമുണ്ടെന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും സെൻട്രൽ ക്രൈംബ്രാഞ്ച് അറിയിച്ചതിനെത്തുടർന്നാണ് മൂന്നുദിവസത്തേക്കുകൂടി കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇവരെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കി. നിംഹാൻസിന് കീഴിലുള്ള വനിതാകേന്ദ്രത്തിൽവെച്ചാണ് രാഗിണിയെയും സഞ്ജനയെയും ചോദ്യംചെയ്യുന്നത്.

Content Highlights:bengaluru drug case two more accused arrested and more people are under police surveillance