മിന്‍സ്‌ക്: എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ബെലറസ് സുപ്രീംകോടതി. കേസില്‍ കൂട്ടുപ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെ 25 വര്‍ഷം തടവിന് വിധിച്ചതും കോടതി ശരിവെച്ചു. കേസില്‍ കീഴ്‌ക്കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ശിക്ഷ ശരിവെച്ചത്. 

ബെലറസ് ലൂണിനെറ്റിലെ ലിയോണിഡ്-നതാലിയ കോബ് ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഹന്നയാണ് കഴിഞ്ഞവര്‍ഷം അരുംകൊലയ്ക്ക് ഇരയായത്. 48 കാരനായ വിക്ടര്‍ സേറേലാണ് കേസിലെ മുഖ്യപ്രതി. കുഞ്ഞിന്റെ അമ്മയായ നതാലിയ രണ്ടാം പ്രതിയും. 

നതാലിയയും വിക്ടര്‍ സേറേലും സംഭവദിവസം വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം മദ്യലഹരിയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കറിക്കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ ദേഹമാസകലം മുറിവേല്‍പ്പിച്ച ശേഷം തല അറുത്തെടുക്കുകയായിരുന്നു. ഏകദേശം 46 മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നത്. സംഭവസമയം നതാലിയയുടെ ഭര്‍ത്താവ് ലിയോണിഡും നാലും ആറും വയസ്സുള്ള മറ്റ് രണ്ട് മക്കളും പുറത്തുപോയതായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന ഹന്നയെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. 

കൊലപ്പെടുത്തുന്നതിന് മുമ്പ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു. കേസില്‍ മുഖ്യപ്രതിയായ വിക്ടറിന് വധശിക്ഷയും രണ്ടാംപ്രതി നതാലിയക്ക് 25 വര്‍ഷം തടവുമാണ് കീഴ്‌ക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് ഇരുവരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

അതേസമയം, പ്രതികളുടെ അപ്പീല്‍ തള്ളിയെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രസിഡന്റിനാണ് ദയാഹര്‍ജി സമര്‍പ്പിക്കേണ്ടത്. 

വെടിവെച്ച് വധശിക്ഷ നടപ്പിലാക്കുന്ന അപൂര്‍വം ചില രാജ്യങ്ങളിലൊന്നാണ് ബെലറസ്. മുട്ടുകുത്തി നിര്‍ത്തി തലയുടെ പിന്‍ഭാഗത്തേക്ക് നിറയൊഴിച്ചാണ് ശിക്ഷ നടപ്പിലാക്കുക. കൊലപാതകം പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വിധിക്കുന്നതും ഇവിടെ പതിവാണ്. സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പ്പെട്ട ശേഷം മാത്രം ഏകദേശം നാനൂറിലധികം പേരുടെ വധശിക്ഷയാണ് ബെലറസില്‍ നടപ്പിലാക്കിയത്.

യൂറോപ്യന്‍ യൂണിയനും മറ്റ് രാജ്യാന്തര സംഘടനകളും ഇത്തരം ശിക്ഷാരീതി അവസാനിപ്പിക്കണമെന്ന് ബെലറസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് നടന്ന ഹിതപരിശോധനയില്‍ വധശിക്ഷയെ അനുകൂലിച്ചായിരുന്നു ഭൂരിഭാഗം ജനങ്ങളും വോട്ട് ചെയ്തത്. 

Content Highlights: belarus baby murder case; supreme court rejects accused appeal