വാരാന്തപ്പതിപ്പിന്റെ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചുവന്ന ഇഗ്നേഷ്യസ് പെരേരയുടെ 'മുംബൈ The Crime Capital' വായിച്ചപ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതണമെന്നുതോന്നി.

ലേഖനത്തിന്റെ ആദ്യലക്കത്തില്‍ സൂചിപ്പിച്ച അബ്ദുള്‍ കുഞ്ഞിനോടൊപ്പം രണ്ടുദിവസം ഡോംഗ്രി ലോക്കപ്പില്‍ കിടന്നിരുന്നു, ഞാന്‍. അദ്ദേഹത്തെ യേര്‍വാദ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിചാരണയ്ക്കുവേണ്ടി മുംബൈയില്‍ കൊണ്ടുവന്നപ്പോഴും എന്നെ തെരുവില്‍ കിടന്നുറങ്ങിയ കാരണത്താല്‍ പിടിച്ചിട്ടതും ആ ലോക്കപ്പിലായിരുന്നു. ഒരുകാലത്തെ മുംബൈ ജീവിതത്തിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മകളുണര്‍ത്തി പെരേരയുടെ ലേഖനം. 

അന്നും ഇന്നും ആയിരങ്ങള്‍ അന്തിയുറങ്ങുന്ന ഇടമാണ് മുംബൈയിലെ തെരുവായ തെരുവുകളൊക്കെയും. എന്നാല്‍, മാസാവസാനത്തെ ദിവസങ്ങളില്‍ പോലീസുകാര്‍ റോഡില്‍ കിടന്നുറങ്ങുന്ന ഏഴകളെ പൊക്കുന്ന ഒരു പതിവുണ്ടായിരുന്നു അക്കാലത്ത്. ചരസ്സിനും മറ്റു ലഹരിക്കും അടിപ്പെട്ട്, എന്തെങ്കിലും ചെറുജോലികള്‍ ചെയ്തു ജീവിക്കുകയായിരുന്നു എന്നിലെ കൗമാരം. 1979-ല്‍ ആരെയുമറിയിക്കാതെ നാടുവിട്ട് മഹാനഗരത്തിലെത്തിയതായിരുന്നു ഞാന്‍. മുംബൈയെ അധോലോകനായകരും തെരുവുഗുണ്ടകളും അടക്കിവാണ കാലമാണത്. നിയമമെന്നാല്‍ എഴുതപ്പെടാതെപോയ ഒരു പ്രതീക്ഷ മാത്രമായിരുന്നു അക്കാലത്ത് മുംബൈയില്‍.

എഴുപതുകളുടെ 'തിരസ്‌കൃതയൗവനം' സ്വീകരിച്ച തിരോധാനമാര്‍ഗം എന്നിലെ കൗമാരവും ഏറ്റെടുത്തു എന്നര്‍ഥം. പ്രണയം, കുടുംബത്തിലെ അന്തഃച്ഛിദ്രങ്ങള്‍, ദാരിദ്ര്യം, വീട്ടിലെ അന്ധവിശ്വാസങ്ങള്‍ ഒക്കെയായിരുന്നു എന്നെ സംബന്ധിച്ച് ഒളിച്ചോടാനുള്ള കാരണങ്ങള്‍. എന്നാല്‍, ചിലര്‍ക്കാകട്ടെ അന്നത്തെ ഒളിച്ചോട്ടങ്ങള്‍ 'ആധുനികചിന്തകളുടെ ഭാരവും ദാര്‍ശനികദുഃഖവും' ഇറക്കിവെക്കാനുള്ള ശ്രമവും.

ഒരു ശനിയാഴ്ച രാത്രിയായിരുന്നു എന്നെ പിടികൂടുന്നത്. ഉറങ്ങിക്കിടക്കുന്ന എന്നെ വാരിവലിച്ച് വണ്ടിയിലേക്ക് എറിയുകയായിരുന്നു. വണ്ടിയില്‍ അപ്പോള്‍ തെരുവില്‍നിന്നു പിടികൂടിയ ഒട്ടേറെ പേരുണ്ടായിരുന്നു. പലജാതി മനുഷ്യര്‍, ഭാഷക്കാര്‍... ലോക്കപ്പില്‍ അബ്ദുള്‍ കുഞ്ഞിക്ക് വലിയ പരിരക്ഷയായിരുന്നു കിട്ടിയിരുന്നത്. നല്ല ഭക്ഷണം, വിസ്‌കി, സിഗരറ്റ്, പുതപ്പ് എന്നിവ. 

ദാവൂദിന്റെയും കരീംലാലയുടെ നേതൃത്വത്തിലുള്ള പഠാന്‍ ഗ്രൂപ്പിന്റെയും ഇടയില്‍ നിലനിന്ന കിടമത്സരം പരസ്പരം കൊന്നുതള്ളാനുള്ള അവസരമായി നിലനില്‍ക്കുന്ന കാലം. മുംബൈയില്‍ ജനിച്ച് ചെമ്പൂര്‍ തിലക് നഗറിലെ ആദര്‍ശ് വിദ്യാലയത്തില്‍ പഠിച്ച മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മലയാളിയായ അബ്ദുള്‍ കുഞ്ഞ്. ഹിന്ദിയും മറാഠിയും ഇംഗ്ലീഷും നന്നായി വഴങ്ങും. തലശ്ശേരിക്കാരിയായ അമ്മ ഹിന്ദുവാണെങ്കിലും കാസര്‍കോടന്‍ മുസ്ലിമില്‍ പിറന്ന കുഞ്ഞിയെ കൂട്ടുകാര്‍ 'ലാണ്ടിയ' (ഹിന്ദിയിലെ ഒരു അശ്ലീലപദം) എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. ചെറുപ്പത്തിലെ മതപരമായ വിവേചനം കേട്ടുവളര്‍ന്ന കുഞ്ഞുവില്‍ സ്വാഭാവികമായും വിദ്വേഷം വളര്‍ന്നുവളര്‍ന്ന് പ്രതികാരമായിത്തീര്‍ന്ന് അധോലോകത്തില്‍ എത്തിപ്പെട്ടു എന്ന് കൂട്ടുകാര്‍ പറയാറുണ്ട്. ആയിടെ, ഷോട്ടി എന്നു വിളിപ്പേരുള്ള ഗുണ്ടയെ കരീംലാലയ്ക്കുവേണ്ടി അയാള്‍ കൊന്നു. അങ്ങനെ പഠാന്‍ ഗ്രൂപ്പിനായി 'പണിയെടുത്തു' തുടങ്ങി അയാള്‍. അതിനാല്‍ ദാവൂദിന്റെയും ഛോട്ടാ രാജന്റെയും ശത്രുവായി... സ്വന്തമായി പിടിച്ചുപറി തുടങ്ങി... പല കൊലപാതകങ്ങളിലും പ്രതിയായി... അങ്ങനെ നടത്തിയ ഏതോ കൊലപാതകത്തിന്റെ വിചാരണത്തടവുകാരനായാണ് കരീംലാലയുടെ ആസ്ഥാനത്തുള്ള ഡോംഗ്രി ലോക്കപ്പില്‍ കുഞ്ഞുവിനെ കൊണ്ടുവന്നതും ജയിലില്‍ പഞ്ചനക്ഷത്ര പരിരക്ഷ കിട്ടിക്കൊണ്ടിരുന്നതും.

മലയാളിയാണെന്നറിഞ്ഞപ്പോള്‍ എന്നെ കൂടെക്കിടത്താന്‍ പോലീസിന് നിര്‍ദേശം കൊടുത്തു. അകത്ത് കമ്പിവലകൊണ്ട് വേര്‍തിരിച്ച 'കൂടുകളില്‍' അധോലോകത്തെ താപ്പാനകള്‍ കിടക്കുന്നുണ്ട്. അടിയും ബഹളവും നിലവിളിയും കേള്‍ക്കാം. പുതുതായി വരുന്നവരെ അവര്‍ അടുത്തുവിളിച്ച് ചോദ്യംചെയ്യും. കൈയിലെ കാശ് പിടിച്ചുവാങ്ങും. ഒന്നുമില്ലെങ്കില്‍ തല്ലും. അതിനാല്‍ ആരു വിളിച്ചാലും തന്റെ ആളാണെന്ന് പറഞ്ഞാല്‍ മതിയെന്ന് കുഞ്ഞു എനിക്ക് ധൈര്യംതന്നു. അത് സത്യമായിരുന്നു, ഞങ്ങള്‍ കിടക്കുന്ന അടുത്തെങ്ങും ആരും വന്നില്ല. ഓട്ടെരുമകളും കൂറകളും തലങ്ങും വിലങ്ങും പായുന്ന ലോക്കപ്പില്‍ ഞാന്‍ അയാളോടൊപ്പം കിടന്നുറങ്ങി. എന്നാല്‍, പാതിരായ്ക്ക് എപ്പോഴോ മൂത്രമൊഴിക്കാനായി പോകുമ്പോള്‍ അയാളെന്നെ കണ്ടു: കരീംലാലയുടെ മറ്റൊരു അനുയായിയായിരുന്ന 'ലാല'. കൂടെ കുറെ ആരാധകരുമുണ്ടായിരുന്നു. കണ്ടയുടനെ അടുത്തുവിളിച്ചു. ഭയം കാരണം അബ്ദുള്‍ കുഞ്ഞിയുടെ ആളാണെന്ന് പറഞ്ഞില്ല. ചാരുകസേരയില്‍ കിടക്കുന്ന ലാലയെ തിരുമ്മാന്‍ ഉത്തരവായി. പുലരുംവരെ എനിക്കത് ചെയ്യേണ്ടിവന്നു.

പിറ്റേന്ന് ഞായറാഴ്ച കുഞ്ഞിയുടെ വക നല്ല ഭക്ഷണം വന്നു. ഞങ്ങള്‍ വെറുംനിലത്ത് ചമ്രംപടിഞ്ഞിരുന്നു. ചിക്കണ്‍ ഫ്രൈഡ് റൈസ്, ഗോബി മഞ്ചൂരിയന്‍, മദ്യം, സിഗരറ്റ്. കുഞ്ഞു ഭക്ഷപ്രിയനല്ല. ഒരുപിടി വാരി എന്റെ മുന്നിലേക്ക് നീക്കി. ജീവിതത്തില്‍ ആദ്യമായി ചൈനീസ് ഭക്ഷണത്തിന്റെ രുചി ഞാനറിഞ്ഞത് അന്നാണ്. ഭക്ഷണം കഴിച്ച് അയാള്‍ ഉച്ചയുറക്കത്തിന് കിടന്നു. ഉറങ്ങി എന്ന് ഞാന്‍ വിചാരിച്ചതാണ്. പക്ഷേ, ഉറക്കം നഷ്ടപ്പെട്ട ആ കൊലപാതകി സ്വന്തം കാല്‍വിരലിലേക്ക് ഇമവെട്ടാതെ നോക്കി കിടക്കുകയായിരുന്നു. താന്‍ തിരഞ്ഞെടുത്ത വഴികളിലെ അപാകതയെക്കുറിച്ചുള്ള കുറ്റബോധമാകുമോ? ശിക്ഷയില്ലാതെ പുറത്തിറങ്ങാമെന്ന സ്വപ്നമാകുമോ? അതുമല്ലെങ്കില്‍ അധോലോകത്ത് പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പദ്ധതിയാകുമോ? പൊതുവെ മൗനിയായ അബ്ദുള്‍ കുഞ്ഞിന്റെ മുഖമപ്പോള്‍ ഒരു ബാലന്റേതുപോലെ തോന്നിച്ചു!

അന്ന് എനിക്ക് കിട്ടാന്‍പോകുന്ന ശിക്ഷ കുഞ്ഞു ജയിലില്‍വെച്ച് 'വിധിച്ചു'. നൂറുരൂപ പിഴ. ഇല്ലെങ്കില്‍ പതിന്നാലു ദിവസം ജയില്‍. അന്നു രാത്രി കുഞ്ഞുവിന്റെ പുതപ്പുവന്നു. പോലീസുകാര്‍ വായിച്ചുവെച്ച പഴയ മറാഠി പത്രത്തിന്റെ ഏടുകളും. പത്രത്തിന്റെ താളുകള്‍ നിലത്തുവിരിച്ച് അതിലൊന്ന് കണ്ണോടിച്ചശേഷം കിടന്നോളാന്‍ പറഞ്ഞു. ഞങ്ങള്‍ അടുത്തടുത്തു കിടന്നു. പിറ്റേന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനയാളോട് നന്ദിപറഞ്ഞു. യാത്രചോദിച്ചു. അതത്ര കാര്യമാക്കാതെ കിടന്നകിടപ്പില്‍ അയാള്‍ നിസ്സംഗതയോടെ കൈയുയര്‍ത്തി 'ശരി' എന്നുമാത്രം പറഞ്ഞു. കാണാമെന്ന ഉപചാരമൊഴി ജയിലില്‍ പരിഹാസമാണല്ലോ. കുര്‍ള കോടതിയില്‍ അടയ്ക്കാന്‍ നൂറുരൂപയില്ല. നേരെ അര്‍തര്‍റോഡ് ജയിലിലേക്ക്. അവിടെ പതിന്നാലുദിവസം. കുഞ്ഞു കോടതിയില്‍ ജഡ്ജിയായി അവതരിച്ചപോലെ! അവന്റെ വിധി തെറ്റിയില്ല!

അതേവര്‍ഷമാണ് ഡോംഗ്രി ജയില്‍റോഡ് ഈസ്റ്റിലെ ബീഡിക്കടയില്‍ ഞാന്‍ ജോലിക്കു കയറിയത്. കടയുടെ എതിര്‍വശത്ത് കരീംലാലയുടെ വാറ്റുചാരായക്കടയാണ്. രാത്രി ഒരുചാക്കു നിറയെ ചില്ലറയടങ്ങിയ പണസഞ്ചി ബീഡിക്കടയില്‍ ഏല്പിച്ചിട്ടുപോകും, കരീംലാലയുടെ അംഗരക്ഷകന്‍. ഞാനത് ചവിട്ടുപലകയുടെ അടിയില്‍ ഭദ്രമായി സൂക്ഷിച്ചുവെക്കും. പിറ്റേന്നുവന്ന് തിരികെ വാങ്ങും. എന്നാല്‍, പലപ്പോഴായി ലാല നേരിട്ട് വന്നിട്ടുണ്ട് കടയില്‍. പണസഞ്ചി ഏല്‍പ്പിച്ച് ചിരിച്ച് പുറത്തുതട്ടി കുശലം ചോദിച്ചിട്ട് പോകും. പിന്നീടാണ് മറ്റൊരു അധോലോക ഗുണ്ട ലാല്‍ബാഗ് രാഘവന്റെ (യഥാര്‍ഥ പേര് അതല്ല) ഷോപ്പില്‍ ജോലിക്കു കയറുന്നതും അദ്ദേഹത്തിന്റെ മകളെ പ്രണയിച്ചു എന്ന കാരണം പറഞ്ഞ് അയാളെന്നെ വെടിവെക്കുന്നതും. മദ്യലഹരിയില്‍ ഉന്നംതെറ്റിപ്പാഞ്ഞ ആ വെടിയുണ്ട അന്നെന്റെ ജീവനെടുത്തില്ല. ഞാന്‍ പിറ്റേന്നുതന്നെ അവിടത്തെ ജോലിവിട്ടു.

1985 ജനുവരിയിലാണ് എനിക്കും കൂട്ടുകാര്‍ക്കും ശരദ് ഷെട്ടിയെ തല്ലേണ്ടിവന്നത്. ചെമ്പൂരില്‍ ആയിടെ ഉദ്ഘാടനം ചെയ്തതാണ് മലയാളിയായ എ.വി. ബാലന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ റോയല്‍ (ഇന്നത് ഹോട്ടല്‍ റോയല്‍ ഓര്‍ക്കിഡ്). ഞാനവിടെ ജോലിചെയ്യുന്നു. ഒരുനാള്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂഫ് ഗാര്‍ഡനിലെ കട്ടിലില്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. നല്ല നിലാവുണ്ട്. പെട്ടെന്ന് ഗേറ്റിന് പുറത്ത് ബഹളവും പാറാവുകാരന്‍ വിഷ്ണുവിന്റെ നിലവിളിയും കേട്ടു. ഓടിച്ചെന്നപ്പോള്‍ കാണുന്നത് അടിച്ചുപൊട്ടിച്ച ബിയര്‍കുപ്പികൊണ്ട് കുത്തുകൊണ്ട വിഷ്ണുവിനെ. പിന്നെ അടങ്ങിയില്ല. ഗേറ്റ് തുറന്ന് ഷെട്ടിയെ ഞങ്ങള്‍ക്കന്ന് തല്ലേണ്ടിവന്നു. 

ഒരു മലയാളിയുടെ വ്യവസായസംരംഭത്തെ തകര്‍ക്കാന്‍ ഷെട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഹോട്ടലിനു നേരെയുള്ള നിരന്തരമായ ഭീഷണിയും അക്രമവും. തലയ്ക്കും കൈകാലിനും പരുക്കുപറ്റിയ ഷെട്ടിയെ അവന്റെ കൂട്ടുകാര്‍ എടുത്തുകൊണ്ടുപോയി സയണ്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. വലിയ ആള്‍ബലമുള്ള ആളാണെന്നും അത് ശരദ് ഷെട്ടിയാണെന്നും ഞങ്ങളറിഞ്ഞത് പിന്നീടായിരുന്നു. പകരംവീട്ടാന്‍ വരുമെന്നുറപ്പുള്ള ഷെട്ടിക്ക് പതിനായിരം രൂപകൊടുത്ത് അനുനയിപ്പിക്കുകയായിരുന്നു, ഞങ്ങളുടെ ബോസ്. വരദയുടെ അടുത്ത സുഹൃത്താണ് ബാലന്‍സാര്‍ എന്നറിഞ്ഞ് ഷെട്ടി പിന്നീട് ആവഴി വന്നില്ല. എന്നാല്‍, പിന്നീട് ഒരു അര്‍ധരാത്രിയില്‍ ചെമ്പൂരിലെ പാന്‍കടയില്‍വെച്ച് ഷെട്ടിയെ കണ്ടപ്പോള്‍ എനിക്കുനേരെ ഭീഷണിമുഴക്കുകയുണ്ടായി.

1988-ലാണ് ഞാന്‍ ദുബായിലേക്ക് പോകുന്നത്. ആരംഭകാലത്ത് ഒരു മസറയിലായിരുന്നു ജോലി. ആ ഇടയജീവിതകാലത്ത് പെരുമഴയില്‍ മസറപോളിഞ്ഞ് വഴിയാധാരമായി. 1992-ല്‍ പുറത്ത് ജോലിചെയ്തതിന്റെപേരില്‍ രഹസ്യപ്പോലീസിന്റെ പിടിയില്‍പ്പെട്ട് ജയിലിലായി. അയോധ്യയില്‍ പള്ളിപൊളിച്ച കാലം. ഹിന്ദുക്കളായ ഞാനടക്കം ആറുപേരെ കൊല്ലാന്‍ പാകിസ്താനികളായ തടവുകാര്‍ പദ്ധതിയിട്ടു. മലയാളികളായ തടവുകാര്‍ പണിപ്പെട്ടാണ് അവരെ പിന്തിരിപ്പിച്ചത്. പില്‍ക്കാലത്ത് 1996-ല്‍ റഷ്യന്‍ ഭാഷ അറിയാവുന്നവര്‍ക്ക് നല്ല ശമ്പളത്തോടെ ജോലിയുണ്ടെന്ന പത്രവാര്‍ത്തവരുന്നത്. ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ അവിടെ പഴയ ശരദ് ഷെട്ടി! ദാവൂദിന്റെ ബിനാമിയായി ശരദ് ഷെട്ടി നടത്തുന്ന ഹോട്ടലായിരുന്നു അത്. ഞാനാ ജോലി വേണ്ടെന്നുവെച്ചു.

1986-ലാണ് ഹോട്ടല്‍ റോയലില്‍ ബഹളമുണ്ടാക്കാന്‍വന്ന ഛോട്ടാ രാജനെ കൂട്ടുകാരന്‍ കരുണനും (കുറ്റ്യാടി സ്വദേശി) ഞാനും തല്ലുന്നത്. താഴത്തെ നിലയിലെ ജ്യൂസ്‌കട ഷട്ടര്‍ പാതി താഴ്ത്തിവെച്ച് അടയ്ക്കുംമുമ്പ് വൃത്തിയാക്കാനുള്ള തിടുക്കത്തിലായിരുന്നു ജോലിക്കാര്‍. ഒരു കൈയില്‍ ചോരയൊലിച്ച് കടയിലേക്ക് കയറിവന്ന രാജനും രണ്ടുകൂട്ടുകാരും ജ്യൂസ് ആവശ്യപ്പെടുകയായിരുന്നു. കടയടച്ചസ്ഥിതിക്ക് തരാന്‍ ആവില്ലെന്നുപറഞ്ഞ മാനേജരെ രാജന്‍ കോളറില്‍പ്പിടിച്ചു. അപ്പോഴേക്കും ഇരുമ്പുപൈപ്പുമായി കടയിലെത്തിയ ഞങ്ങള്‍ രാജനെയും കൂട്ടുകാരെയും തല്ലിയോടിക്കുകയായിരുന്നു. ആള്‍ബലത്തിന്റെ ഊക്കിലാണ് രാജന്‍ അധോലോകം പടുത്തുയര്‍ത്തിയത്. നേരിട്ടുള്ള ആക്രമണത്തെ അയാള്‍ എന്നും ഭയപ്പെട്ടിരുന്നു. 

ഒരുകാലത്ത് തിലക് നഗറിലെ ചെറുപ്പക്കാര്‍ പലതരത്തിലും ഛോട്ടാ രാജന്റെ അനുയായിയോ ആശ്രിതരോ ആയിരുന്നു. 'രാജന്റെ ആള്‍' എന്ന കാരണത്താല്‍ നിരന്തരം കല്യാണാലോചനകള്‍ മുടങ്ങുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. ഒടുക്കം മുംബൈയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളപത്രത്തില്‍ പരസ്യം കൊടുത്ത്, ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് അവന് വിവാഹത്തിനുള്ള ഒത്താശകള്‍ ചെയ്തുകൊടുത്തു. പാപ്പിനിശ്ശേരിയിലെ ഷിബു, കണ്ണൂരുകാരന്‍ ഫാറൂഖ് പടിക്കല്‍, ഇത്തവണ പേരാമ്പ്ര മണ്ഡലത്തില്‍ മത്സരിച്ച സി.എച്ച്. ഇബ്രാഹിംകുട്ടി, പിന്നെ ഞാനും. രണ്ടായിരം ഏപ്രില്‍ ഇരുപത്തിയാറിനായിരുന്നു ആ വിവാഹം. 

മലേഷ്യയില്‍ കഴിയുകയായിരുന്ന ഛോട്ടാ രാജനു പകരം സഹോദരി സുജാതാ നിക്കാല്‍ജെ അന്ന് നേതൃസ്ഥാനത്തുനിന്നു. അസൂയപ്പെടുത്തുന്ന കുടുംബജീവിതവുമായി അവനിപ്പോള്‍ നവിമുംബൈയിലുണ്ട്. സൗകര്യത്തിന് നമുക്കവനെ ബാബു എന്ന് വിളിക്കാം. 1980-ല്‍ ദാവൂദ്, സമദ്ഖാന്‍ എന്നിവരെ അടുത്തുവെച്ചു കണ്ടു. അസീസ് ദിലീപ്, കരീംലാല, ഹാജി മസ്താന്‍, വരദരാജ മുതലിയാര്‍, രാജന്‍ നായര്‍, കാളിയ ആന്റണി, അരുണ്‍ ഗാവ്ലി, വിനോദ് ഷെട്ടി തുടങ്ങി ഒട്ടേറെ അധോലോക നായകരെയും കണ്ടു. കൗമാരത്തില്‍ തുടങ്ങിയ പരദേശബന്ധം ജീവിതം കരുപ്പിടിപ്പിക്കാനുള്ള കൊതികൊണ്ട് മൂന്നരപ്പതിറ്റാണ്ട് നീണ്ടുപോയി. അതില്‍ ഒരു പാതി മുംബൈയ്ക്കും മറുപാതി ദുബായ്ക്കും നല്‍കി. ഇപ്പോള്‍ ജീവിതത്തെ സുരക്ഷിതമാക്കിനിര്‍ത്തി കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ ഓര്‍മകളുടെ മഹാപ്രവാഹം പിടിച്ചുലയ്ക്കുന്നു. ജയില്‍, ലഹരി, മസറ, പ്രണയം, പട്ടിണി...

ഈയടുത്ത് ഇത്തരം ഓര്‍മകളെ ചേര്‍ത്തുവെച്ച് 'തെരുവില്‍നിന്നൊരാള്‍' എന്നപേരില്‍ ഒരു പുസ്തകമെഴുതി. എല്ലാ പ്രതികളും വളരെപ്പെട്ടെന്ന് വിറ്റുപോയ ആ കൃതി രണ്ടാം പതിപ്പിന് ഒരുങ്ങിനില്‍പ്പാണ്. വാരാന്തപ്പതിപ്പിലെ ലേഖനം ഒരര്‍ഥത്തില്‍ എന്നെപ്പോലെ എണ്‍പതുകളില്‍ മുംബൈയില്‍ ജീവിച്ച ഒട്ടേറെ മലയാളികള്‍ക്ക് ഒരോര്‍മപുതുക്കലാണ്. ഒട്ടേറെപ്പേരുടെ ജീവിതം പച്ചപിടിച്ചതും കരിഞ്ഞതും ഈ നഗരത്തില്‍വെച്ചാണ്. ഒരിക്കല്‍ അവിടെ ജീവിച്ച മലയാളിക്ക് പിന്നീടൊരിക്കലും തള്ളിപ്പറയാന്‍ കഴിയാനാവാത്ത അമ്മവീടാണ് മുംബൈ എന്ന് പറയാതെവയ്യ.