അഗളി: മുഷിഞ്ഞസഞ്ചിയില്‍ സൂക്ഷിച്ച അരി വിശപ്പടക്കാനുള്ള ചോറാക്കിമാറ്റാന്‍ അന്ന് അവന് സാധിച്ചിരുന്നില്ല. കാട്ടരുവിയിലൂടെ ഒഴുകിയ വെള്ളംപോലും കാടിന്റെമകന്റെ ജീവിതത്തിലെ അവസാനനിമിഷം ദാഹമടക്കാന്‍ ആരും നല്‍കിയതുമില്ല. 2018 ഫെബ്രുവരി 22-നായിരുന്നു കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം. മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു (30) മര്‍ദനമേറ്റ് മരിച്ചിട്ട് തിങ്കളാഴ്ച മൂന്നുവര്‍ഷം തികയുകയാണ്. പക്ഷേ, കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. കൊല്ലപ്പെട്ട് മൂന്നുവര്‍ഷം തികയുമ്പോഴും ആ യുവാവിന്റെ കുടുംബത്തിന് ലഭിക്കേണ്ട സ്വാഭാവികനീതി എത്തിയില്ല.

പ്രദേശവാസികളായ 16 പേരെ പ്രതിചേര്‍ത്താണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണംനടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, പോലീസ് ശേഖരിച്ച തെളിവുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതോടെയാണ് വിചാരണ നീണ്ടുപോയത്. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് നല്‍കണമെങ്കില്‍ കോടതി ഉത്തരവ് നല്‍കണം. മാര്‍ച്ചില്‍ ഇതുസംബന്ധിച്ച ഉത്തരവ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടൊപ്പം വിചാരണനടപടികള്‍ക്കുള്ള തീയതിയും നിശ്ചയിക്കും. മണ്ണാര്‍ക്കാട്ടെ പ്രത്യേക പട്ടികജാതി, പട്ടികവര്‍ഗ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.

2018 ഫെബ്രുവരി 22-നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകന്‍ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്നപേരിലാണ് ആള്‍ക്കൂട്ടം പിടികൂടി മര്‍ദിച്ചത്. തുടര്‍ന്ന്, പോലീസിന് കൈമാറിയ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിക്ക് മരിക്കുകയായിരുന്നു. മധുവിനെ മര്‍ദിച്ചവര്‍ അതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ പ്രതിഷേധം പടര്‍ന്നു.

17 വയസ്സുമുതല്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മധു വര്‍ഷങ്ങളായി വീട്ടില്‍നിന്നകന്നാണ് താമസിച്ചിരുന്നത്.

നീതികിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് മല്ലി

ചിണ്ടക്കി സെക്കന്‍ഡ് സൈറ്റിനുസമീപത്തെ പഴയ ഊരില്‍ മധുവിന്റെവീട്ടില്‍ അമ്മ മല്ലിയും സഹോദരി സരസുവുമുണ്ട്. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ കേസിനുപിന്നാലെ ഉണ്ടെന്നും നടപടി വേഗമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മല്ലി പ്രതികരിച്ചു.

മല്ലിയും സരസുവും അങ്കണവാടി ജീവനക്കാരാണ്. മറ്റൊരു സഹോദരി ചന്ദ്രിക അഗളി പോലീസ് സ്റ്റേഷനില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറാണ്.

മധു മരിച്ചസമയത്ത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്, ചന്ദ്രികയ്ക്ക് ജോലിയും മധുവിന്റെ വീടുവരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുമെന്നും കുടിവെള്ളമെത്തിക്കുമെന്നുമാണ്. സഹോദരിക്ക് ജോലികിട്ടി. വീടുവരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്തു. കുടിവെള്ളം ഇനിയും എത്തേണ്ടതുണ്ടെന്ന് മല്ലിയും സരസുവും പറഞ്ഞു.

Content Highlights: attappadi madhu death case