മഞ്ചേരി: ബാങ്കുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് എ.ടി.എം. കാര്‍ഡുനമ്പര്‍ കൈക്കലാക്കി പണംതട്ടുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി. ജാംതാര ജില്ലയിലെ കര്‍മാതര്‍ സ്വദേശികളായ ബദ്രിമണ്ഡല്‍ (23), ആശാദേവി (45) എന്നിവരെയാണ് മഞ്ചേരി സി.ഐ. എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേരെ കൂടി പിടികിട്ടാനുണ്ട്. മഞ്ചേരി സ്വദേശിയായ യുവാവിന്റെ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസാണ് പ്രതികളിലെത്തിയത്. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നെന്ന പേരിലാണ് വിളിച്ചത്. എ.ടി.എം. കാര്‍ഡ് ബ്ലോക്കായിട്ടുണ്ടെന്ന് അറിയിച്ചു. അതുമാറ്റാന്‍ ഫോണിലേക്കുവന്ന ഒ.ടി.പി. നമ്പര്‍ പറഞ്ഞുകൊടുക്കണമെന്നും അറിയിച്ചു. നമ്പര്‍ പറഞ്ഞുകൊടുത്തതോടെയാണ് ഒന്നരലക്ഷം രൂപ തട്ടിയെടുത്തത്. ഇ വാലറ്റുവഴിയാണ് പണം പിന്‍വലിക്കുന്നത്.

മഞ്ചേരി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് തട്ടിപ്പിന്റെ ഉറവിടം ജാര്‍ഖണ്ഡാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടുമാസം മുമ്പ് അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും പോലീസ് സാന്നിധ്യം മനസ്സിലാക്കി പ്രതികള്‍ രക്ഷപ്പെട്ടു. നക്സല്‍ബാധിത പ്രദേശമായതിനാല്‍ തിരച്ചില്‍ നടത്തുന്നതിനും പരിധിയുണ്ടായിരുന്നു.

ദേവ്ഗഡിലെ സാറത്തില്‍ പരിശോധന നടത്തുമ്പോള്‍ ജനക്കൂട്ടം അക്രമാസക്തമായതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഒരാഴ്ച പോലീസ് കാത്തിരുന്നെങ്കിലും പ്രതികളെ കിട്ടിയില്ല.

ഫെബ്രുവരി 24-ന് വീണ്ടും അന്വേഷണസംഘം ജാര്‍ഖണ്ഡിലെത്തി ഇവരെ പിടികൂടാന്‍ ശ്രമിച്ചു. സായുധസേന ഉള്‍പ്പെടെയുള്ള പ്രദേശത്തെ പോലീസിന്റെ സഹായത്തോടെയാണ് ആശാദേവി പിടിയിലായത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സംഘത്തിലെ ബദ്രി മണ്ഡലിനെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഇയാള്‍ ഇപ്പോള്‍ ജാര്‍ഖണ്ഡ് ജയിലില്‍ റിമാന്‍ഡിലാണ്.

ദീപക് മണ്ഡല്‍, മഹേഷ് മണ്ഡല്‍, സപ്നാദേവി എന്നിവരെയാണ് പിടികൂടാനുള്ളത്. ആശാദേവിയെ കോടതി റിമാന്‍ഡ് ചെയ്തു.

അമ്പരപ്പിക്കുന്ന വിവരങ്ങളുമായി പോലീസുകാര്‍

ജംതാരയിലെ കര്‍മാതര്‍ ഗ്രാമമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രമായി മാറിയത്. കേസില്‍ സംശയിച്ച അഞ്ചുപ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ എട്ടുമുതല്‍ 10 ലക്ഷം രൂപവരെ എത്തിയതായി കണ്ടെത്തി. രാജ്യത്താകമാനം ഇവര്‍ തട്ടിപ്പുനടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മുമ്പ് കവര്‍ച്ച, കൊള്ള എന്നിവയിലൂടെ കുപ്രസിദ്ധി നേടിയ ഗ്രാമം കാലത്തിനൊപ്പം മാറിയപ്പോഴാണ് ഓണ്‍ലൈന്‍ തട്ടിപ്പിലേക്ക് തിരിഞ്ഞത്. മേലനങ്ങാതെ തന്നെ ലക്ഷങ്ങള്‍ ൈകയില്‍ വന്നതോടെ മുമ്പ് കുടിലുകളുണ്ടായിരുന്ന സ്ഥാനത്ത് ആഡംബരക്കെട്ടിടങ്ങള്‍ വന്നു. 

ഇ. വാലറ്റുവഴി പണം കവരുന്നതിനാല്‍ അന്വേഷണം കൂടുതലും ഇവരിലേക്ക് എത്താറില്ല. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ പലപ്പോഴും കമ്പനികള്‍ പോലീസിന് നല്കാറുമില്ല. എന്നാല്‍ ഇത്തവണ പോലീസിന് അവരില്‍നിന്ന് സഹായം ലഭിച്ചു. അതോടെയാണ് ജാര്‍ഖണ്ഡാണ് തട്ടിപ്പിന്റെ കേന്ദ്രമെന്ന് കണ്ടെത്തിയത്. ഫോണ്‍ നമ്പര്‍ ദിനംപ്രതി മാറ്റുന്നതിനാല്‍ അത് അന്വേഷണത്തെ സഹായിച്ചില്ല. എന്നാല്‍ മഞ്ചേരി സ്വദേശിയെ വിളിച്ച സമയത്തെ ഫോണ്‍വിവരങ്ങള്‍ സഹായമായി. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പോലീസ് കര്‍മാതറില്‍ എത്താറുണ്ടെങ്കിലും വെറും കൈയോടെയാണ്‌ മിക്കപ്പോഴും മടക്കം. നക്സലൈറ്റ് ഭീഷണിയും ഗ്രാമവാസികളുടെ എതിര്‍പ്പുംതന്നെ കാരണം. പരിചിതനല്ലാത്ത ഒരാള്‍ അതിര്‍ത്തിയിലെത്തിയാല്‍ വിവരം എല്ലാവരെയും അറിയിക്കാന്‍ സംവിധാനമുണ്ട്. ഇതെല്ലാം മറികടന്നാണ് മഞ്ചേരി പോലീസ് രണ്ടുപ്രതികളെ പിടികൂടിയത്. ആദ്യതവണ എത്തിയപ്പോള്‍ സാറത്ത് എന്ന സ്ഥലത്ത് ജനക്കൂട്ടം ആക്രമിക്കാനൊരുങ്ങി. അതോടെ ശ്രമം പരാജയപ്പെട്ടു. രണ്ടാംതവണ സായുധപോലീസിന്റെ സഹായത്തോടെയാണ് ആശാദേവിയെയും ബദ്രിമണ്ഠലിനെയും പിടികൂടിയത്. 

എസ്.ഐ. റിയാസ് ചാക്കീരി, എന്‍.എം. അബ്ദുല്ല ബാബു, എസ്.എ. മുഹമ്മദ് ഷാക്കിര്‍, കെ.വി. ഉണ്ണികൃഷ്ണന്‍, പി. മുഹമ്മദ് സലീം, കെ. ജിജി, പി. നിഖില എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

തട്ടിപ്പിന്റെ രീതി ഇങ്ങനെ

ആളുകളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകളും ഇ- വാലറ്റ് അക്കൗണ്ടുകളും തയ്യാറാക്കുന്നു. നാലോ അഞ്ചോ പേരുള്ള ചെറുസംഘങ്ങളായി ചേര്‍ന്ന് തട്ടിപ്പിന് കളമൊരുക്കുന്നു. അതില്‍ ഒന്നോ രണ്ടോ പേര്‍ സ്മാര്‍ട്ട് ഫോണുകളില്‍ വാലറ്റ് റീ ചാര്‍ജ് ചെയ്യുന്നതിന് കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്യുന്ന ഫോം തുറന്നുവെക്കും. 

മറ്റുള്ളവരുടെ ൈകയിലെ ഫോണുകളില്‍നിന്ന് വിവിധ നമ്പറുകളിലേക്ക് വിളിച്ച് ബാങ്കുകളുടെ മുഖ്യശാഖയില്‍നിന്നാണെന്ന് പരിചയപ്പെടുത്തും. വെരിഫിക്കേഷനാണെന്നും അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാനാണെന്നും പറഞ്ഞ് എ.ടി.എം. കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചറിയും. ഒ.ടി.പി. നമ്പറും കൈക്കലാക്കുന്നതോടെ പണം ഇ വാലറ്റിലേക്കെത്തുന്നു. തുടര്‍ന്ന് പണം അക്കൗണ്ടുകളിലേക്ക് മാറ്റുന്നു.

Content highlights: Crime news, Money, Arrest, Manjeri,