വാഷിങ്ടൺ: യു.എസിലെ അറ്റ്ലാന്റയിൽ മസാജ് പാർലറുകളിൽ വെടിവെപ്പ് നടത്തിയ 21-കാരൻ കടുത്ത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർ കൈമാറിയ വിവരങ്ങളും പിടിയിലായ റോബർട്ട് ആരോൺ ലോങ്ങിനെ നേരത്തെ പരിചയമുള്ളർ പറഞ്ഞ കാര്യങ്ങളും ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങൾ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ജോർജിയ സ്വദേശിയായ റോബർട്ട് ആരോൺ കഴിഞ്ഞദിവസമാണ് അറ്റ്ലാന്റയിലെ മൂന്ന് മസാജ് പാർലറുകളിൽ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ ആറ് ഏഷ്യക്കാരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണം ഏഷ്യക്കാരെ ലക്ഷ്യമിട്ടാണെന്ന വാദങ്ങൾ തള്ളിക്കളയുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. അറസ്റ്റിലായതിന് ശേഷം പ്രതി നൽകിയ മൊഴികളും മറ്റു വെളിപ്പെടുത്തലുകളും അടിസ്ഥാനമാക്കിയാണ് വംശീയ ആക്രമണമാണെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നത്. വംശീയവെറി മാത്രമാണ് ആക്രമണത്തിന് കാരണമെന്ന് പറയാനാകില്ലെന്നും പ്രതിയുടെ ലൈംഗിക ആസക്തിയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

കടുത്ത ലൈംഗിക ആസക്തിയുള്ള പ്രതി അശ്ലീലചിത്രങ്ങൾക്കും അടിമയായിരുന്നു. സ്പാകളും മസാജ് പാർലറുകളും തന്നെ പലപ്പോഴും പ്രലോഭിപ്പിച്ചിരുന്നതായാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. അതിനാൽ ഇതെല്ലാം ഇല്ലാതാക്കുകയായിരുന്നു തന്റെ ആഗ്രഹമെന്നും റോബർട്ട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഹോളി സ്പ്രിംഗ്സിലെ കടയിൽനിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച തോക്ക് വാങ്ങിയതെന്നും ഇത് നിയമവിധേയമായാണ് വിൽപന നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ, റോബർട്ട് ലൈംഗികതയ്ക്കും അശ്ലീലചിത്രങ്ങൾക്കും അടിമയാണെന്ന് വെളിപ്പെടുത്തി ഇയാളെ നേരത്തെ പരിചയമുള്ള 35-കാരനും രംഗത്തെത്തി. അറ്റ്ലാന്റയിലെ പുനരധിവാസ കേന്ദ്രത്തിൽ റോബർട്ടിനൊപ്പം താമസിച്ച ടെയ്ലർ ബേയ്ലസ് എന്നയാളാണ് കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

മയക്കുമരുന്നിന് അടിമയായി ടെയ്ലർ ചികിത്സ തേടിയ സമയത്താണ് റോബർട്ടും കേന്ദ്രത്തിലെത്തുന്നത്. 2019 അവസാനം മുതൽ 2020 ഫെബ്രുവരി വരെ റോബർട്ട് ചികിത്സാകേന്ദ്രത്തിലുണ്ടായിരുന്നു.

ലൈംഗിക ആസക്തി മാറ്റാനായി പതിവായി മസാജ് പാർലറുകൾ സന്ദർശിച്ചിരുന്ന വ്യക്തിയായിരുന്നു റോബർട്ട്. അമിതമായ ലൈംഗിക ആസക്തി മാറാനായാണ് അയാൾ ചികിത്സ തേടിയിരുന്നത്. അതേസമയം, കടുത്ത വിശ്വാസിയായ റോബർട്ടിന് താൻ ചെയ്യുന്ന കാര്യങ്ങളിൽ വലിയ കുറ്റബോധവുമുണ്ടായിരുന്നു. പലപ്പോഴും ഇത്തരം പ്രവൃത്തികളിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും ലൈംഗിക ആസക്തി കാരണം അതിനു കഴിഞ്ഞില്ലെന്നാണ് റോബർട്ട് അന്നുപറഞ്ഞത്. ഇക്കാര്യങ്ങളിൽ പശ്ചാത്തപിച്ചിരുന്ന റോബർട്ടിന് പ്രാർഥനയിലേക്കും മറ്റും മടങ്ങാൻ ആഗ്രഹിച്ചിരുന്നതായും ടെയ്ലർ വെളിപ്പെടുത്തി.

Content Highlights:atlanta spa shooting accused have sex addiction