പരവൂര്‍(കൊല്ലം): ചിതറിപ്പോയതും കരിഞ്ഞതുമായ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ അഴുകിയതിന്റെയും വെടിമരുന്നിന്റെയും രൂക്ഷഗന്ധം. കൂടെക്കൂടെ വീശുന്ന കാറ്റില്‍ ഇത് പരിസരങ്ങളിലേക്ക് വ്യാപിക്കുന്നു. ശുദ്ധീകരണത്തിനിടെ കിണറുകളില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നു. വീടുകളില്‍നിന്ന് പുറത്തിറങ്ങാനാവാത്ത മാനസികാവസ്ഥയുമായി പുറ്റിങ്ങല്‍ക്ഷേത്ര പരിസരവാസികള്‍. ദുരന്തം നടന്ന് ഒരാഴ്ചയോളമായിട്ടും പരവൂര്‍ സാധാരണ നിലയിലേക്കെത്തിയിട്ടില്ല.

തകര്‍ച്ചയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അതേപടി ദുരന്തസ്ഥലത്ത് കിടക്കുകയാണ്. പരിശോധനകള്‍ക്കായി ജെ.സി.ബി. ഉപയോഗിച്ച് നീക്കിയ തകര്‍ന്ന കോണ്‍ക്രീറ്റ് കമ്പപ്പുരയുടെ ഭാഗങ്ങള്‍ മാറ്റിയിട്ടില്ല. ഇനിയും തെളിവെടുപ്പുകള്‍ വേണ്ടിവരുമെന്നതിനാല്‍ ഇവയൊന്നും നീക്കം ചെയ്യാനോ ദുരന്തസ്ഥലം വൃത്തിയാക്കാനോ കഴിയുന്നില്ല. ഇതോടെ ദുര്‍ഗന്ധം കൂടുകയാണ്. ഇതും പരിസരവാസികളെ വിഷമിപ്പിക്കുന്നു. അധികനേരം ഈ ഗന്ധം ശ്വസിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍ ഒന്നും വകവയ്ക്കാതെയാണ് ദുരന്തസ്ഥലത്തേക്ക് സന്ദര്‍ശക പ്രവാഹം.

വീണുകിടക്കുന്ന കോണ്‍ക്രീറ്റുകള്‍ക്കടിയിലും മണ്ണിലുമൊക്കെ ശരീരാവശിഷ്ടത്തിന്റെ ചെറുഭാഗങ്ങള്‍ ഉണ്ട്. ഇതാണ് അഴുകിത്തുടങ്ങിയത്. പലതും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവില്ല. പരവൂരിലെ അന്തരീക്ഷത്തില്‍ നിശ്ചിത അളവില്‍ക്കൂടുതല്‍ സള്‍ഫറടക്കമുള്ള രാസപദാര്‍ഥങ്ങള്‍ തങ്ങുന്നുണ്ട്. ഇത് അസ്വസ്ഥതയുണ്ടാക്കും. കുറെദിവസംകൂടി രൂക്ഷഗന്ധം തുടരുമെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

കമ്പപ്പുര കത്തിത്തകര്‍ന്ന സ്ഥലവും മൈതാനത്ത് വെടിക്കെട്ട് നടത്തിയ ഭാഗവും പോലീസ് സംരക്ഷണത്തിലാണ്. ഇവിടെ പലഭാഗത്തായി 12 പോലീസുകാര്‍ കാവലിനുണ്ട്. തിരുവാഭരണം ഇരുന്ന കെട്ടിടവും കാവലിലാണ്. ഇതിനൊക്കെയെടുത്ത് കമ്പം കാണാന്‍ വന്ന ആരുടെയോ തകര്‍ന്ന സൈക്കിള്‍ ഇപ്പോഴും കാണാം.

വെള്ളിയാഴ്ച സി.പി.എം. പ്രവര്‍ത്തകരാണ് കിണറുകള്‍ വൃത്തിയാക്കാനിറങ്ങിയത്. പാര്‍ട്ടിയുടെ ടൗണ്‍, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ ഇരുപതോളം കിണറുകള്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച് ക്ലോറിന്‍ പൗഡര്‍ വിതറി. വൃത്തിയാക്കുന്നതിനിടെയാണ് ചില കിണറുകളില്‍ വെടിക്കെട്ടിന്റെയും മനുഷ്യശരീരത്തിന്റെയും ചെറുഭാഗങ്ങള്‍ കണ്ടത്. ഇനിയും തെളിവെടുപ്പ് തുടരാനുള്ള സ്ഥലം ഒഴിവാക്കി പരവൂര്‍ നഗരസഭയും ശുചീകരണം തുടങ്ങി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി. ഉത്സവത്തിന്റെ സമാപനംകുറിച്ച് ഞായറാഴ്ച പുലര്‍ച്ചെ നടന്ന വെടിക്കെട്ടാണ് ഒരിക്കലും മറക്കാനാവാത്ത ദുരന്തം വിതച്ചത്.