കൊച്ചി:നഴ്സ് ആൻലിയയുടെ മരണത്തിൽ വിശദീകരണവുമായി ഭർത്താവ് ജസ്റ്റിൻ. തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ ഓൺലൈൻ മാധ്യമത്തിന് നൽകുന്ന അഭിമുഖമെന്ന രീതിയിൽ സാമൂഹികമാധ്യമത്തിൽ എത്തുകയായിരുന്നു ഇയാൾ.

ഓഗസ്റ്റ് 25-ന് ആലുവാപ്പുഴയിലാണ് ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസിന്റെ മകളാണ്. തൃശ്ശൂർ മുല്ലശ്ശേരി അന്നകര വി.എം. ജസ്റ്റിനാണ് ഭർത്താവ്. വിവാഹത്തിനുശേഷം ആൻലിയയിൽ മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും ആൻലിയയോടുള്ള സ്നേഹംകൊണ്ടാണ് വിവാഹമോചനത്തിന് ശ്രമിക്കാതെയിരുന്നതെന്നും ജസ്റ്റിൻ അവകാശപ്പെടുന്നു. ഒരുവർഷം മുന്പുതന്നെ ആൻലിയയുടെ ചില ഡയറിക്കുറിപ്പുകൾ താനും അച്ഛനും കണ്ടിരുന്നു. പലതും ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു. നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആൻലിയയുടെ ശവസംസ്കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികൻ അറിയിച്ചതുകൊണ്ടാണ് മരണാനന്തരച്ചടങ്ങിൽ ഞാനും വീട്ടുകാരും പങ്കെടുക്കാതിരുന്നത്-ജസ്റ്റിൻ അവകാശപ്പെടുന്നു.

എന്നാൽ ജസ്റ്റിന്റെ വിശദീകരണം ആസൂത്രിതമാണെന്ന് ആൻലിയയുടെ അച്ഛൻ ഹൈജിനസ് പ്രതികരിച്ചു. വിവാഹനിശ്ചയശേഷം, തന്റെ വിവാഹസ്വപ്നങ്ങളാണ് ആൻലിയ ഡയറിയിൽ കുറിച്ചത്. പിന്നീട് മരണശേഷം ഡയറി തങ്ങളുടെ കൈയില്‍ കിട്ടിയപ്പോഴാണ് അവളുടെ വിഷമങ്ങളെല്ലാം രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ജസ്റ്റിന്റെയടുത്തുനിന്ന് ബെംഗളൂരുവിന് പോകുകയാണെന്നു പറഞ്ഞിറങ്ങിയ ആൻലിയയെ കാണാനില്ലെന്നു പറഞ്ഞ് പോലീസിൽ പരാതി നൽകിയതും മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരമാണെന്ന്  ഹൈജിനസ് ആരോപിച്ചു. ഒരു അഭിഭാഷകന്റെ പദ്ധതിപ്രകാരമാണ് ജസ്റ്റിൻ കൊലപാതകം പ്ളാൻ ചെയ്തത്. ഈ അഭിഭാഷകനെതിരേ നടപടിയെടുക്കണമെന്ന് ബാർ അസോസിയേഷന് പരാതി നൽകുമെന്നും ഹൈജിനസ് പറഞ്ഞു.

ഹൈജിനസിന്റെ പരാതിപ്രകാരം ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. ജസ്റ്റിൻ കോടതിയിൽ കീഴടങ്ങിയിരുന്നു. ജനുവരി 17-നാണ് ഇയാൾ പോസ്റ്റിട്ടത്.

Content Highlight: Anliya murder case; Husband justin statement