കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ ഏകമകൾ നോറയ്ക്കായി കൈകോർത്ത് അമേരിക്കയിലെ മലയാളി സമൂഹം. അച്ഛന്റെ കൈകളാൽ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകൾ ഒത്തൊരുമിക്കുന്നത്.

ക്നാനായ കത്തോലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക(കെ.സി.സി.എൻ.എ.)യുടെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന),നഴ്സിങ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ ഗോഫണ്ട് മീയിൽ കഴിഞ്ഞദിവസം മുതൽ പണം സ്വീകരിച്ചുതുടങ്ങി.

'നോറയുടെ ഭാവികാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാകും ഈ പണം വിനിയോഗിക്കുക. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേനയായിരിക്കും കുട്ടിയുടെ ചിലവുകൾക്കായി പണം വിനിയോഗിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ പതിനായിരം ഡോളറിലേറെ ലഭിച്ചു. എത്ര പണം ലഭിച്ചാലും അത് പൂർണമായും നോറയ്ക്ക് വേണ്ടി മാത്രമായിരിക്കും'- ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യൂ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഫ്ളോറിഡ കോറൽസ്പ്രിങ്സിലെ ആശുപത്രിയിൽനിന്ന് രാത്രി ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭർത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ പിന്നീട് ഒരു ഹോട്ടലിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Content Highlights:americal malayali organisation started crowd funding for merin joy daughter norah