ആലുവ: കൂട്ടക്കൊലയ്ക്കു ശേഷം പൈപ്പ് ലൈന്‍ റോഡിലെ വലിയ വീട്ടില്‍ ആരും താമസിക്കാനെത്തിയില്ല. വര്‍ഷങ്ങളോളം വീടും സ്ഥലവും അനാഥമായി കിടന്നിരുന്നു. പ്രദേശം കാടു പിടിച്ചതോടെ രാത്രികാലങ്ങളില്‍ അതുവഴി സഞ്ചരിക്കുന്നവര്‍ പോലും ഏറെ ഭയന്നു.
സാമ്പത്തികമായി ഏറെ മുന്നിട്ടുനിന്ന കുടുംബമായിരുന്നു അഗസ്റ്റ്യന്റേത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സാന്റോ കോംപ്ലക്സില്‍ ഒരു ഹാര്‍ഡ്വെയര്‍ കടയും നടത്തിയിരുന്നു.
അഗസ്റ്റ്യന്റെ വീടും സ്വത്തുക്കളും സംബന്ധിച്ച് തര്‍ക്കവും ഉണ്ടായിരുന്നു. ഭാര്യ ബേബിയുടെ ബന്ധുക്കളും സ്വത്തിനു വേണ്ടി വാദം ഉന്നയിച്ചു. ഒടുവില്‍ കോടതിയില്‍ കേസാവുകയും അഗസ്റ്റ്യന്റെ സഹോദരങ്ങള്‍ക്ക് സ്വത്ത് നല്‍കാന്‍ വിധിയുണ്ടാവുകയും ചെയ്തു.
പൈപ്പ് ലൈന്‍ റോഡിലെ വീട് ഇതിനോടകം തന്നെ ഇടിഞ്ഞ് ഉപയോഗശൂന്യമായി മാറിയിരുന്നു. വീടിരുന്ന സ്ഥലം, ചുണങ്ങുംവേലിയിലെ ഒരേക്കര്‍ റബ്ബര്‍ തോട്ടം, സാന്റോ കോംപ്ലക്സിലെ കടമുറിയിലെ ഹാര്‍ഡ്വെയര്‍ സാധനങ്ങള്‍ എന്നിവ സഹോദരങ്ങള്‍ക്ക് ലഭിച്ചു. കൂട്ടക്കൊല നടന്ന സ്ഥലം മുറിച്ച് മറ്റൊരാള്‍ക്ക് വിറ്റു. ഏതാനും വര്‍ഷം മുന്പ് ഇവിടെ പുതിയൊരു വീട് ഉയരുകയും ചെയ്തു. കടമുറിയിലെ സാധനങ്ങള്‍ മാറ്റിയതോടെ ഉടമ ഇലക്ട്രോണിക്‌സ് കട നടത്താന്‍ മറ്റൊരാള്‍ക്ക് മുറി വാടകയ്ക്ക് നല്‍കി.
അതേസമയം സംഭവത്തിനു ശേഷം ആന്റണിയെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി. ഇവര്‍ ഇപ്പോള്‍ കേരളത്തിനു പുറത്താണ്.