2001 ജനുവരി ആറ്, കേരളം നടുങ്ങിയ ആലുവ കൂട്ടക്കൊല നടന്ന ദിവസം. കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന എം.എ ആന്റണി മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യനെയും കുടുംബത്തെയും നിഷ്‌ക്കരുണം ഇല്ലാതാക്കിയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പകച്ചു. അഗസ്റ്റ്യന്റെ വീട്ടില്‍ എപ്പോഴും കയറിയിറങ്ങുന്ന ആന്റണി ഇങ്ങനെചെയ്യുമോ എന്നായിരുന്നു പലരുടെയും സംശയം. പക്ഷേ, സാഹചര്യ തെളിവുകളും ശാസ്ത്രീയതെളിവുകളും പ്രതി ആന്റണി തന്നെയാണെന്ന് ഉറപ്പിച്ചു. ഒടുവില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തതോടെ കേരളം ഞെട്ടിയ കൂട്ടക്കൊലക്കേസിന്റെ ചുരുളഴിയാന്‍ തുടങ്ങി. 

ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ആന്റണിയുടെ കൊലക്കത്തിക്കിരയായത്. 

2001 ജനുവരി ആറിന് രാത്രിയോടെയാണ് ആന്റണി പൈപ്പ് ലൈന്‍ റോഡിലെ അഗസ്റ്റ്യന്റെ വസതിയിലെത്തുന്നത്. അഗസ്റ്റ്യന്റെ കുടുംബവുമായി ആന്റണിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പേരിലാണ് അഗസ്റ്റ്യന്റെ സഹോദരി കൊച്ചുറാണി വിദേശത്തേക്ക് പോകാന്‍ സഹായിക്കാമെന്നേറ്റത്. എന്നാല്‍ പണം ആവശ്യം വന്നപ്പോള്‍ നല്‍കില്ലെന്നായിരുന്നു കൊച്ചുറാണിയുടെ മറുപടി. ജനുവരി ആറിന് രാത്രിയും ഇതേ ആവശ്യവുമായാണ് ആന്റണി ഇവരുടെ വീട്ടിലെത്തിയത്. ആദ്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് അഗസ്റ്റ്യനും ഭാര്യയും മക്കളും സെക്കന്‍ഡ് ഷോ സിനിമ കാണാനായി തിയേറ്ററില്‍ പോയി. ഇതിനിടെ ആന്റണി കൊച്ചുറാണിയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം തരില്ലെന്ന് കൊച്ചുറാണി ആവര്‍ത്തിച്ചതോടെ ആന്റണിയുടെ ഭാവംമാറി. വീട്ടിലെ വാക്കെത്തിയെടുത്ത് കൊച്ചുറാണിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ചെന്ന മാതാവ് ക്ലാര തൊമ്മിയും കൊലക്കത്തിക്കിരയായി. 

രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലെത്തിയ അഗസ്റ്റ്യനും  ഭാര്യയും മക്കളും കണ്ടത് കൊച്ചുറാണിയുടെയും ക്ലാരയുടെയും ചോരയില്‍ കുളിച്ച മൃതദേഹങ്ങള്‍. പക്ഷേ, വീടിനുള്ളില്‍ പതുങ്ങിയിരുന്ന ആന്റണി അവരെയും വെറുതെവിട്ടില്ല. നാലുപേരെയും ഒന്നൊന്നായി വെട്ടിനുറുക്കി. ആറുപേരും കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുംബൈ വഴി ദമാമിലുമെത്തി. 

Read Also: ആലുവ കൂട്ടക്കൊല: ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി...

ഇതിനിടെ, ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി പ്രതി ആന്റണി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. ആന്റണി തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചതോടെ ഇയാളെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് ഫെബ്രുവരി 18-ന് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസ് അന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്നും സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടും കൊല്ലപ്പെട്ട ബേബിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. സി.ബി.ഐയും വിശദമായ അന്വേഷണം നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാറ്റമുണ്ടായില്ല. എല്ലാ കോടതികളും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് 2010-ല്‍ ദയാഹര്‍ജി നല്‍കിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം ഹര്‍ജി തള്ളി. സുപ്രീംകോടതിയില്‍ ആദ്യംനല്‍കിയ പുന:പരിശോധന ഹര്‍ജിയും പിന്നീട് തള്ളിയതോടെ ആന്റണിക്ക് തൂക്കുമരം ഉറപ്പായി. 

മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവയ്ക്കുകയും ദയാഹര്‍ജി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു. ശിക്ഷ നടപ്പിലാക്കാനായി ആരാച്ചാര്‍മാരെ കണ്ടെത്തുകയും ഇവരെ പരിശീലനത്തിനായി തമിഴ്‌നാട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ 2014-ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം. ലോധയുടെ നിര്‍ണായക ഉത്തരവ് ആലുവ കൂട്ടക്കൊലക്കേസിലും വഴിത്തിരിവായി. വധശിക്ഷയ്‌ക്കെതിരായ പുന:പരിശോധന ഹര്‍ജി തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇതോടെ 2014-ലെ ഉത്തരവിന്റെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മകളും ചില അഭിഭാഷകരും വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.  2016-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. തുടര്‍ന്ന് പുന:പരിശോധന ഹര്‍ജിയില്‍ വാദം തുടരുകയും ഒടുവില്‍ ജസ്റ്റിസ് മദന്‍ ബി. ലാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കുകയുമായിരുന്നു. 

Content Highlights: aluva mass murder case history, no death sentence for ma antony