കുട്ടനാട്: അനിതയുടെ കൊലപാതകത്തില്‍ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കിയത് പോലീസിന്റെ മിടുക്ക്. സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചതിന് പിന്നാലെ തന്നെ പോലീസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇതില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. സൈബര്‍ സെല്ലില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതും പോലീസ് സഹായകരമായി. 

വഴിത്തിരിവായത് വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശം

ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് അരയന്‍തോടു പാലത്തിനു സമീപം അജ്ഞാത മൃതദേഹം പൊങ്ങിയെന്ന വിവരം പരക്കുന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം പോലീസ് നാടോടിസ്ത്രീയുടെ മൃതദേഹമെന്നു കരുതിയാണു കൈകാര്യം ചെയ്തത്.

മാധ്യമങ്ങളെ അത്തരത്തില്‍ അറിയിക്കുകയും ചെയ്തു. അതേസമയം, അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Also Read: മൂവരും ചേര്‍ന്ന് ലൈംഗികബന്ധം;പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു,ആറ്റില്‍ തള്ളി....

ചിത്രം സഹിതമുള്ള സന്ദേശം കണ്ട് പുന്നപ്ര സ്വദേശിക്ക് അത് അനിതയാണെന്നു സംശയം തോന്നി. പഞ്ചായത്തംഗം മുഖേന പോലീസിലറിയിച്ചു. അന്വേഷണത്തില്‍ ഒരു വര്‍ഷത്തോളമായി അനിത വീടു വിട്ടിട്ടെന്ന വിവരം ലഭിച്ചു. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായും കുട്ടികളുമായും ബന്ധമില്ലെന്നും അറിഞ്ഞു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, ഇവര്‍ ഭര്‍ത്താവിന് സുഖമില്ലെന്നുപറഞ്ഞ് ആലത്തൂരിലെ ജോലിസ്ഥലത്തുനിന്ന് ആലപ്പുഴയിലേക്കു പോയതായി അറിഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് സംശയിച്ചത്.

ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍, രണ്ടുസംഘങ്ങളായി അന്വേഷണം 

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന സൂചന നല്‍കിയിരുന്നു. കഴുത്തു ഞെരിച്ചതിന്റെ ഫലമായി ഞരമ്പുകള്‍ക്കും തൈറോയ്ഡ് ഗ്രന്ഥിക്കും തകരാര്‍ സംഭവിച്ചുവെന്നും വ്യക്തമായി. ഇതോടെ കൊലപാതകമെന്ന നിഗമനത്തില്‍ പോലീസെത്തി. എസ്.പിയുടെ നിര്‍ദേശപ്രകാരം രണ്ടു സംഘമായി അന്വേഷിക്കാന്‍ തീരുമാനിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ് കുമാര്‍, പുന്നപ്ര ഇന്‍സ്‌പെക്ടര്‍ എം. യഹ്യ, നെടുമുടി ഇന്‍സ്‌പെക്ടര്‍ എ.വി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളുണ്ടാക്കി.

ഒരു സംഘം മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു വിവരം നല്‍കിയപ്പോള്‍ ഇതരസംഘം വിവരങ്ങള്‍ക്കനുസരിച്ചു സ്ഥലങ്ങളിലെത്തി അന്വേഷണം നടത്തി. 

ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ പോലീസ് രജനിയുടെ വീട്ടില്‍

മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രബീഷിനെ പറ്റി പോലീസിനു വിവരം ലഭിച്ചെങ്കിലും നിലമ്പൂരിലെ മേല്‍വിലാസത്തിലായിരുന്നു നമ്പര്‍. അവിടത്തെ സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെങ്കിലും സംശങ്ങള്‍ പിന്നെയും ബാക്കി. നമ്പര്‍ ആലപ്പുഴയിലെ ടവര്‍ ലൊക്കേഷനില്‍ കാണിച്ചിരുന്നതുകൊണ്ടു പ്രതി ജില്ല വിട്ടിട്ടില്ലെന്ന് പോലീസ് കണക്കുകൂട്ടി. പ്രതികള്‍ എവിടെയെന്ന വിവരം അപ്പോഴും ലഭിച്ചിരുന്നില്ല.

അങ്ങനെയാണു പ്രബീഷിന്റെ നമ്പരില്‍നിന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തെന്ന വിവരം സൈബര്‍ സെല്‍ വഴി പോലീസിനു ലഭിക്കുന്നത്. ഭക്ഷണമെത്തിച്ചു നല്‍കിയ വീടിന്റെ മേല്‍വിലാസത്തിലൂടെ പോലീസിനു കൈനകരി തോട്ടുവാത്തല രജനിയുടെ വീട്ടിലേക്കുള്ള വഴി തെളിഞ്ഞു.

കുടുക്കിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ്

പ്രതി പ്രബീഷാണെന്ന വിവരം ലഭിച്ച പോലീസിന് കൈനകരിയിലെ വീട്ടില്‍നിന്ന് ഇവരെ പിടിക്കുകയെന്നതായിരുന്നു വെല്ലുവിളി. പോലീസ് വരുന്നെന്ന വിവരം ലഭിച്ചാല്‍ ആറിനോടു ചേര്‍ന്നുള്ള വീട്ടില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടാനിടയുണ്ടെന്നു പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് വേഷപ്രച്ഛന്നരായി രജനിയുടെ വീടിനോടു ചേര്‍ന്നുള്ള പരിസരങ്ങളില്‍ പോലീസ് നിലയുറപ്പിച്ചു. മൂന്നു പേര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന രജനിയുടെ വീട്ടിലെത്തി.

ആലപ്പുഴയില്‍ ഛര്‍ദിയും വയറിളക്കവും പടരുന്നുണ്ടെന്നും പ്രതികള്‍ ഭക്ഷണം വാങ്ങിയ അതേ ഹോട്ടലില്‍നിന്നുള്ള ഭക്ഷണംകഴിച്ച രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണെന്നും എത്രയുംവേഗം തങ്ങളോടൊപ്പം ആശുപത്രിയില്‍ എത്തണമെന്നും പ്രബീഷിനോടാവശ്യപ്പെട്ടു. ഇതു വിശ്വസിച്ച പ്രബീഷ് രജനിയും തന്നോടൊപ്പം ഭക്ഷണം കഴിച്ചെന്നും അവരെക്കൂടി ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരെയും വാഹനത്തില്‍ക്കയറ്റി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. യാത്രയുടെ ഒരു ഘട്ടത്തില്‍ എത്തിയത് പോലീസാണെന്ന് പ്രബീഷ് മനസ്സിലാക്കിയെങ്കിലും രക്ഷപ്പെടാന്‍ പഴുതുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല.

Content Highlights: alappuzha kuttanad anitha murder case accused rajani and prabeesh arrested 


Watch Video

Watch Video

ഈ കള്ളിലും കയറിലുമാണ് ജീവിതം; ചിറ്റൂരിന്റെ സ്വന്തം പാണ്ടിച്ചെത്ത്