രെയും അമ്പരിപ്പിക്കുന്ന ആൾമാറാട്ടം. ഒരാൾക്കും സംശയത്തിനിടനൽകാതെ പിടിച്ചുനിന്നത് 15 വർഷം. പക്ഷേ, അമ്മയുടെ മൊബൈലിലേക്കുള്ള ഒരൊറ്റ ഫോൺകോളോടെ തരുൺ ജിൻരാജ് എന്ന കൊലയാളിയുടെ നാടകം പൊളിഞ്ഞു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വർഷങ്ങളായി അന്വേഷണം നടത്തിയിരുന്ന സജിനി കൊലക്കേസിലെ പ്രതി 15 വർഷത്തിനുശേഷം 2018 ഒക്ടോബർ 25-ന് പിടിയിലായി. 2003-ലെ പ്രണയദിനത്തിൽ അഹമ്മദാബാദിനെ ഞെട്ടിച്ച മലയാളി യുവതിയുടെ കൊലപാതകത്തിലാണ് വർഷങ്ങൾക്ക് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്.

തൃശൂർ സ്വദേശികളായ കൃഷ്ണൻ-യാമിനി ദമ്പതികളുടെ മകളും ബാങ്ക് ജീവനക്കാരിയുമായിരുന്ന സജിനി(26) 2003-ലെ പ്രണയദിനത്തിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫെബ്രുവരി 14-ന് അഹമ്മബദാബാദിലെ വീട്ടിലാണ് സജിനിയുടെ മൃതദേഹം കണ്ടെത്തിയത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭർത്താവ് തരുൺ ജിൻരാജ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കവർച്ചാശ്രമത്തിനിടെ സജിനി കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് കവർച്ച നടന്നതിന് തെളിവുണ്ടാക്കാനും ശ്രമിച്ചു. പക്ഷേ, സജിനിയുടെ മാതാപിതാക്കളുടെയും പോലീസിന്റെയും സംശയം കായികാധ്യാപകനായ തരുണിലേക്ക് നീണ്ടതോടെ ഇയാൾ അഹമ്മദാബാദിൽനിന്നും മുങ്ങി.

പ്രണയദിന സമ്മാനമായി സജിനിയെ കൊലപ്പെടുത്തിയെന്ന് തരുൺ കാമുകിയെ വിളിച്ചറിയിച്ചെങ്കിലും കൊലപാതകവിവരമറിഞ്ഞ് യുവതി ഞെട്ടി. ഒരു കൊലക്കേസ് പ്രതിയോടൊപ്പം ജീവിക്കാനില്ലെന്ന് കാമുകി ഉറച്ചുപറഞ്ഞതോടെ തരുൺ ഡൽഹിയിലേക്ക് തിരിച്ചു. ഇതിനിടെ കോളേജിൽ തന്റെ ജൂനിയറായി പഠിച്ച പ്രവീൺ ഭട്ട്ലെ എന്നയാളുടെ സർട്ടിഫിക്കറ്റുകളും സ്വന്തമാക്കി. ജോലി നൽകാമെന്ന് പറഞ്ഞാണ് പ്രവീൺ ഭട്ട്ലെയുടെ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയത്. തുടർന്ന് പ്രവീൺ ഭട്ട്ലെ എന്ന പേരിൽ മറ്റു വ്യാജരേഖകളും നിർമിച്ചു. ഡൽഹിയിലും പൂണെയിലും പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്തു. 2009ൽ പൂണെയിലെ സഹപ്രവർത്തകയായിരുന്ന യുവതിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടുമക്കളുണ്ട്.

കേരളത്തിൽ കുടുംബവേരുകളുള്ള ജിൻരാജ്-അന്നമ്മ ദമ്പതികളുടെ മകനായ തരുൺ മാതാപിതാക്കൾ മരണപ്പെട്ടെന്ന് കള്ളംപറഞ്ഞാണ് പൂണെ സ്വദേശിനിയെ വിവാഹം കഴിച്ചത്. ഭാര്യയോടുപോലും തന്റെ യഥാർഥവ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് തരുണും കുടുംബവും ബെംഗളൂരുവിലേക്ക് താമസംമാറി. പ്രമുഖ ഐടി കമ്പനിയിൽ സീനിയർ മാനേജറായി. വർഷം ഇരുപതുലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങി ആഡംബര ഫ്ളാറ്റിൽ സുഖജീവിതം നയിച്ചു. ഇതിനിടെ അകന്ന ബന്ധുവെന്ന പേരിൽ മകനെ കാണാനായി അന്നമ്മ ഇടയ്ക്കിടെ ബെംഗളൂരുവിലെത്തുകയും ചെയ്തു.

പ്രതി മുങ്ങിയതോടെ അന്വേഷണംനിലച്ച സജിനി കൊലക്കേസ് 2012-ലാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. സജിനിയുടെ മാതാപിതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. അന്നമ്മയെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണത്തിൽ യാതൊരും തുമ്പും ലഭിക്കാതെ പോലീസ് സംഘം കുഴങ്ങി. ഇതിനിടെ അന്നമ്മയുടെ ബെംഗളൂരു യാത്രകൾ ശ്രദ്ധയിൽപ്പെട്ടത് നിർണായകമായി. ഫോൺകോളുകളും പരിശോധിച്ചു. ഇതോടെയാണ് ബെംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തിന്റെ ലാൻഡ്ലൈൻ നമ്പറിൽനിന്നുള്ള ഫോൺകോൾ പോലീസിന്റെ കണ്ണിലുടക്കിയത്. ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും ആറായിരത്തോളം പേർ ജോലി ചെയ്യുന്ന കമ്പനിയിൽ തരുൺജിൻരാജ് എന്നയാളെ മാത്രം കണ്ടെത്താനായില്ല.

അന്നമ്മയുടെ ഫോൺകോളുകൾക്കൊപ്പം ഇവരുടെ ബെംഗളൂരു യാത്രയും കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. പൂണെ സ്വദേശിനിയായ നിഷ എന്ന യുവതിയുടെ വീട്ടിലേക്കാണ് അന്നമ്മ പോകുന്നതെന്ന് പോലീസിന് പിടികിട്ടി. ഇവരുടെ ഭർത്താവ് ഐടി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞു. പക്ഷേ, അപ്പോഴും പ്രവീൺ ഭട്ട്ലെ എന്ന പേരിൽ അന്വേഷണം വഴിമുട്ടി. തുടർന്ന് ബെംഗളൂരുവിലെ സഹപ്രവർത്തകരെ ചിത്രം കാണിച്ചാണ് തരുൺ ജിൻരാജ് തന്നെയാണ് പ്രവീൺ ഭട്ട്ലയെന്ന് പോലീസ് ഉറപ്പിച്ചത്. കായികാധ്യാപകനായിരിക്കെ വിരലിന് പരിക്കേറ്റതിനാൽ ഈ അടയാളവും പ്രതിയെ തിരിച്ചറിയാൻ സഹായകമായി. തുടർന്ന് ഐടി സ്ഥാപനത്തിലെത്തി ക്രൈംബ്രാഞ്ച് സംഘം തരുൺ ജിൻരാജിനെ അറസ്റ്റ് ചെയ്തു. 15 വർഷം എല്ലാവരെയും കബളിപ്പിച്ച് പാവം ഓഫീസറെന്ന് അറിയിപ്പെട്ടിരുന്ന തരുൺ ജിൻരാജ് അഴിക്കുള്ളിലേക്ക്.

പ്രവീണിന്റെ രേഖകൾ സ്വന്തമാക്കി, പുതിയ ജോലി

ഗ്വാളിയോറിൽ ഫിസിക്കൽ എജുക്കേഷൻ വിദ്യാർഥിയായിരിക്കുമ്പോളാണ് പ്രവീണിനെ തരുൺ പരിചയപ്പെടുന്നത്. പിന്നീട് തരുൺ അഹമ്മദാബാദിലെ ഒരു സ്കൂളിൽ കായിക അധ്യാപകനായിരുന്നപ്പോൾ ജോലി ആവശ്യത്തിനായി പ്രവീൺ തന്റെ ബയോഡാറ്റ അയച്ചുകൊടുത്തു. ഈ രേഖകളാണ് ആൾമാറാട്ടം നടത്താൻ പ്രതിക്ക് തുണയായത്. ഇതുപയോഗിച്ച് പാസ്പോർട്ടും സംഘടിപ്പിച്ചിരുന്നു. രണ്ടുതവണ കമ്പനി ആവശ്യത്തിനായി അമേരിക്കയിലും പോയി. താനായി തരുൺ ബെംഗളൂരുവിൽ കഴിയുന്നതറിയാതെ പ്രവീൺ മധ്യപ്രദേശിലെ ഭോപാലിൽ കേന്ദ്രീയവിദ്യാലയത്തിൽ കായികാധ്യാപകനായി പ്രവേശിക്കുകയും ചെയ്തു. അറസ്റ്റിലായപ്പോളും താൻ പ്രവീൺ തന്നെയാണെന്ന് സ്ഥാപിക്കാൻ തരുൺ ശ്രമിച്ചു. പക്ഷേ, തെളിവുകൾക്കുമുന്നിൽ അയാൾക്ക് പിടിച്ചുനിൽക്കാനായില്ല.

ഭാര്യയെ കൊന്നത് കാമുകിക്കൊപ്പം ജീവിക്കാൻ

ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ തരുൺ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് കാമുകിക്കൊപ്പം ജീവിക്കാനാണെന്നാണ് പോലീസ് പറയുന്നത്. വിവാഹിതരായി മൂന്നുമാസമേ കഴിഞ്ഞിരുന്നുള്ളൂ. അഹമ്മദാബാദിലെ ഭോപാലിലുള്ള വീട്ടിൽ കവർച്ചക്കാർ സജിനിയെ കൊന്നുവെന്നായിരുന്നു അയാളുടെ ഭാഷ്യം. എന്നാൽ, പോലീസ് പിടിക്കുമെന്നായപ്പോൾ അയാൾ ആശുപത്രിയിൽനിന്ന് മുങ്ങി. കാമുകി കൈയൊഴിഞ്ഞതോടെയാണ് ആൾമാറാട്ടം നടത്തി ബെംഗളൂരുവിലെത്തിയത്. അവിടെ സഹപ്രവർത്തകയായ നിഷയെ പ്രണയിച്ച് വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ ഈ ബന്ധത്തിലുണ്ട്.

മാതാപിതാക്കൾ വാഹനാപകടത്തിൽ മരിച്ച അനാഥനാണ് താൻ എന്നായിരുന്നു എല്ലാവരെയും വിശ്വസിപ്പിച്ചത്. മധ്യപ്രദേശിലെ മന്ദസറിൽ കഴിയുന്ന അമ്മ അന്നമ്മയെ അമ്മായിയായി പരിചയപ്പെടുത്തി. നിഷയും അന്നമ്മയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് ക്രൈംബ്രാഞ്ചിന് പ്രതിയിലേക്കുള്ള ആദ്യസൂചന നൽകിയത്.

മലയാളിയായ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണർ ദീപൻ ഭദ്രൻ ഒരു പോലീസുകാരനെ മന്ദസറിലേക്കയച്ചു. അയാൾ അന്നമ്മയുടെ വീടിനടുത്ത് താമസിച്ച് അടുപ്പമുണ്ടാക്കി വിവരങ്ങൾ ശേഖരിച്ചു. പ്രവീൺ എന്ന പേരിനുപിന്നിൽ തരുൺ ആണെന്ന് ഉറപ്പാക്കുകയായിരുന്നു അവസാനത്തെ ജോലി. പരിക്കേറ്റ മോതിരവിരൽ തെളിവായി.

സജിനിയുടെ അച്ഛൻ ഒ.കെ. കൃഷ്ണൻ (80) കേസ് വിടാതെ പിന്തുടർന്നതാണ് പോലീസിനും പ്രേരണയായത്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ നേരിൽക്കണ്ട് പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് വീണ്ടും സക്രിയമായത്. കൊലയാളിയെപ്പറ്റി സൂചന നൽകുന്നവർക്കായി ഒരു ലക്ഷം രൂപ നൽകുമെന്ന് കൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. പ്രതിയെ വർഷങ്ങൾക്ക് ശേഷം പിടികൂടിയതിന് പിന്നാലെ ഈ പണവുമായി അദ്ദേഹം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എന്നാൽ, പാരിതോഷികം സ്വീകരിക്കാൻ നിർവാഹമില്ലെന്നും നിർധനയായ ഒരു പെൺകുട്ടിയുടെ വിവാഹത്തിനായി പണം ചെലവാക്കാമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.

Content Highlights:ahammedabad valentines day murder sajini murder case