ആലുവ: ആലുവ നഗരത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ കൊലചെയ്യപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചിട്ട് 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2001 ജനുവരി ആറിനായിരുന്നു സംഭവം. രാത്രി പതിനൊന്നോടെയാണ് കുടുംബം മുഴുവന്‍ കൊലചെയ്യപ്പെട്ട വിവരം മീറ്ററുകള്‍ മാത്രം അകലെയുള്ള പോലീസ് സ്റ്റേഷനിലെത്തിയത്.

സെയ്ന്റ് മേരീസ് സ്‌കൂളിനു സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്‌ളാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.

അന്വേഷണം ആന്റണിയിലേക്ക്

അഗസ്റ്റിന്‍, ബേബി എന്നിവരുടെ മൃതദേഹം കിടന്നതിനു സമീപം ഭിത്തിയില്‍ ചോര കൊണ്ട് അമ്പടയാളം വരച്ചിരുന്നു. റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. പല വഴികളിലും അന്വേഷണം നടത്തിയെങ്കിലും ഒടുവില്‍ ബന്ധുവായ ആന്റണിയിലേക്ക് പോലീസ് എത്തുകയായിരുന്നു.

ആലുവ മുനിസിപ്പല്‍ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണിക്ക് വിദേശത്ത് പോകാന്‍ കൊല്ലപ്പെട്ട കൊച്ചുറാണി സാമ്പത്തിക സഹായം നല്‍കാമെന്നേറ്റിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവ ദിവസം രാത്രി ഒന്‍പതോടെ ആന്റണി, അഗസ്റ്റ്യന്റെ വീട്ടിലെത്തി. വീട്ടുകാരുമായി സംസാരിച്ചിരിക്കെ അഗസ്റ്റ്യനും ഭാര്യയും മക്കളും തൊട്ടടുത്തുള്ള തിേയറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ പോയി. ഇവര്‍ പോയ ശേഷം ആന്റണി കൊച്ചുറാണിയോട് പണം ചോദിച്ചു, ഇല്ലെന്നറിയിച്ചപ്പോള്‍ തര്‍ക്കമായി. ഇതിനിടയില്‍ വാക്കത്തിയെടുത്ത് കൊച്ചുറാണിയെ വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ചെന്ന മാതാവിനെയും കൊലപ്പെടുത്തി.

താന്‍ വീട്ടില്‍ വന്നത് അറിയാമായിരുന്ന അഗസ്റ്റ്യനും കുടുംബവും കൊലപാതകത്തില്‍ തന്നെ സംശയിക്കുമെന്ന് ആന്റണിക്ക് ഉറപ്പായിരുന്നു. അഗസ്റ്റ്യനും കുടുംബവും വരുന്നതുവരെ കാത്തിരുന്ന ശേഷം അവരേയും വകവരുത്താന്‍ ആന്റണി തീരുമാനിച്ചു.

രാത്രി പന്ത്രണ്ടോടെ അഗസ്റ്റ്യനും കുടുംബവും സിനിമ കഴിഞ്ഞെത്തിയപ്പോള്‍ ഇവരെയും ഓരോരുത്തരെയായി വെട്ടി കൊലപ്പെടുത്തി. സംഭവത്തിനു ശേഷം മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചുവരുത്തി ഫെബ്രുവരി 18-നാണ് അറസ്റ്റ് ചെയ്തത്.

സി.ബി.ഐ. എത്തുന്നു

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ദുരൂഹത മാറാത്തതിനെ തുടര്‍ന്ന് ബേബിയുടെ പിതാവായ മുളവരിക്കല്‍ ജോസും സഹോദരന്‍ രാജനും ചേര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു. സി.ബി.ഐ. അന്വേഷണത്തെ തുടര്‍ന്ന് 2005 ജനുവരിയില്‍ ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഇതിനിടയില്‍ മാസങ്ങളോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ആന്റണി ഇടയ്ക്ക് ജാമ്യത്തിലിറങ്ങി ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഒരു കടയില്‍ ജോലിക്ക് കയറിയിരുന്നു.

2004 ഒക്ടോബറിലാണ് കേസിന്റെ സാക്ഷി വിസ്താരം തുടങ്ങിയത്. ദൃക്സാക്ഷികള്‍ ഉണ്ടാകാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളാണ് ഉണ്ടായിരുന്നത്. 77 സാക്ഷികള്‍, 90 രേഖകള്‍, നൂറോളം തൊണ്ടി സാധനങ്ങള്‍ ഇവയെല്ലാം കോടതിയില്‍ ഹാജരാക്കി.

2005 ഫെബ്രുവരിയില്‍ ആന്റണിക്ക് കോടതി വധശിക്ഷ വിധിച്ചു. 2006-ല്‍ ഹൈക്കോടതി ഇത് ശരിവച്ചു. സുപ്രീംകോടതി ആദ്യം ഈ ഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും പിന്നീട് ശരിവച്ചു. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും അതും തള്ളി. പിന്നീടാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ച് ശിക്ഷ ജീവപര്യന്തമാക്കിയത്. ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ആന്റണി.

Content Highlights: after 17 years of aluva massacre, no death sentence for antony