മൂവാറ്റുപുഴ: ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവും ലഹരിവസ്തുക്കളും കടത്തുന്ന സംഘത്തിലെ പ്രധാനിയെ മൂവാറ്റുപുഴയില്‍ പിടികൂടി. ആറര കിലോ കഞ്ചാവ് സഹിതമാണ് ആന്ധ്രപ്രദേശ് സ്വദേശി പാംഗി പൂര്‍ണചന്ദറെ (37)എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കെ.എസ്.ആര്‍.ടി.സി. പരിസരത്തുനിന്ന് അറസ്റ്റിലാവുമ്പോള്‍ രണ്ടു ലക്ഷം രൂപയുടെ കഞ്ചാവാണ് ഇയാള്‍ കൈവശം വച്ചിരുന്നത്. 

വരുന്നത് മാവോവാദി ഊരുകളില്‍ നിന്ന്

ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ മാവോവാദി സ്വാധീനമുള്ള ആദിവാസി ഊരുകളില്‍ നിന്നാണ് കഞ്ചാവ് ഇവിടേക്ക് വരുന്നത്. കുറഞ്ഞ വിലയില്‍ കഞ്ചാവ് ശേഖരിച്ച് തീവണ്ടിമാര്‍ഗം കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പാംഗി. മലയാളികളും അന്യസംസ്ഥാന തൊഴിലാളികളും അടങ്ങുന്ന വിതരണ ശൃംഖലയും ഇയാള്‍ക്കുണ്ട്. മറ്റ് വിതരണക്കാരുടെ മൊത്ത വ്യാപാരിയായും പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. 

കുടുക്കിയത് എക്സൈസിന്റെ കെണി 

ഇടപാടുകാരെന്ന വ്യാജേന എക്സൈസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ മൂവാറ്റുപുഴ സ്റ്റാന്‍ഡിലെത്തി കഞ്ചാവ് കൈമാറാനൊരുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ഒരാളില്‍നിന്ന് ലഹരിവിപണിയുടെ പുതിയ കണ്ണികളെക്കുറിച്ച് സൂചനകള്‍ കിട്ടിയിരുന്നു. ഓര്‍ഡര്‍ കൊടുക്കുന്ന മുറയ്ക്ക് നാലഞ്ച് ദിവസത്തിനുള്ളില്‍ പ്രതി കഞ്ചാവ് സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതാണ് രീതി. കോട്ടയം, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ റോഡുപണിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന പ്രതി താമസിച്ചിരുന്നതും ഇവിടെയാണ്. മാസത്തില്‍ പലതവണ ഒഡിഷയില്‍ നിന്നും ആന്ധ്രയില്‍നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നുണ്ട്. ഇങ്ങനെ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് കിലോയ്ക്ക് 30,000 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഈ പ്രതികളില്‍ നിന്ന് വലിയ കണ്ണികളില്‍ ചിലരെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് സംഘം. 

Muvattupuzha
പാംഗി പൂര്‍ണചന്ദര്‍

മണം വരാതിരിക്കാന്‍ പെര്‍ഫ്യൂം

തീവണ്ടിയില്‍ കടത്തുന്ന കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാന്‍ പല പദ്ധതികളും ഇവര്‍ക്കുണ്ട്. പോളിത്തീന്‍ കവറിലാക്കി ബ്രൗണ്‍ ടേപ്പ് ഉപയോഗിച്ച് വലിച്ച് മുറുക്കി ഒട്ടിക്കും. ഇതിനു പുറത്ത് നല്ല മണമുള്ള പെര്‍ഫ്യൂം അടിക്കും. ഇതുമായി തീവണ്ടിയുടെ ലോക്കല്‍ കമ്പാര്‍ട്ടുമെന്റില്‍ ടിക്കറ്റെടുത്ത് കയറി ബെര്‍ത്തിന്റെ മുകളിലോ സീറ്റുകളുടെ അടിയിലോ കഞ്ചാവ് അടങ്ങിയ ബാഗ് ഇടും. ബാഗിന്റെ സമീപത്തുനിന്ന് മാറിയിരുന്നായിരിക്കും യാത്ര ചെയ്യുക. ഇറങ്ങേണ്ട സ്ഥലമാകുമ്പോള്‍ ബാഗുമെടുത്തുകൊണ്ട് പോവുകയും ചെയ്യും. 

കുട്ടികളെ കീഴടക്കാന്‍ സിന്തറ്റിക് പശ 

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ സിന്തറ്റിക് പശയായ ഫെവിക്കോളിന്റെയും ഫെവിഗ്ലൂവിന്റെയും ഉപയോഗം വര്‍ധിക്കുന്നതായി എക്സൈസ് സംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. മദ്യത്തിന്റെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് എക്സൈസ് അറിയിച്ചു. 

പ്രീവന്റീവ് ഓഫീസര്‍മാരായ വി.എ. ജബ്ബാര്‍, അസീസ് ഇ.എ., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യൂസഫലി എം.എ., കൃഷ്ണകുമാര്‍ എ.എം., അജീഷ് കെ.ജി., മനു ജോര്‍ജ്, രാജേഷ് കെ.കെ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വ്യാജമദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കറിച്ചുള്ള വിവരങ്ങള്‍ 0485 - 2832623, 94000 69564 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.