കൊച്ചി: അതിമാരക ലഹരിമരുന്നുമായി കൊച്ചിയില്‍ പിടിയിലായ സീരിയല്‍ നടി അശ്വതി ബാബു സ്ഥിരമായി ഗോവയില്‍ പോയിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനായിരുന്നു നടി ഗോവയില്‍ സന്ദര്‍ശനം നടത്തിയിരുന്നതെന്നും, ഇവിടെവെച്ചാണ് ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവാവിനെ പരിചയപ്പെട്ടതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. 

ഗോവയിലെ പാര്‍ട്ടികളില്‍വച്ചാണ് നടിയും ബെംഗളൂരുവില്‍ താമസിക്കുന്ന അരുണ്‍ എന്ന മലയാളി യുവാവും പരിചയത്തിലാകുന്നത്. പിന്നീട് അരുണ്‍ മുഖേനയാണ് നടിക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയ എം.ഡി.എം.എ ലഹരിമരുന്നും ബെംഗളൂരുവില്‍നിന്നാണ് എത്തിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നടിയെ കസ്റ്റഡിയില്‍ വാങ്ങാനിരിക്കെയാണ് ഇക്കാര്യങ്ങള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. അരുണിനെ പിടികൂടാനായി അന്വേഷണസംഘം ഉടന്‍തന്നെ ബെംഗളൂരുവിലേക്ക് തിരിക്കും. 

അതേസമയം, വിഷാദരോഗത്തില്‍നിന്ന് രക്ഷതേടിയാണ് താന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് നടി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. നടിയുടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും പാര്‍ട്ടികളും നടന്നതിനും പോലീസിന് തെളിവ് ലഭിച്ചു. ഗ്രാമിന് മൂവായിരം രൂപ വരെ ഈടാക്കിയാണ് നടി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇക്കാര്യങ്ങളെല്ലാം തെളിയിക്കുന്ന വോയിസ് ക്ലിപ്പുകളും വാട്‌സാപ്പ് സന്ദേശങ്ങളും പോലീസ് കണ്ടെടുത്തു. 

ഡിസംബര്‍ 16-നാണ് നടി അശ്വതി ബാബുവിനെയും സഹായി ബിനോയിയെും എം.ഡി.എം.എ മയക്കുമരുന്നുമായി തൃക്കാക്കര പോലീസ് പിടികൂടിയത്. നടിയുടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടികളും വില്‍പ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന. അറസ്റ്റിലായ രണ്ടുപേരും നിലവില്‍ റിമാന്‍ഡിലാണ്. 

Content Highlights: actress aswathy babu mdma case police investigation moves to bengaluru