ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെ കൊലപ്പെടുത്തിയ അഭിരാമി പതിവായി കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോകോള്‍ ചെയ്തിരുന്നു. വീഡിയോകോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. അഭിരാമിയുടെ അയല്‍വാസികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

ഒരിക്കല്‍ അഭിരാമിയുടെ വീട്ടില്‍നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് പോയതിന് ശേഷമായിരുന്നു മിക്കപ്പോഴും കാമുകനുമായി വീഡിയോകോള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതിനിടെ, അഭിരാമിയുടെ ഡബ്‌സ്മാഷ് വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  നൊന്തുപെറ്റ മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ അഭിരാമി കാമുകനൊപ്പവും അല്ലാതെയും ചെയ്ത ഡബ്‌സ്മാഷ് വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി രണ്ടുമക്കളെയും കൊലപ്പെടുത്തിയ അഭിരാമിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പലരും സോഷ്യല്‍മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. 

കുണ്ട്രത്തൂരില്‍ താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെ വിഷംനല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്. ഭര്‍ത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. മക്കളെ കൊന്നതിനുശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകന്‍ സുന്ദരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.