തൃശ്ശൂര്‍: പെണ്‍കുട്ടികളുമായി അടുപ്പംകൂടി അവരെ വലയിലാക്കുക, വിട്ടുപോകാതിരിക്കാന്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കുക. ദിവസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂരില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അഭിരാമി(24) ചില്ലറക്കാരിയല്ലെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരെ ചൂഷണം ചെയ്യുന്നതായിരുന്നു ഇവരുടെ പതിവ്. രണ്ട് വര്‍ഷം മുമ്പും സമാനമായ കേസില്‍ അഭിരാമിക്ക് നേരേ അന്വേഷണമെത്തിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ പോലീസിന് ഒന്നുംചെയ്യാനായില്ല. പക്ഷേ, ഇത്തവണ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കൃത്യമായ തെളിവുകള്‍ ശേഖരിച്ച് അഭിരാമിയെ പിടികൂടുകയായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വരന്തരപ്പിള്ളി സ്വദേശി അഭിരാമിയെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. മരണപ്പെട്ട പെണ്‍കുട്ടിയെ അഭിരാമി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്. ഇതിനായി പരമാവധി ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചു.

ടാറ്റൂ ആര്‍ട്ടിസ്റ്റെന്ന പേരിലാണ് അഭിരാമി പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. നേരത്തെ അന്തിക്കാട്ടെ മറ്റൊരു പെണ്‍കുട്ടിയുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. ഇതുവഴിയാണ് കഴിഞ്ഞവര്‍ഷം ജീവനൊടുക്കിയ പെണ്‍കുട്ടിയെയും പരിചയപ്പെടുന്നത്. ആദ്യത്തെ പെണ്‍കുട്ടിയും സമാനമായ രീതിയില്‍ രണ്ട് വര്‍ഷം മുമ്പേ ജീവനൊടുക്കി. അന്നും അഭിരാമിക്കെതിരേ ആരോപണമുയര്‍ന്നെങ്കിലും തെളിവുകളില്ലാത്തതിനാല്‍ നടപടിയുണ്ടായില്ല. ഇതിനുപിന്നാലെയാണ് കഴിഞ്ഞവര്‍ഷം ജീവനൊടുക്കിയ പെണ്‍കുട്ടിയുമായി അഭിരാമി കൂടുതല്‍ അടുപ്പം സ്ഥാപിക്കുന്നത്.

കൂട്ടുകാരിയുടെ മുഖമാണ് നിനക്കെന്നും, നിന്നെ കാണുമ്പോള്‍ കൂട്ടുകാരിയെ ഓര്‍മ്മ വരുന്നെന്നും പറഞ്ഞ് അഭിരാമി പെണ്‍കുട്ടിയെ മാനസികമായി സമ്മര്‍ദത്തിലാക്കി. ഇതിനിടെ, പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെ പ്രതിയുടെ സ്വഭാവംമാറി. എങ്ങനെയും ആ ബന്ധം നിര്‍ത്തണമെന്നതായിരുന്നു ലക്ഷ്യം. പലതവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ത്തി. ഒടുവില്‍ അഭിരാമിയുടെ ഭീഷണിക്കും മാനസികപീഡനത്തിനും വഴങ്ങി ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അകന്നു. അഭിരാമിയുടെ നിര്‍ബന്ധത്താല്‍ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് തീര്‍ത്തുപറഞ്ഞു. എന്നാല്‍ ഇതിനുശേഷവും ശാരീരികവും മാനസികവുമായ പീഡനം തുടര്‍ന്നതോടെ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണശേഷം അഭിരാമിയുമായുള്ള ബന്ധത്തെക്കുറിച്ച് ബന്ധുക്കള്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് സംഘം അന്വേഷണം വിപുലമാക്കിയത്. പ്രതിയുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. പ്രതി നിരന്തരം പീഡിപ്പിച്ചതിന്റെ തെളിവുകളാണ് ഫോണില്‍നിന്ന് കണ്ടെടുത്തത്. ഇതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവും ആത്മഹത്യാപ്രേരണാക്കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.

തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് എസ്.എച്ച്.ഒ. ലാല്‍ കുമാര്‍, എസ്.ഐ. കെ.അനുദാസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, ദുര്‍ഗ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: abhirami arrested in pocso case in thrissur