തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫി കേസില്‍നിന്ന് രക്ഷപ്പെടാന്‍ വൈദ്യശാസ്ത്രത്തിന്റെയും സഹായം തേടി. താന്‍ കന്യകയാണെന്ന് സ്ഥാപിക്കാനാണ് സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇക്കാര്യം വൈദ്യപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

2008 നവംബറില്‍ സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. അന്ന് നടത്തിയ പരിശോധനയില്‍ സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതായി തെളിഞ്ഞുവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനും പ്രോസിക്യൂഷന്‍ 29-ാം സാക്ഷിയുമായ ഡോ. രമയും മെഡി. കോളേജ് ഗൈനക്കോളജി വിഭാഗം മേധാവിയും 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐ. കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം അന്തിമവാദത്തിലും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങളെല്ലാം പ്രതിഭാഗം ശക്തമായി എതിര്‍ത്തു.

സിസ്റ്റര്‍ അഭയക്കും കുടുംബത്തിനും ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തല കിണറ്റിലെ പമ്പില്‍ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നും പ്രതിഭാഗം പറഞ്ഞിരുന്നു. 

Content Highlights: abhaya murder case hymenoplasty surgery done for sister sephy