താമരശ്ശേരി കൂടത്തായിയിലെ കൊലപാതക പരമ്പര  സമാനതകളില്ലാത്ത കുറ്റകൃത്യമാണ്. പൊട്ടാസ്യം സയനൈഡ് നൽകി ആറ്‌ കൊലപാതകങ്ങൾ ചെയ്തുവെന്ന് ആരോപിക്കപ്പെട്ട്‌ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ജോളിയമ്മ ജോസഫ് എന്ന ജോളി (47) എഴുതിച്ചേർത്തിരിക്കുന്നത് കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ പുതിയ ഒരേടാണ്‌. 14 വർഷത്തിനിടെ അത്യധികം കൃത്യതയോടെ നടപ്പാക്കിയ ആറ്  കൊലപാതകങ്ങൾ. സമൂഹത്തിൽ മാന്യത നിലനിർത്തി പ്രൊഫഷണൽ വൈദഗ്ധ്യത്തോടെ മനസ്സാന്നിധ്യം കൈവിടാതെയാണ്‌ ഓരോ കൊലപാതകവും നടത്തിയത്. ‘ബോൺ ക്രിമിനൽ’ എന്നുവരെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വത്തിന് ഉടമയാണ് ജോളി.

വിശകലനസാധ്യതകൾ

ഭർത്തൃമാതാവ് അന്നമ്മ തോമസിന്റെയും ഭർത്തൃപിതാവ്‌ ടോം തോമസിന്റെയും മരണത്തിൽ ആർക്കും സംശയം തോന്നാതിരുന്നത്, മരണംനടന്നത് എല്ലാവരുടെയും സാന്നിധ്യത്തിലായതുകൊണ്ടും രണ്ടുപേർക്കും പ്രായമായതുകൊണ്ടുമാണ്‌. പരിചയസമ്പന്നനായ ഒരു ഡോക്ടർക്ക് ഒന്നുരണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം കണ്ടാൽ പൊട്ടാസ്യം സയനൈഡ്‌ കാരണമാണ്‌ മരിച്ചതെന്ന് കണ്ടുപിടിക്കാൻ സാധിക്കും. മൃതദേഹഗന്ധവും  മറ്റുപ്രത്യക്ഷ ലക്ഷണങ്ങളും ഇത്‌ പറയും. എന്നാൽ, എന്തുകൊണ്ടാണത് തിരിച്ചറിയാൻ കഴിയാതിരുന്നത്? പരിചയസമ്പന്നരായ ഡോക്ടർമാരായിരിക്കില്ല മൃതദേഹങ്ങൾ പരിശോധിച്ചത്. ഇപ്പോൾ അറസ്റ്റിലായ ജോളിക്കും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കും പരിശോധിച്ച ഡോക്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞിരിക്കണം.  

കുറ്റകൃത്യത്തിലെ വൈദഗ്ധ്യം

ജോളിയ​ുടെ ആദ്യ ഭർത്താവ്‌ റോയ് തോമസിന്റെ മൃതദേഹംമാത്രമാണ് പോസ്റ്റുമോർട്ടംചെയ്തത്‌. അതിൽമാത്രമാണ്‌ പൊട്ടാസ്യം സയനൈഡിെന്റ സാന്നിധ്യം കണ്ടെത്തിയത്.  വിജയകരമായി വിഷംകൊടുക്കാൻ ജോളിക്ക് സാധിച്ചതുകൊണ്ടാണ് റോയ് തോമസ് കുളിമുറിയിലേക്ക് ഛർദിക്കാൻ പോയത്. ഭക്ഷണത്തിലെ വിഷവും കൊലയാളിയെയും റോയ്‌ തോമസ് തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം ജീവൻ രക്ഷിക്കാൻവേണ്ടി കുളിമുറിയിലെ വാതിൽ ഉള്ളിൽനിന്ന് പൂട്ടിയത്. മുമ്പുനടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷണത്തിലെ വിഷത്തിനുപുറമേ മറ്റേതെങ്കിലുംതരത്തിൽ തന്റെ മരണം ഉറപ്പുവരുത്തുമെന്ന്‌ റോയ്‌ തോമസ് തീർച്ചപ്പെടുത്തിയിരിക്കാം. ആ തിരിച്ചറിവാണ് കുളിമുറിയുടെ വാതിൽ ഉള്ളിൽനിന്ന് പൂട്ടാൻ റോയ്‌ തോമസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

മുകളിൽപ്പറഞ്ഞ സാധ്യത ശരിയാണെങ്കിൽ തന്റെ പ്രവർത്തനരീതികൾ മാറ്റുന്ന തലത്തിലേക്ക് കൊലയാളി വളർന്നെന്നുവേണം അനുമാനിക്കാൻ. പോസ്റ്റുമോർട്ടം ചെയ്യാൻ എതിർപ്പ് പ്രകടിപ്പിച്ച ജോളി ചൂണ്ടിക്കാട്ടിയത് കുളിമുറിയുടെ വാതിൽ ഉള്ളിൽനിന്ന് ലോക്ക്ചെയ്ത ആത്മഹത്യാസിദ്ധാന്തത്തിലേക്കാണ്. മുകളിൽപ്പറഞ്ഞ സാധ്യതകളിൽ ഒന്നിലെങ്കിലും ജോളിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽത്തന്നെ തന്റെ ജന്മസിദ്ധമായ കുറ്റകൃത്യസിദ്ധി ഉപയോഗിച്ച് വീണത് വിദ്യയാക്കാൻ അവർക്ക് സാധിച്ചുവെന്നതാണ് യാഥാർഥ്യം.

പങ്കാളിയുണ്ടോ?

ആദ്യത്തെ മൂന്നുകൊലപാതകത്തിന്റെ ലക്ഷ്യം സാമ്പത്തികമാണെങ്കിൽ പിന്നീടുള്ള മൂന്നുകൊലപാതകത്തിന്റെ ലക്ഷ്യം തെളിവുകൾ നശിപ്പിക്കുക എന്നതുകൂടിയാവണം. മഞ്ചാടിയിൽ മാത്യു കൊല്ലപ്പെടുന്നത് വീട്ടിൽ അദ്ദേഹം തനിച്ചുള്ളപ്പോഴാണ്. ജോളിയുടെ സാന്നിധ്യമൊഴികെ മറ്റൊരാളെക്കുറിച്ചുള്ള പരാമർശം എവിടെയുമില്ല. ആദ്യമേതന്നെ മൂന്നുമരണത്തിലെ ദുരൂഹതകളിൽ സംശയം പ്രകടിപ്പിച്ച മാത്യു, ജോളിയിൽനിന്ന് ഭക്ഷണമൊന്നും സ്വീകരിക്കാൻ സാധ്യതയില്ല. അതിനാൽ തനിച്ചോ മറ്റൊരാളുടെ സഹായത്തോടെ ബലംപ്രയോഗിച്ചോ ആയിരിക്കണം അദ്ദേഹത്തെ വിഷം കഴിപ്പിച്ചത്. 

ചടങ്ങിനുപോയപ്പോൾ വിഷബാധയേറ്റ അൽഫൈൻ ആശുപത്രിയിൽവെച്ച് മരിക്കുന്നത് മൂന്നുദിവസത്തിനുശേഷമാണ്. പൊട്ടാസ്യം സയനൈഡായിരുന്നു മരണത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ പെട്ടെന്ന് മരണം സംഭവിക്കേണ്ടതായിരുന്നു. അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിലായിരിക്കും വിഷം കൊടുത്തിട്ടുണ്ടാവുക. ഈ മരണത്തിൽ തെളിയേണ്ടത്‌ താഴെ സൂചിപ്പിച്ചിരിക്കുന്ന വസ്തുതകളാണ്.

ചടങ്ങിൽ പങ്കെടുത്ത അൽഫൈന്റെ ശരീരത്തിൽ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ എങ്ങനെയാണ് വിഷം കടന്നുചെന്നത്? മറ്റാരുടെയെങ്കിലും പങ്ക് ഈ കൃത്യത്തിൽ ഉണ്ടായിരുന്നോ?എന്തുരീതിയാണ് പൊട്ടാസ്യം സയനൈഡ് കൊണ്ടുപോകാനും ഉപയോഗിക്കാനും അവലംബിച്ചത്?

അവസാനമായി കൊല്ലപ്പെട്ട സിലി,  ഭർത്താവ് ഷാജു ദന്തരോഗവിദഗ്ധനെ കാണാൻപോയപ്പോൾ പരിശോധനമുറിക്കുപുറത്ത് ജോളിക്കൊപ്പമായിരുന്നു. പൊടുന്നനെ ഛർദിച്ച്‌ ജോളിയുടെ സാന്നിധ്യത്തിൽത്തന്നെ മരിച്ച സിലിയുടെ മരണത്തിനും അൽഫൈന്റെ മരണത്തിനുംതമ്മിൽ സാമ്യതകളേറെയാണ്.  അവസാനമായിനടന്ന മൂന്നുമരണങ്ങൾ; മഞ്ചാടിയിൽ മാത്യു, അൽഫൈൻ, സിലി എന്നിവ വീടിനുപുറത്താണ് സംഭവിച്ചിരിക്കുന്നത്. ജോളിയോടൊപ്പം മറ്റൊരാൾക്കും  ഈ മൂന്നുകൃത്യങ്ങളിലും തുല്യമായ മനസ്സറിവ് (Mens Ria) ഉണ്ടായിരുന്നിരിക്കണം; ഒരുപക്ഷേ സാന്നിധ്യവും(Actus Reus). 

ഒരു മുത്തുമാലപോലെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽമാത്രം കെട്ടിപ്പടുക്കുന്ന ഈ കേസിലെ അന്വേഷണം ഇപ്പോൾ തെളിവുകളുടെ പിറകെയാണ്. അന്വേഷണസംഘം കല്ലറ തുറന്നത് മറവുചെയ്ത മൃതദേഹങ്ങളിൽനിന്ന് പൊട്ടാസ്യം സയനൈഡിന്റെ സാന്നിധ്യം ഫൊറൻസിക് പരിശോധനയിലൂടെ കണ്ടെത്താനാണ്. എന്നാൽ, ഇതിനുള്ള സാധ്യത വളരെ വിരളമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ മേഖലയിൽ ഏറെ പ്രാവീണ്യമുള്ള ജമൈക്കയിലെ മുൻ ഡയറക്ടറും ചീഫ് ഫൊറൻസിക് പാതോളജിസ്റ്റുമായ ഡോ. ദിനേശ് റാവുവിന്റെ വാക്കുകൾ കടമെടുത്താൽ ഫൊറൻസിക് അന്വേഷണത്തിൽ പൊട്ടാസ്യം സയനൈഡിന്റെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സാധ്യത വളരെ വിരളമാണ്.  

അന്വേഷണത്തില്‍ നാളിതുവരെ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ച പ്രത്യേകാന്വേഷണസംഘം കണക്കിലെടുക്കേണ്ടതും കണ്ടുപിടിക്കേണ്ടതും താഴെ പ്രതിപാദിച്ച വസ്തുതകളാണ്.

മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ ടെസ്റ്റ് വഴി മൃതദേഹങ്ങളുടെ ആധികാരികത  ആധികാരികത (Identity) ഉറപ്പു വരുത്തണം. 
ശുഭാപ്തിവിശ്വാസത്തോടെ മൃതദേഹങ്ങളുടെ ഫോറന്‍സിക് അന്വേഷണം വഴി പൊട്ടാസ്യം സയനൈഡ്‌ന്റെ സാന്നിധ്യം കണ്ടുപിടിക്കാന്‍ ശ്രമിക്കണം.അവസാനമായി നടന്ന മൂന്ന് മരണങ്ങള്‍; മഞ്ചാടിയില്‍ മാത്യു, അല്‍ഫോണ്‍സ, സിനി എന്നിവ വീട്ടിനു പുറത്താണ് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ ജോളിയോടൊപ്പം കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ സാന്നിധ്യം കണ്ടുപിടിക്കേണ്ടത് നിര്‍ണായകമാണ്.

ഒന്നില്‍ കൂടുതല്‍ ലക്ഷ്യങ്ങളുള്ള ആറ് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. അതിനാല്‍ ജോളിക്ക് ഓരോ കുറ്റകൃത്യത്തിലും പങ്കാളിയായി ഉണ്ടാവുക പല വ്യക്തികള്‍ ആയിരിക്കും. അവരെ കണ്ടെത്തി തെളിവുകളോടെ അറസ്റ്റ് ചെയ്യുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രക്രിയ ആണ്.

പതിനാലു വര്‍ഷം മുമ്പ് ആദ്യ കൊലപാതകത്തിന് വേണ്ടി സംഘടിപ്പിച്ച പൊട്ടാസ്യം സയനൈഡന്റെ സ്രോതസ്സു മുതല്‍ പിന്നീട് ഓരോ കൊലപാതകത്തിനും വേണ്ടി സംഘടിപ്പിച്ച സയനൈഡന്റെ സ്രോതസ്സും അന്വേഷണ വിധേയമാക്കേണ്ടതാണ്.
വീട്ടിനുള്ളില്‍ പൊട്ടാസ്യം സയനൈഡ് സൂക്ഷിക്കാനും ഉപയോഗിക്കാനും അവലംബിച്ച രീതി പഠനാര്‍ഹമായ വിഷയമാണ്. ഈ മാര്‍ഗ്ഗം മാര്‍ഗ്ഗം ഉപയോഗിച്ചാണ് വീടിനുള്ളില്‍ വച്ച് ആദ്യത്തെ മൂന്ന് കൊലപാതകങ്ങള്‍ ജോളി ചെയ്തത്.

വീടിനു വെളിയില്‍ വെച്ച് നടന്ന മൂന്ന് കൊലപാതകങ്ങളില്‍ പൊട്ടാസ്യം സയനൈഡ് കൊണ്ടുപോകാനും ഉപയോഗിക്കുവാനും അവലംബിച്ച രീതി പ്രത്യേക അന്വേഷണ ശ്രദ്ധയാകര്‍ഷിക്കുന്നു. അതിമാരകമായ സൈനൈഡ് എളുപ്പത്തില്‍ പുറത്തുകൊണ്ടുപോയി ഉപയോഗിക്കാന്‍ കഴിയില്ലെന്നിരിക്കെ ജോളി ഒരു പ്രൊഫഷണല്‍ കില്ലറൂടെ വൈദഗ്ധ്യം കാണിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ.

മൃതദേഹത്തില്‍ ഉള്ള സയനൈഡിന്റെ സാന്നിധ്യം കണ്ടുപിടിക്കുന്നത് പോലെ പ്രാധാന്യമുള്ള പ്രക്രിയയാണ് ജോളിയുടെ കൈവശമുള്ള അവശേഷിക്കുന്ന സയനൈഡ് കണ്ടുപിടിക്കുക എന്നത്. അതിനു കഴിഞ്ഞാല്‍ കൊലപാതക പരമ്പരകളിലെ ശക്തമായ തെളിവായി സയനൈഡ് മാറും എന്നത് തീര്‍ച്ചയാണ്.

ഒസൃത്തിനെ സംബന്ധിച്ചു വ്യാജരേഖകള്‍ സൃഷ്ടിക്കാന്‍ ജോളിയെ സഹായിച്ചവര്‍ക്ക് ഈ കൊലപാതകങ്ങളില്‍ ഉള്ള പങ്കിനെ കുറിച്ച് അന്വേഷിക്കേണ്ടണ്.മറ്റു മൊഴികളോടും സാക്ഷികളോടും തെളിവുകളോടും ഒപ്പം ഇലക്ട്രോണിക് എവിഡന്‍സുഉം അന്വേഷണത്തില്‍ മുഖ്യപങ്കു വഹിക്കും.

അതിക്രൂരമായ മനസ്സിനൊപ്പം ആസൂത്രണ മികവും കൂട്ടിച്ചേര്‍ത്തു വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തില്‍ ഓരോരുത്തരെയായി കൊലപ്പെടുത്തിയ പ്രതിക്ക് കുറ്റബോധതിന്റ്‌റ ഒരു അംശം പോലും ഇല്ലായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. സാഹചര്യത്തെളിവുകള്‍കൊപ്പം സമര്‍ഥമായ അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളോടെ അടിസ്ഥാനത്തില്‍ കൃത്യം കോടതിയില്‍ തെളിയിക്കാനായാല്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ  പുതിയൊരു ഏടായി ഈ അന്വേഷണം ചാര്‍ത്ത പെടും. അതോടൊപ്പം തന്നെ അതിവിദഗ്ധമായി കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരിക്കും ഈ കേസില്‍ ഉള്ള കോടതി വിധി.

(ക്രിമിനോളജിസ്റ്റാണ് ലേഖകൻ)

Content Highlights: a criminologist writes about koodathai murder series and jolly