ക്രൈം ത്രില്ലറുകള്‍ എന്നും വായനക്കാരുടെ ആവേശമാണ്. കുറ്റകൃത്യങ്ങളുടെ പുതുവഴികളും ഭീതി നിറഞ്ഞ പുതുമകളും സമ്മാനിക്കുന്ന പുസ്തകങ്ങള്‍ പലപ്പോഴും ചൂടപ്പം പോലെയാണ് വിറ്റുപോകാറ്. അത്തരത്തില്‍ പുതുവര്‍ഷത്തില്‍ ലോകം കീഴടക്കിയ അഞ്ച് ക്രൈംത്രില്ലറുകളെ പരിചയപ്പെടാം. ദ ഗാര്‍ഡിയനാണ് ദ കോഴ്‌സെറ്റ് ,ബ്രദേഴ്‌സ് ഇന്‍ ബ്ലഡ്, ഓള്‍ ദിസ് ഐ വില്‍ ഗിവ് ടു യു, 
ഹാഫ് മൂണ്‍ ബേ, വൈല്‍ഡ് ഫയര്‍ എന്നിവയെ പുതുവര്‍ഷത്തെ 'ത്രില്ലിങ്' ബുക്കുകളായി തിരഞ്ഞെടുത്തത്. പശ്ചാത്തലം കൊണ്ടും ആഖ്യാന ശൈലികൊണ്ടും എല്ലാം ഒന്നിനൊന്നു വ്യത്യസ്തം.

The Corsetദ കോഴ്‌സെറ്റ്

വിക്ടോറിയന്‍ കാലത്തിന്റെ പഴക്കഭംഗിയുടെ പശ്ചാത്തലത്തില്‍ എഴുതിയ ക്രൈം ത്രില്ലര്‍. നിഗൂഢതയില്‍ പൊതിഞ്ഞ ചോരമണമുണ്ട് ലോറാ പഴ്‌സല്ലിന്റെ ഈ നോവലിന്. നീചയായ യജമാനത്തിയെ കൊലപ്പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ട റൂത്ത് ബട്ടര്‍ ഹാം എന്ന പതിനാറുകാരി. തുന്നല്‍ സൂചിയിലൂടെയും നൂലിഴയിലൂടെയും അതീന്ദ്രിയ ശക്തി തന്നിലേക്ക് പ്രവഹിക്കുന്നുവെന്ന മായാവിചാരങ്ങളില്‍ തടവലാക്കപ്പെട്ട പെണ്‍കുട്ടി. റൂത്തിന്റെ മനസില്‍ നിന്ന് അവളുടെ കഥ അടര്‍ത്തിമാറ്റി എടുക്കാന്‍ എത്തുന്ന ഡോറോത്തീ ട്രൂലൗവ് എന്ന ധനികയായ പ്രവാചക. പിതാവെന്ന പുരുഷന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായ പാതയിലൂടെ സഞ്ചരിച്ച റൂത്തും കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്നുള്ള വിവാഹത്തിലൂടെ മുള്‍പാതയിലൂടെ ജീവിതം നയിച്ച അവളുടെ അമ്മയും ഒരു കാലഘട്ടതതിന്റെ കഥാപാത്രങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീയെ എങ്ങനെയാണ് ആ സമൂഹം കടുപ്പമേറിയ ശിക്ഷകള്‍ കൊണ്ട് നീറിച്ചതെന്ന് കാട്ടിത്തരുന്നു ദ കോഴ്‌സെറ്റ്. 1762ല്‍ സഹായിയെ കടുത്ത പീഡനത്തിലൂടെ കൊലപ്പെടുത്തിയ കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട തൊപ്പിനിര്‍മ്മാണക്കാരി സാറാ മെറ്റിയാര്‍ഡിന്റെയും മകള്‍ സാലിയുടെയും യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോറാ പഴ്‌സെല്‍ നോവല്‍ രചിച്ചിരിക്കുന്നത്.

brothers in bloodബ്രദേഴ്‌സ് ഇന്‍ ബ്ലഡ്

ദ ഗാര്‍ഡിയന്റെ പട്ടികയില്‍ രണ്ടാം സ്ഥാനം ബ്രദേഴ്‌സ് ഇന്‍ ബ്ലഡാണ്. അമര്‍ അന്‍വറിന്റെ കന്നി നോവല്‍. പടിഞ്ഞാറന്‍ ലണ്ടന്‍ പശ്ചാത്തലമായ കഥാ പരിസരം. ജയില്‍ മോചിതനായ മുസ്ലീം സാഖ് ഖാന്‍ ഭൂതകാലത്തെ ചെപ്പിലടച്ച് പുതിയ ജീവിതം തേടുകയാണ്. പക്ഷെ സിഖ് വ്യവസായി ബ്രാറിന്റെ ജോലിക്കാരനാകുന്നതോടെ ജീവിതം മറ്റൊരു ദിശയിലേക്ക് കുതിക്കുകയാണ്. മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ യജമാനന്റെ മകളെ കണ്ടെത്താനാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. തിരിച്ചു കിട്ടുന്ന യുവതിയുടെ രണ്ട് സഹോദരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതോടെ സംഘര്‍ഷഭരിതമായി മാറുന്നു കഥാപുരോഗതി.

all this i will give to youഓള്‍ ദിസ് ഐ വില്‍ ഗിവ് ടു യു

സ്പാനിഷ് എഴുത്തുകാരി ഡൊളോറസ് റെഡോണ്ടോയുടെ ബെസ്റ്റ്‌സെല്ലര്‍. നോവലിസ്റ്റിന്റെ ധനികനായ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും സസ്പന്‍സുകളും നിറഞ്ഞ നോവല്‍. എന്നാല്‍ രചനാ ശൈലിയില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍പ്പിച്ചു ഈ നോവല്‍.

ഹാഫ് മൂണ്‍ ബേ half moon bay

ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച ഹാഫ് മൂണ്‍ ബേയാണ് നാലാമത്തെ ക്രൈം ത്രില്ലര്‍. ആലീസ് ലാപ്ല്ന്റിന്റെ തൂലികയില്‍ നിന്ന് പിറന്ന മറ്റൊരു കുറ്റാന്വേഷണ നോവല്‍.

wild fireവൈല്‍ഡ് ഫയര്‍

ദ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആന്‍ ക്ലീവ്‌സിന്റെ വൈല്‍ഡ് ഫയര്‍. ഷെറ്റ്‌ലാന്റ് പരമ്പരയിലെ എട്ടാമത്തെ പുസ്തകം. വൃദ്ധയായ എമ്മാ ഷെററിന്റെ മരണത്തിന്റെ വഴികളിലൂടെ ഡിറ്റക്ടീവ് ജിമ്മി പെരസ് നടത്തുന്ന യാത്രകളാണ് വൈല്‍ഡ് ഫയര്‍. 

 

Content Highlight:  5  top crime thriller books in 2019