തിരുവനന്തപുരം: സൂംബാ നൃത്തം പഠിക്കാനെത്തിയ യുവതികളുടെ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. മരുതംകുഴി കൂട്ടാംവിള സ്വദേശിയും കൃഷിവകുപ്പിലെ ക്ലാർക്കുമായ ആർ.എസ്.സനുവിനെ(30)യാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പരിശീലനത്തിനെത്തിയ യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

സനുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്കുകൾ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൃഷി വകുപ്പിൽ ക്ലാർക്കായി ജോലിചെയ്യുന്ന ഇയാൾ പാർട്ട്ടൈമായാണ് സൂംബാ പരിശീലനം നടത്തിയത്.

പരിശീലനത്തിന് എത്തുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണെന്ന് പോലീസ് പറഞ്ഞു. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും ഇയാളുടെ സംഘത്തിൽ കൂടുതൽപേർ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും സൈബർ പോലീസ് അറിയിച്ചു.