ന്യൂഡല്‍ഹി:  ആന്ധ്രപ്രദേശിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. സുനില്‍ യാദവ് എന്നയാളെയാണ് ഗോവയില്‍നിന്ന് സി.ബി.ഐ. സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി. 

വിവേകാനന്ദ റെഡ്ഡി കൊലക്കേസുമായി ബന്ധപ്പെട്ട് സുനില്‍ യാദവിനെ സി.ബി.ഐ. സംഘം നേരത്തെ ചോദ്യംചെയ്തിരുന്നു. ഇയാള്‍ക്കെതിരേ ചില തെളിവുകള്‍ ലഭിച്ചതോടെയാണ് ചോദ്യംചെയ്യലിലേക്ക് കടന്നത്. എന്നാല്‍ ഇതിനുപിന്നാലെ സുനില്‍ യാദവ് കുടുംബത്തോടൊപ്പം ഗോവയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് സി.ബി.ഐ. സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. 

2019 മാര്‍ച്ച് 15-നാണ് വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കടപ്പ ജില്ലയിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമല്ലെന്ന് കുടുംബാംഗങ്ങള്‍ തുടക്കംമുതലേ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിവേകാനന്ദ റെഡ്ഡിയുടെ മകള്‍ സുനിത റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേകസംഘത്തിന്റെ അന്വേഷണം ചോദ്യംചെയ്താണ് ഇവര്‍ കോടതിയെ സമീപിച്ചത്. ബന്ധുവായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയിട്ടും എന്തുകൊണ്ടാണ് കേസ് സി.ബി.ഐ.യ്ക്ക് വിടാത്തതെന്നും സുനിത ചോദിച്ചിരുന്നു. മറ്റൊരു ബന്ധുവായ കടപ്പ എം.പി. വൈ.എസ്. അവിനാശ് റെഡ്ഡിക്കും വൈ.എസ്. ഭാസ്‌കര്‍ റെഡ്ഡിക്കും മരണത്തില്‍ പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഇതിനുപിന്നാലെയാണ് വിവേകാനന്ദ റെഡ്ഡിയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. 

Content Highlights: ys vivekanda reddy murder case main accused in cbi custody