ന്യൂഡൽഹി: കാമുകിയുടെ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ യൂട്യൂബറും കൂട്ടാളികളും പിടിയിൽ. നോയിഡ സെക്ടർ-53 സ്വദേശിയും പ്രമുഖ യൂട്യൂബറുമായ നിസാമുൽ ഖാൻ, സുഹൃത്തുക്കളായ സുമിത് ശർമ, അമിത് ഗുപ്ത എന്നിവരെയാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബൈക്കുകളും തോക്കും വെടിയുണ്ടകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

ഒക്ടോബർ 28-നാണ് നോയിഡ സെക്ടർ-31-ൽ താമസിക്കുന്ന കമൽ ശർമ(26)യെ അജ്ഞാതർ വെടിവെച്ചുകൊന്നത്. രാത്രി കമ്പനിയിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും തുടക്കത്തിൽ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കമലിന്റെ സഹോദരിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ഇവരുടെ ഫോൺവിളി വിവരങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമായിരുന്നു.

സഹോദരിയും നിസാമുലും തമ്മിലുള്ള ബന്ധത്തെ കമൽ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നറിഞ്ഞ കമൽ സഹോദരിയുടെ ഫോൺ പിടിച്ചുവാങ്ങുകയും നിസാമുലിനെ മർദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കമലിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഒക്ടോബർ 28-ന് രാത്രി കമ്പനിയിൽനിന്ന് യാത്രതിരിച്ച കമലിനെ പ്രതികൾ ബൈക്കിൽ പിന്തുടർന്നു. അമിത് ഗുപ്തയാണ് ബൈക്ക് ഓടിച്ചിരുന്നത്. എലവേറ്റഡ് ഹൈവേയിൽനിന്ന് താഴേക്കുള്ള റോഡിലേക്ക് കമൽ പ്രവേശിച്ചതോടെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ എൺപതിലേറെ സി.സി.ടി.വി. ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. മൂന്ന് യുവാക്കൾ ബൈക്കിൽ വരുന്നതും പോകുന്നതും ദൃശ്യങ്ങളിൽ കണ്ടെങ്കിലും ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കമലിന്റെ സഹോദരിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

സഹോദരിയുടെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചതോടെ നിസാമുലുമായുള്ള ബന്ധം പോലീസിന് മനസിലായി. തുടർന്ന് നിസാമുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തതോടെയാണ് കൊലക്കേസിന്റെ ചുരുളഴിഞ്ഞത്. അതേസമയം, സഹോദരിക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം നടന്നതിന്റെ തലേദിവസവും പ്രതികൾ ഇതേ റൂട്ടിലൂടെ സഞ്ചരിച്ചിരുന്നു. കമൽ കമ്പനിയിൽനിന്നിറങ്ങുന്ന സമയവും യാത്രചെയ്യുന്ന റൂട്ടും മനസിലാക്കുകയായിരുന്നു ലക്ഷ്യം. ഇതെല്ലാം കൃത്യമായി മനസിലാക്കിയ ശേഷമാണ് ഒക്ടോബർ 28-ന് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

ഒമ്പത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള പ്രമുഖ യൂട്യൂബറാണ് നിസാമുൽ ഖാൻ. യൂട്യൂബിന് പുറമേ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലും നിരവധി ഫോളോവേഴ്സുണ്ട്. ബൈക്കുകളിലെ അഭ്യാസപ്രകടനങ്ങളിലൂടെയാണ് യുവാവ് ശ്രദ്ധനേടിയത്. കുടുംബം നോയിഡയിലെ സൊരാഖയിലാണെങ്കിലും മറ്റൊരിടത്ത് വാടകയ്ക്കാണ് നിസാമുലിന്റെ താമസം. മില്യൺകണക്കിന് വ്യൂസ് നേടിയ പല വീഡിയോകളും ഇയാളുടെ യൂട്യൂബ് ചാനലിലുണ്ട്. ഏകദേശം 80000 രൂപ വരെ യൂട്യൂബിൽനിന്ന് മാസവരുമാനവും ലഭിക്കുന്നു. സുഹൃത്തുക്കളായ സുമിത്തിനും അമിത്തിനും ഇതിൽനിന്നൊരു തുക എല്ലാമാസവും നൽകാറുണ്ടെന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്നിന് അടിമയായ അമിത് ലഹരി ഉപയോഗിക്കാനായാണ് ഈ പണം വിനിയോഗിച്ചിരുന്നത്. 2017-ൽ സുമിത്തിന്റെ വീട്ടിൽവെച്ചാണ് കമലിന്റെ സഹോദരിയെ നിസാമുൽ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Content Highlights:youtuber nizamul khan and his associates arrested in a murder case