മുംബൈ: സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുംബൈ മലാദ് സ്വദേശി ഖുമൈൽ ഹനീഫ് പട്ടാനി(25)യെയാണ് മുംബൈ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രമുഖ ബോളിവുഡ് നടന്റെ മകളെയാണ് ഇയാൾ സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്.

പ്രതിയുടെ ബന്ധുവായ പെൺകുട്ടിയും ബോളിവുഡ് നടന്റെ മകളും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഈ സമയത്തെ സ്വകാര്യചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നായിരുന്നു യുവാവിന്റെ അവകാശവാദം. ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ നിരവധി സന്ദേശങ്ങൾ അയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങളും ലഭിച്ചത്.

ചിത്രങ്ങൾ വൈറലാക്കേണ്ടെങ്കിൽ പണം വേണമെന്നായിരുന്നു ആവശ്യം. 20000 രൂപ വരെ നൽകാമെന്ന് പെൺകുട്ടി ആദ്യം സമ്മതിച്ചെങ്കിലും യുവാവ് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlights:youth tries to blackmail bollywood actors daughter with her private photos arrested in mumbai