സൂറത്ത്: യുവാവിനെ ടെംപോ വാനില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഭാര്യയും ഭാര്യാസഹോദരനും കസ്റ്റഡിയില്‍. ഗുജറാത്തിലെ സൂറത്തിലെ കഡോദാരയില്‍ താമസിക്കുന്ന ശീതള്‍ റാത്തോഡ്, സഹോദരന്‍ അനില്‍ ചൗഹാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശീതളിന്റെ ഭര്‍ത്താവ് ബാല്‍കൃഷ്ണ റാത്തോഡിനെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ച ശേഷം ടെംപോ വാനില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ ബാല്‍കൃഷ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തുന്ന ബാല്‍കൃഷ്ണ ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകിട്ടും മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. ഇതോടെ ശീതള്‍ സഹോദരനായ അനില്‍ ചൗഹാനെ വിളിച്ചുവരുത്തി. ടെംപോ ഡ്രൈവറായ അനില്‍ സഹോദരിയുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ബാല്‍കൃഷ്ണ ഭാര്യാസഹോദരനെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ശീതളും സഹോദരനും ചേര്‍ന്ന് ബാല്‍കൃഷ്ണയെ മര്‍ദിച്ചത്. തുടര്‍ന്ന് ടെംപോ വാനില്‍ ഇയാളെ കെട്ടിയിട്ട് അരക്കിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. 

സംഭവം കണ്ട നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്നാണ് പ്രതികളെ തടഞ്ഞുവെച്ചത്. തുടര്‍ന്ന് രണ്ടുപേരെയും പോലീസിന് കൈമാറുകയായിരുന്നു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണ നിലവില്‍ അബോധാവസ്ഥയിലാണെന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: youth tied in tempo van dragged wife and her brother in police custody