കൊല്ലം: കൊല്ലം പള്ളിക്കാവ് ജവാന്‍മുക്കില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്. പള്ളിക്കാവ് സ്വദേശി പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്. കാവനാട് മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരനാണ് പ്രകാശ്. 

kollam
കൊല്ലം പള്ളിക്കാവ് ജവാന്‍മുക്കില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പരിശോധന നടത്തുന്നു| ഫോട്ടോ: അജിത് പനച്ചിക്കല്‍\ മാതൃഭൂമി 

രാവിലെ വിഷ്ണുവും പ്രകാശും തമ്മില്‍ കരിമ്പോലില്‍ കുളത്തിന് സമീപം വാക്കുതര്‍ക്കവും പിന്നീട് സോഡാക്കുപ്പി കൊണ്ട് അടിപിടിയും നടന്നതായി പറയുന്നു. ഇതിനു ശേഷം പ്രകാശ് വീട്ടിലേക്ക് പോയി. ഉച്ചയോടെ പ്രകാശ് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയുമായി  മകന്‍ രാജപാണ്ഡ്യനൊപ്പം ബൈക്കിലെത്തി ജവാന്‍മുക്കിന് സമീപം നിന്ന വിഷ്ണുവിനെ കുത്തുകയായിരുന്നു. നെഞ്ചത്താണ് കുത്തേറ്റത്.  

ആക്രമണത്തിനു ശേഷം പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് ഉടന്‍ തന്നെ സംഭവവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ചോരവാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്റെ നിര്‍ദ്ദേശം അനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ബി. വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികള്‍ അറസ്റ്റിലായി.  

kollam
അറസ്റ്റിലായ ഒന്നാം പ്രതി പ്രകാശ്, രണ്ടാം പ്രതി രാജപാണ്ഡ്യന്‍ എന്നിവര്‍| ഫോട്ടോ: അജിത് പനച്ചിക്കല്‍\ മാതൃഭൂമി 

റോഡുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ കാല്‍നടയായി അഷ്ടമുടിക്കായലിലെ കടത്തിലെത്തി അവിടെനിന്ന് കുരീപ്പുഴയ്ക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇവരുടെ ടവര്‍ ലൊക്കേഷന്‍ ലഭ്യമാവുകയും തുടര്‍ന്ന് കുരീപ്പുഴയിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

content highlights: youth stabbed to death in kollam