ചെറുവാഞ്ചേരി: മദ്യപിച്ച് ബന്ധുവിനെ ചീത്ത വിളിച്ചയാളെ സമാധാനിപ്പിച്ച് വീട്ടിലാക്കി മടങ്ങിയ യുവാവ് കുത്തേറ്റ് മരിച്ചു. ചീരാറ്റ പാട്യം നഗർ കളത്തുങ്കണ്ടി സജീവൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30-ഓടെ ചീരാറ്റയിലാണ് സംഭവം. പ്രതി ലോട്ടറി വിൽപനക്കാരൻ കാരയിൽ ശ്രീജേഷിനെ (40) കണ്ണവം പോലീസ് കസ്റ്റഡിയിലെടുത്തു.

ചീരാറ്റ-പാത്തിപ്പാറ റോഡും പാലവും ഉദ്ഘാടനച്ചടങ്ങിന്റെ സ്റ്റേജ് അഴിച്ചുകൊണ്ടിരിക്കെ ശ്രീജേഷ് മദ്യപിച്ച് ബന്ധുവിനെ ചീത്ത വിളിച്ചതായി പോലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്തർക്കത്തിന്റെ തുടർച്ചയായിരുന്നു ഇത്. ശ്രീജേഷിനെ സജീവൻ സമാധാനിപ്പിച്ച് വീട്ടിൽ കൊണ്ടുചെന്നാക്കിയെങ്കിലും രണ്ടാമതും വന്നു. വീണ്ടും വീട്ടിൽ കൊണ്ടുചെന്നാക്കി.

മൂന്നാമത് വന്നപ്പോഴും വീട്ടിലാക്കി മടങ്ങുമ്പോൾ പിന്നാലെ വന്ന് കുത്തുകയായിരുന്നു. കൂത്തുപറമ്പ് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി. സി.പി.എം. അനുഭാവിയായ സജീവൻ ലോറി ഡ്രൈവറാണ്. അവിവാഹിതനാണ്. പി.വാസുവിന്റെയും ജാനുവിന്റെയും മകനാണ്. സഹോദരങ്ങൾ: സത്യൻ, ശ്രീജ.

Content Highlights:youth stabbed to death in cheruvanchery