മലയിന്‍കീഴ്: മദ്യപാനത്തിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. ശംഖുംമുഖം രാജീവ് നഗര്‍ ടി.സി.34/61ല്‍ ഷംസുദ്ദീന്റെ മകന്‍ ഷംനാദാണ്(33) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഷംനാദിന്റെ സുഹൃത്തുക്കളായ മലയിന്‍കീഴ് പണ്ടാരക്കണ്ടം ദുര്‍ഗാ ലൈന്‍ അഭിവില്ലയില്‍ ബിനു(35), വഴയില ശാസ്താനഗര്‍ വിഷ്ണു വിഹാറില്‍ വിഷ്ണുരൂപ്(35), ഓള്‍സെയിന്റ്സ് രാജീവ് നഗര്‍രജിതാ ഭവനില്‍ രഞ്ജിത്ത്(35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുരൂപാണ് ഷംനാദിനെ കുത്തിയതെന്ന് മറ്റുള്ളവര്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

മലയിന്‍കീഴ് പണ്ടാരക്കണ്ടം ദുര്‍ഗാ ലൈന്‍ അഭിവില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഷംനാദിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് തിങ്കളാഴ്ച രാവിലെ കണ്ടത്. വീട്ടുടമ ബിനു, വിഷ്ണുരൂപ്, രഞ്ജിത്ത് എന്നിവരാണ് കഴിഞ്ഞ രാത്രി ഒരുമിച്ച് മദ്യപാനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന വിഷ്ണുരൂപും ഷംനാദും രഞ്ജിത്തുമായി വാക്കേറ്റമുണ്ടായി. തര്‍ക്കം പരിഹരിക്കാന്‍ ബിനു ശ്രമിച്ചെങ്കിലും വിഷ്ണുരൂപ് കത്തികൊണ്ട് ഷംനാദിന്റെ വലതുതുടയില്‍ കുത്തി മുറിവേല്‍പ്പിച്ചതായി പോലീസ് പറഞ്ഞു.

ആഴത്തിലുള്ള മുറിവില്‍നിന്നും രക്തം വാര്‍ന്നത് തടയാന്‍ ഷംനാദിന്റെ ജീന്‍സ് മാറ്റി ബെഡ്ഷീറ്റ് കീറി മുറിവു കെട്ടി. ആശുപത്രിയില്‍ പോകാനുള്ള ശ്രമം നടത്തിയെങ്കിലും മദ്യലഹരിയിലായിരുന്ന ബിനുവിന്റെ ബോധം നഷ്ടപ്പെട്ടു. ഈ സമയം വിഷ്ണുരൂപും രഞ്ജിത്തും അവിടെനിന്നു കടന്നെന്നെന്നും ബിനു പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

രാവിലെ ബിനുവിനു ബോധം വന്നപ്പോഴാണ് ഷംനാദ് രക്തം വാര്‍ന്ന് കിടക്കുന്നതു കണ്ടത്. ഉടന്‍ മലയിന്‍കീഴ് പോലീസിനെ ബിനു വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. ബിനുവില്‍ നിന്നും ലഭിച്ച വിവരത്തെത്തുടര്‍ന്ന് രഞ്ജിത്തിനെ ഓള്‍ സെയിന്റ്സ് ഭാഗത്തുനിന്നും വിഷ്ണുരൂപിനെ അയാളുടെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തു.

സംഭവത്തിലുള്‍പ്പെട്ടവര്‍ ഡ്രൈവിങ്, കാറ്ററിങ് ജോലികള്‍ ചെയ്യുന്നവരാണ്. ബിനുവിന്റെ വീട്ടില്‍ ചില ദിവസങ്ങളില്‍ ഇവര്‍ ഒത്തുകൂടാറുണ്ടെന്ന് സമീപവാസികള്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഞായറാഴ്ച ബിനു ഭാര്യ പ്രതീക്ഷയെയും മക്കളെയും ഭാര്യാവീട്ടില്‍ കൊണ്ടുവിട്ടിരുന്നു. കൊല്ലപ്പെട്ട ഷംനാദിന്റെ ഭാര്യ ജസ്ന. മക്കള്‍: ഹമാദ്, ഹമീദ്. റൂറല്‍ എസ്.പി. മധു പി.കെ.യുടെ ഷാഡോ ടീമംഗങ്ങളും കാട്ടാക്കട ഡിവൈ.എസ്.പി. ഷാജി, എസ്.എച്ച്.ഒ.മാരായ സുരേഷ്‌കുമാര്‍, ജോസ് മാത്യു, എസ്.ഐ. സുബിന്‍ തങ്കച്ചന്‍, ജൂനിയര്‍ എസ്.ഐ. സരിത എന്നിവരുള്‍പ്പെട്ട സംഘവുമാണ് കേസന്വേഷണത്തിനു നേതൃത്വം നല്‍കിയത്.