പുണെ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച സ്വവര്‍ഗപങ്കാളിയെ 23-കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. പൂണെയിലെ ബിസിനസുകാരനായ 46-കാരനെയാണ് ഹോട്ടല്‍ ജീവനക്കാരനായ സ്വവര്‍ഗപങ്കാളി കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടിയെങ്കിലും ഇയാള്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് 46-കാരന്‍ ആക്രമിക്കപ്പെട്ടത്. സ്വവര്‍ഗാനുരാഗികളായ ഇരുവരും രണ്ടുവര്‍ഷമായി അടുപ്പമുണ്ടായിരുന്നു. സ്വവര്‍ഗാനുരാഗികളുടെ ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. പിന്നീട് പലതവണ ഇരുവരും തമ്മില്‍ ബന്ധപ്പെടുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയും ഹോട്ടല്‍ ജീവനക്കാരനും ബിസിനസുകാരനും കണ്ടുമുട്ടിയിരുന്നു. ഒരുതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം വീണ്ടും ബന്ധപ്പെടാന്‍ 23-കാരന്‍ പങ്കാളിയെ നിര്‍ബന്ധിച്ചു. എന്നാല്‍ 46-കാരന്‍ വിസമ്മതിച്ചതോടെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 46-കാരന്റെ മുഖത്തും തലയിലും സാരമായ പരിക്കേറ്റിരുന്നു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ഇയാള്‍ പിറ്റേ ദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്. 

ബിസിനസുകാരന്റെ പരാതിയില്‍ പുണെയിലെ ഒരു ഹോട്ടലില്‍ വെയ്റ്ററായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും വധശ്രമത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: youth stabbed his gay partner in pune