പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ യുവാവ് വെടിയേറ്റ് മരിച്ചു. തിരുവിഴാംകുന്ന് ഇരട്ടവാരിപറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫക്രുദ്ദീനാണ് വെടിയേറ്റ് മരിച്ചത്. വെടിവെച്ചെന്ന് കരുതുന്ന ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെ മണിക്കൂറുകൾക്ക് ശേഷം വിഷം കഴിച്ച നിലയിലും കണ്ടെത്തി. ഇയാളെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫക്രുദ്ദീനെ പ്രദേശത്തെ വാഴത്തോപ്പിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെ ഫക്രുദ്ദീനും മഹേഷും ഒരുമിച്ചാണ് വാഴത്തോപ്പിൽ പോയത്. രാത്രിയോടെ ഫക്രുദ്ദീനെ താൻ വെടിവെച്ചതായും താൻ വിഷംകഴിച്ച് മരിക്കുകയാണെന്നും മഹേഷ് മറ്റൊരു സുഹൃത്തിനെ ഫോണിൽവിളിച്ചുപറഞ്ഞു.

ഇതിനുപിന്നാലെ നാട്ടുകാരും പോലീസും വാഴത്തോപ്പിൽ തിരച്ചിൽ നടത്തിയതോടെയാണ് ഫക്രുദ്ദീനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. സമീപത്തായി വിഷക്കുപ്പികളും കണ്ടെത്തി. തുടർന്ന് മഹേഷിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് വാഴത്തോപ്പിന്റെ മറ്റൊരു ഭാഗത്ത് മഹേഷിനെ അവശനിലയിൽ കണ്ടത്. ഉടൻ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഫക്രുദ്ദീനും മഹേഷിനും എതിരേ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച തർക്കങ്ങളാകാം വെടിവെപ്പിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Content Highlights:youth shot dead in mannarkkad his friend attempted to suicide