കൊച്ചി: നഗരമധ്യത്തില്‍ വിദ്യാര്‍ഥിനിയെ മൂന്നാം നിലയില്‍നിന്ന് യുവാവ് തള്ളിയിട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം പോളി ഡെന്റല്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് വിദ്യാര്‍ഥിനിയെ തള്ളിയിട്ടത്. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം അയ്യമ്പിള്ളി വീട്ടില്‍ ജിയോ തോമസി (27) നെ സംഭവം നടന്ന ഉടനെ പോളി ഡെന്റല്‍ ക്ലിനിക്കിലെ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

ബുധനാഴ്ച വൈകീട്ട് 4.20-നാണ് സംഭവം. 

മൂന്നാം നിലയിലെ സ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയോട്, സംസാരിക്കാനുണ്ട് എന്നു പറഞ്ഞ് ജിയോ വിളിച്ചു. സംസാരം തര്‍ക്കത്തിലായി. ദേഷ്യത്തില്‍ ജിയോ വിദ്യാര്‍ഥിനിയെ അടിച്ചു. തര്‍ക്കം രൂക്ഷമായതോടെ മൂന്നാം നിലയില്‍നിന്ന് ജിയോ വിദ്യാര്‍ഥിനിയെ തള്ളിയിടുകയായിരുന്നു.

പെണ്‍കുട്ടിയും ജിയോയും മുമ്പ് സുഹൃത്തുക്കളായിരുന്നു. ദുബായിയില്‍ ഒരു കപ്പലില്‍ ജോലി ചെയ്യുകയായിരുന്ന ജിയോ നാട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടിയുമായി സംസാരിക്കാനായിട്ടാണ് എറണാകുളത്തെത്തിയത്. 

മുകളില്‍നിന്നു വീണ പെണ്‍കുട്ടിയെ കെട്ടിടത്തിന് താഴെ നിന്നവര്‍ ചേര്‍ന്ന് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജിയോയെ സംഭവം കണ്ടുനിന്ന പോളി ഡെന്റല്‍ ക്ലിനിക്കിലെ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നാണ് പിടിച്ചത്. 

പെണ്‍കുട്ടി അപകട നില തരണം ചെയ്തു. ബോധം വീണ്ടുകിട്ടി. വീഴ്ചയില്‍ തോളെല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. 

എറണാകുളം നോര്‍ത്ത് സി.ഐ. കെ.ജെ. പീറ്ററും എസ്.ഐ. വിബിന്‍ദാസും ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ജിയോയ്‌ക്കെതിരേ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Content highlights : Crime news, Kochi, Poly dental clinic,Police