കോഴിക്കോട്: ആത്മഹത്യ ചെയ്യുംമുമ്പ് യുവാവ് പോലീസുകാർക്കെതിരേ ഫെയ്സ് ബുക്കിലും വാട്സാപ്പിലുമിട്ട വീഡിയോ വൈറലായി.

സിറ്റി പോലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഇതുസംബന്ധിച്ച് അന്വേഷണവും തുടങ്ങി. മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിൽ പരേതനായ ഗിരീഷിന്റെയും വസന്തയുടെയും മകൻ രാജേഷിന്റെ (33) വീഡിയോ ആണ് വിവാദമായത്. ശനിയാഴ്ച രാവിലെയാണ് രാജേഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. വിവാഹബന്ധം വേർപെടുത്തിയ യുവതിയുടെ വീടിനുസമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശനാണ് അന്വേഷണം നടത്തുന്നത്. വീഡിയോ പുറത്തുവന്നതോടെ ബുധനാഴ്ച സ്വമേധയാ കേസെടുക്കുകയായിരുന്നു. വിവാഹമോചനം നേടിയ യുവതിയുടെ മൊഴിയെടുത്തു.

ഒരുലക്ഷം മുതൽ അൻപതിനായിരംരൂപ വരെയുള്ള സംഖ്യ രാജേഷ് പലപ്പോഴായി വീട്ടിൽ കൊണ്ടുവരുമ്പോൾ ഇതിനെപ്പറ്റി സംശയം തോന്നി അന്വേഷിക്കാറുണ്ടായിരുന്നുവെന്ന് മൊഴിയിലുണ്ട്. സ്വർണം പണയപ്പെടുത്തിയും സ്വർണത്തിന്റെ പേരിൽ വായ്പ നൽകിയും പണമിടപാട് നടത്തിക്കിട്ടുന്ന വരുമാനമാണിതെന്നാണ് മറുപടി കിട്ടിയത്. സ്വമേധയാ വിവാഹമോചനം നേടിയിട്ടും നിരന്തരം ഫോണിൽ വിളിച്ച് ശല്യംചെയ്യാറുണ്ടെന്നും ഇതിനെതിരേ ചേവായൂർ സ്റ്റേഷനിൽ പരാതിനൽകിയെന്നുമുള്ള മൊഴിയാണ് യുവതി നൽകിയത്.

2018-ൽ സംഭവിച്ച ദുരവസ്ഥ പുറംലോകമറിയണമെന്ന ആമുഖത്തോടെയാണ് യുവാവിന്റെ വീഡിയോ തുടങ്ങുന്നത്. മദ്യപിക്കാറുണ്ടെന്നും ബോധമില്ലാതെ ഒരുവീട്ടിൽ അറിയാതെ കയറിക്കിടന്നതിന്റെ പേരിൽ രണ്ടുവർഷം മുമ്പ് ചേവായൂർ പോലീസ് കേസെടുത്തതായും വീഡിയോയിൽ പറയുന്നു. ഇതിന്റെ പേരിൽ ഇതേ സ്റ്റേഷനിലെ പോലീസുകാരൻ ശല്യം ചെയ്യാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച സിറ്റി പോലീസ് മേധാവിക്ക് അമ്മ പരാതിനൽകിയിരുന്നു.

ഏഴ് കള്ളക്കേസുകളിൽ ഉൾപ്പെട്ട് 20 മാസം ജയിലിൽ കിടക്കേണ്ടിവന്നെന്നുമായിരുന്നു ആരോപണം.

ജാമ്യത്തിലിറങ്ങിയതോടെ നാലുപോലീസുകാർ ശല്യംചെയ്തെന്നും തെളിയാത്ത കേസുകളിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതോടെ മനുഷ്യാവകാശകമ്മിഷൻ, പോലീസ് കംപ്ലയിന്റ് അതോറിറ്റി, സിറ്റി പോലീസ് മേധാവി, റൂറൽ എസ്.പി. എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുമുണ്ടായില്ല. പോലീസുകാരെ കൂടാതെ ഒരു ജൂവലറിയിലെ രണ്ടു ജീവനക്കാർ, ഭാര്യാമാതാവ്, തനിക്കെതിരേ കള്ളസാക്ഷി പറഞ്ഞവർ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്നും വീഡിയോയിലുണ്ട്.

എന്നാൽ, 2016മുതൽ 2018വരെ ചേവായൂർ, നടക്കാവ്, കാക്കൂർ, എലത്തൂർ എന്നീ സ്റ്റേഷനുകളിൽ ഭവനഭേദനം, കളവ് തുടങ്ങി വിവിധ കുറ്റങ്ങളിൽ രാജേഷിന്റെ പേരിൽ കേസുണ്ടെന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു.

നേരത്തേ, മകനെ കാണാനില്ലെന്ന് അമ്മ പരാതിനൽകിയെങ്കിലും കളവുകേസിൽ പിടിയിലായി നടക്കാവ് സ്റ്റേഷനിലുണ്ടെന്ന് മനസ്സിലായതോടെ പരാതി പിൻവലിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:youth posted video on social media before committing suicide