ചെന്നൈ: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് പ്രണയത്തില്‍നിന്ന് പിന്മാറിയ കാമുകിയെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ എം.സരസ്വതി(18)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സരസ്വതിയുടെ കാമുകനായിരുന്ന പി.രംഗസ്വാമി(21)യെയും സുഹൃത്ത് രവീന്ദ്രനെ(26)യും പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ ഒന്നിനാണ് സരസ്വതിയെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നും കൃത്യം നടത്തിയത് രംഗസ്വാമിയാണെന്നും കണ്ടെത്തിയത്. ഏറെദിവസത്തെ അന്വേഷണത്തിന് ശേഷം കഴിഞ്ഞദിവസമാണ് പ്രതികളായ രണ്ടുപേരെയും പോലീസ് പിടികൂടിയത്.

ഇതരജാതിക്കാരായ സരസ്വതിയും രംഗസ്വാമിയും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ വീട്ടുകാര്‍ മറ്റൊരാളുമായി സരസ്വതിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ രംഗസ്വാമിയുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി സഹകരിക്കാനും സരസ്വതി തീരുമാനിച്ചു. ഇക്കാര്യമറിഞ്ഞ രംഗസ്വാമി സരസ്വതിയെ നേരില്‍ക്കണ്ട് സംസാരിക്കാനായി വിളിച്ചു. സംസാരിക്കുന്നതിനിടെ തന്നോടൊപ്പം ഇറങ്ങിവരാനും ആവശ്യപ്പെട്ടു. യുവതി ഇതിന് വിസമ്മതിക്കുകയും പ്രണയം തുടരാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. ഇതോടെ രംഗസ്വാമി 16 വയസ്സുള്ള സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ സരസ്വതിയെ കൊലപ്പെടുത്തുകയായിരുന്നു. ദുപ്പട്ട കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. ശേഷം മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ട രംഗസ്വാമിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

Content Highlights: youth killed his lover in tamilnadu