പട്‌ന:  കഞ്ചാവ് വാങ്ങാന്‍ 50 രൂപ നല്‍കാത്തതിന് യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ബിഹാറിലെ നൗബത്ത്പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലി സ്വദേശി പ്രദീപ് കുമാര്‍(23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദീപിന്റെ സുഹൃത്ത് പ്രിന്‍സ് കുമാറിനെതിരേ കേസെടുത്തതായും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

ശനിയാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. ലഹരിമരുന്നിന് അടിമയായ പ്രിന്‍സ് കുമാര്‍ കഞ്ചാവ് വാങ്ങാനായാണ് പ്രദീപിനോട് പണം ചോദിച്ചത്. ചെറിയ പൊതി കഞ്ചാവ് വാങ്ങാന്‍ 50 രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ പ്രദീപ് പണം നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പ്രിന്‍സ് കുമാര്‍ സുഹൃത്തിനെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. 

പ്രദീപിനെ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച ശേഷം പ്രിന്‍സ് കുമാര്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. പ്രദീപിനെ പിന്നീട് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തില്‍ യുവാവിന്റെ നെഞ്ചില്‍ അഞ്ചുതവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത്. ധനപുര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

Content Highlights: youth killed his friend for not giving money to buy ganja