മുംബൈ: അച്ഛനെയും മുത്തച്ഛനെയും കുത്തിക്കൊന്ന ശേഷം യുവാവ് ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. മുംബൈ എല്‍ബിഎസ് മാര്‍ഗ് വസന്ത് ഓസ്‌കാര്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന ശ്രാദുല്‍ മാംഗ്ലെ(20)യാണ് അച്ഛനായ മിലിന്ദ് മാംഗ്ലെ(55) മുത്തച്ഛന്‍ സുരേഷ് മാംഗ്ലെ(85) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആറാംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് ചാടി മരിച്ചത്. 

സംഭവസമയത്ത് ശ്രാദുലും അച്ഛനും മുത്തച്ഛനും ഇവരുടെ സഹായിയുമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. ശ്രാദുലിനോട് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറഞ്ഞശേഷം സഹായിയായ കാംബ്ലെ അടുക്കളയിലേക്ക് പോയി. ഈ സമയം അടുക്കളയിലെത്തിയ ശ്രാദുല്‍ കത്തിയെടുക്കുകയും അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛനെ പിന്തുടര്‍ന്ന് കുത്തിവീഴ്ത്തി. അച്ഛന്റെ മരണം ഉറപ്പിച്ചതിന് പിന്നാലെ കിടപ്പിലായ മുത്തച്ഛനെയും ഇയാള്‍ കുത്തിക്കൊന്നു. ശേഷം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. തലയിലും മറ്റുശരീരഭാഗങ്ങളിലും മുറിവേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. 

വീട്ടിലെ സഹായിയായ അമോല്‍ കാംബ്ലെ സംഭവസമയം ശൗചാലയത്തില്‍ കയറി വാതിലടച്ചതിനാല്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. 20-കാരനായ ശ്രാദുലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സ്ഥിരമായി മരുന്ന് കഴിക്കുന്ന ശ്രാദുല്‍ അടുത്തിടെ മരുന്നിന്റെ അളവ് കുറച്ചിരുന്നു. ഇതാകാം പെട്ടെന്നുള്ള പ്രകോപനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. വിവാഹമോചനം നേടിയ ശേഷം ശ്രാദുലിന്റെ മാതാപിതാക്കള്‍ രണ്ടിടങ്ങളിലായാണ് താമസം.

Content Highlights: youth killed father and grandfather in mumbai later he jumped off from flat