തൃപ്പൂണിത്തുറ: എരൂരില്‍ വാടക വീട്ടില്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുനീഷ് കേസന്വേഷണം വഴിതിരിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അന്വേഷണ മികവാണ് പ്രതിയെ കുടുക്കിയതെന്ന് പോലീസ്. കഴിഞ്ഞ ചൊവ്വാഴ്ച എരൂര്‍ ഇരുമ്പുപാലത്തിനു സമീപം വാടക വീട്ടില്‍ താമസിച്ചിരുന്ന കടവന്ത്ര ചിലവന്നൂര്‍ കുളങ്ങരത്തറയില്‍ സുധീഷിന്റെ മകന്‍ സുമേഷ് (26) കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സഹോദരന്‍ സുനീഷി (24) നെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസിന്റെ സമയോചിതമായ ഇടപെടലും സുമേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായെന്ന് തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ശ്രീകുമാര്‍ പറഞ്ഞു.

ദൃക്സാക്ഷികളോ മറ്റ് തെളിവുകളോ ലഭിക്കാത്ത സാഹചര്യത്തില്‍ കൊലപാതകം നടന്ന് 24 മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് തെളിയിച്ച് പ്രതിയെ ജയിലിലടയ്ക്കാന്‍ കഴിഞ്ഞുവെന്നും അന്വേഷണ സംഘത്തിന്റെ ഒത്തൊരുമയും കഴിവുമാണ് ഇത് പ്രകടമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിതാണ്: പത്തോളം ക്രിമിനല്‍ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. കുറച്ചുനാള്‍ മുമ്പ് ബൈക്കപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പണിക്കു പോകാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു സുമേഷ്.

സുനീഷ് പെയിന്റിങ് തൊഴിലാളിയാണ്. ഇയാളും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പണിക്കുപോകാതെ സുമേഷ് വീട്ടില്‍ വെറുതെയിരുന്ന് ഭക്ഷണം കഴിക്കുന്നത് സുനീഷിന് ഇഷ്ടമല്ലായിരുന്നു. സംഭവ ദിവസം രാവിലെ വീട്ടില്‍നിന്നു പോയ സുനീഷ് ഉച്ചയോടെ വീട്ടില്‍ തിരികെ എത്തി. സുമേഷിനെ കൂടാതെ പ്രായമായ അമ്മൂമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

ഉച്ചഭക്ഷണം കഴിഞ്ഞ് കിടപ്പുമുറിയില്‍ കട്ടിലില്‍ കിടന്ന് ടി.വി. കണ്ടുകൊണ്ടിരുന്ന സുമേഷുമായി സുനീഷ് വഴക്കുണ്ടാക്കുകയും അതിനിടെ കിടക്കയില്‍ തലയിണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന കഠാര പോലുള്ള കത്തി എടുത്ത് ഇയാള്‍ സുമേഷിന്റെ നെഞ്ചിനു താഴെ വയറു ഭാഗത്ത് ആഞ്ഞ് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുത്തുകൊണ്ട് സുമേഷ് പുറത്തേക്കോടി ബോധംകെട്ടുവീണു. ഒച്ച കേട്ട് ഗേറ്റിലേക്ക് ഓടിയെത്തിയ അമ്മൂമ്മയോട് സുമേഷ് ഗേറ്റില്‍ ഇടിച്ചുവീണു എന്നു പറഞ്ഞ ശേഷം സുനീഷ് തിരികെ മുറിയിലെത്തി കത്തിയിലെ രക്തക്കറ തുടച്ചു കളഞ്ഞ ശേഷം കിടക്കയ്ക്കടിയില്‍ അത് ഒളിപ്പിച്ചു. തുടര്‍ന്ന് സുമേഷിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ എത്തിച്ചു. കുപ്പിച്ചില്ല് കൊണ്ടുണ്ടായ മുറിവാണെന്നാണ് ഡോക്ടറോട് പറഞ്ഞത്. ഡോക്ടര്‍ നല്‍കിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹില്‍പ്പാലസ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുറിവു കണ്ടതില്‍ സംശയം തോന്നുകയും അത് ഡോക്ടറോട് പ്രകടിപ്പിക്കുകയുമുണ്ടായി. ചോദ്യം ചെയ്യലില്‍ സുമേഷ് സ്വയം കുത്തിയതാണെന്ന് ആദ്യം സുനീഷ് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.

ഹില്‍പ്പാലസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടോള്‍സണ്‍ ജോസഫ്, അനില എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

സബ് ഇന്‍സ്‌പെക്ടര്‍ രമേശ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ സജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാന്‍, രതീഷ്, അഖില്‍, അശ്വിന്‍ എന്നിവരും അന്വേഷണത്തിനുണ്ടായിരുന്നു.