ഹൈദരാബാദ്: മട്ടണ്‍ കറി കഴിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ കുത്തിക്കൊന്നു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കൊറപ്രോലു ഗ്രാമത്തിലെ ഡി. അങ്കണ്ണ(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അങ്കണ്ണയുടെ സഹോദരന്‍ ഡി. ഗുരുവയ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമായിരുന്നു ദാരുണമായ സംഭവം. 

സഹോദരന്മാരായ അങ്കണ്ണയും ഗുരുവയ്യയും ചേര്‍ന്ന് കഴിഞ്ഞദിവസം ആടിനെ കശാപ്പ് ചെയ്ത് പാകം ചെയ്തിരുന്നു. ഇറച്ചി പാകം ചെയ്യുന്നതിനിടെ അങ്കണ്ണ ആദ്യംതന്നെ ചോറും മട്ടണ്‍കറിയും പ്ലേറ്റിലെടുത്തു. തുടര്‍ന്ന് ഇത് കഴിക്കാനായി വീടിന് പുറത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍ അങ്കണ്ണ ആദ്യംതന്നെ കഴിക്കാന്‍ പോകുന്നത് ഇഷ്ടപ്പെടാതിരുന്ന ഗുരുവയ്യ സഹോദരനെ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഗുരുവയ്യ കത്തി ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊല്ലുകയുമായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ അങ്കണ്ണ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഗുരുവയ്യയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 

Content Highlights: youth killed brother over fight on mutton curry in andhra pradesh