കൊൽക്കത്ത: യുവാവിനെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തിൽ അമ്മയും സഹോദരനും അറസ്റ്റിൽ. കൊൽക്കത്ത സാൾട്ട് ലേക്കിൽ താമസിക്കുന്ന ഗീത മഹെൻസാരിയ, മകൻ വിധുർ(22) എന്നിവരെയാണ് ബിദാനഗർ ഈസ്റ്റ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഗീതയുടെ മൂത്ത മകനായ അർജുനെ(25)യാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം കത്തിക്കുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. ദുർമന്ത്രവാദത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ സംശയം.

മൂത്ത മകനെ കാണാനില്ലെന്ന് ഗീതയുടെ ഭർത്താവ് അനിൽ മഹെൻസാരിയ ഡിസംബർ പത്താം തീയതി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് സംഘം ഗീതയുടെ വീട് പരിശോധിച്ചപ്പോൾ ടെറസിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെത്തി. ഇതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഗീതയുടെ ഭർത്താവ് അനിൽ ഒരു വർഷത്തോളമായി വേർപിരിഞ്ഞാണ് താമസം. ഭാര്യയുടെ ദുർമന്ത്രവാദവും അന്ധവിശ്വാസങ്ങളും കാരണമായിരുന്നു ഇദ്ദേഹം വീട് വിട്ടിറങ്ങിയത്. എന്നാൽ ബിസിനസ് നോക്കിനടത്തിയിരുന്ന മൂത്ത മകനുമായി ഇദ്ദേഹം നല്ല ബന്ധത്തിലായിരുന്നു. ദിവസങ്ങളായിട്ടും മകനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് പിതാവിന് സംശയം തോന്നിയത്. ഇതിനിടെ ഭാര്യയും മക്കളും കൊൽക്കത്തയിലെ വീട് പൂട്ടി റാഞ്ചിയിലെ സ്വവസതിയിലേക്ക് പോയെന്ന് അനിലിന് വിവരം ലഭിച്ചിരുന്നു. റാഞ്ചിയിലെ ഭാര്യാസഹോദരിയെ വിളിച്ചപ്പോൾ മൂത്തമകൻ അർജുൻ അവിടെ വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.

വീടിന്റെ ടെറസിൽനിന്ന് അസ്ഥികൾ കണ്ടെടുത്ത പോലീസ് സംഘം ഗീതയെ വിശദമായി ചോദ്യംചെയ്തെങ്കിലും ആദ്യഘട്ടത്തിൽ ഇവർ ഒന്നും വെളിപ്പെടുത്തിയില്ല. തനിക്ക് ഒന്നിലും പങ്കില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തതോടെ ഗീത കുറ്റംസമ്മതിച്ചു.

അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഗീത മകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനുശേഷം വലിയ ചീനച്ചട്ടിയിലിട്ട് മൃതദേഹം കത്തിച്ചു. മൃതദേഹം കത്തിക്കുന്ന ഗന്ധം പുറത്തറിയാതിരിക്കാനായി നെയ്യും മസാലക്കൂട്ടുകളും ചേർത്താണ് കത്തിച്ചത്. ഇതിനുശേഷം കത്തിക്കരിഞ്ഞ അസ്ഥികൾ തുണിയിൽ പൊതിഞ്ഞ് ടെറസിന് മുകളിൽ സൂക്ഷിക്കുകയായിരുന്നു.

കൊല്ലാൻ ഉപയോഗിച്ച അമ്മിക്കല്ലും മൃതദേഹം കത്തിച്ച വലിയ ചീനച്ചട്ടിയും വീട്ടിൽനിന്ന് കണ്ടെടുത്തായി പോലീസ് പറഞ്ഞു. വീടിന്റെ ഒന്നാം നിലയിലെ പൂജാ മുറിയിൽ തീപിടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. അമ്മിക്കല്ലിൽ രക്തക്കറയും കണ്ടു. അതേസമയം, മൂത്ത മകനെ കൊലപ്പെടുത്താനിടയായതിന്റെ വ്യക്തമായ കാരണം പ്രതികൾ വെളിപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

സാമ്പത്തികമായി ഉയർന്നനിലയിലുള്ള കുടുംബമായതിനാൽ സ്വത്ത് തർക്കമോ, സാമ്പത്തിക പ്രശ്നമോ അല്ല കൊലപാതകത്തിന് കാരണമെന്ന് പോലീസ് ഉറപ്പിച്ചുപറയുന്നു. ഗീതയുടെ ഭർത്താവ് അനിൽ മഹെൻസാരിയയും ഇതുതന്നെയാണ് ആവർത്തിച്ചത്. ഭാര്യയുടെ ദുർമന്ത്രവാദമാണ് കൃത്യത്തിന് പിന്നിലെന്നും ഇദ്ദേഹം ആരോപിക്കുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുടെ മാനസികനിലയും മറ്റും വിശദമായി പരിശോധിക്കുമെന്നും ഗീതയുടെ മകളെ ചോദ്യംചെയ്യാനായി വിളിപ്പിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlights:youth killed and burnt with ghee and spices in kolkata