കൊട്ടിയം : മുന്‍വൈരാഗ്യം കാരണം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ ക്വാറി വേസ്റ്റുകള്‍ തള്ളുന്ന കുഴിയില്‍ തള്ളി. കൊല്ലം പേരൂര്‍ കൊറ്റങ്കര അയ്യരുമുക്കിനു സമീപം പ്രോമിസ് ലാന്‍ഡില്‍ ജോണ്‍സന്റെയും ട്രീസയുടെയും മകന്‍ രഞ്ജു എന്ന രഞ്ജിത്ത് ജോണ്‍സണ്‍ (40) ആണ് കൊല്ലപ്പെട്ടത്.

Ranjith
രഞ്ജിത്ത് 

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മയ്യനാട് സ്വദേശി കൈതപ്പുഴ ഉണ്ണി, ചാമ്പക്കുളം സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് 15-ന് കൊല്ലം കൊറ്റങ്കരയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിന്റെ ചീഞ്ഞഴുകിയ മൃതദേഹമാണ് തമിഴ്‌നാട്ടില്‍ കണ്ടെത്തിയത്. പ്രധാന പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

വീട്ടില്‍ പ്രാവുകളെ വളര്‍ത്തലും കച്ചവടവുമായി കഴിഞ്ഞിരുന്ന രഞ്ജിത്ത് ജോണ്‍സനെ 15-ന് വൈകീട്ട് മൂന്നരയോടെയാണ് സംഘം വീട്ടില്‍നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോയത്. അതിനുശേഷം രഞ്ജിത്തിനെക്കുറിച്ച് ഒരു വിവരവുമില്ലാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് കൊല്ലം എ.സി.പി.യുടെ മേല്‍നോട്ടത്തില്‍ ഇരവിപുരം സി.ഐ. നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

രഞ്ജിത്തിനെ ചാത്തന്നൂര്‍ പോളച്ചിറ ഏലായിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സംഘം കൊലപ്പെടുത്തി. രാത്രി എട്ടുമണിയോടെ മൃതദേഹം കാറിലിട്ട് തിരുവനന്തപുരംവഴി നാഗര്‍കോവില്‍- തിരുനല്‍വേലി റോഡിലെ സമൂതപുരത്തെ പൊന്നാങ്കുടിയില്‍ കുഴിയില്‍ ഉപേക്ഷിച്ചശേഷം കുറ്റാലംവഴി തിരികെ വന്നു. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പരിഴശാധിച്ചതില്‍ സംശയം തോന്നിയ രണ്ടുപേരെ കേന്ദ്രീകരിച്ചായി അന്വേഷണം. രഞ്ജിത്തിനെ കൊണ്ടുപോയ കാറിനെക്കുറിച്ചും വിവരം ലഭിച്ചു. അങ്ങനെയാണ് മയ്യനാട് സ്വദേശി കൈതപ്പുഴ ഉണ്ണി, ചാമ്പക്കുളം സ്വദേശി വിനീഷ് എന്നിവര്‍ പിടിയിലായത്. ഇവരിലൊരാളാണ് പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തത്.

രഞ്ജിത്തിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ ഒഴുക്കി എന്നായിരുന്നു പ്രതികളിലൊരാള്‍ പോലീസിനോട് പറഞ്ഞിരുന്നത്. പോലീസ് വീണ്ടും നടത്തിയ ചോദ്യംചെയ്യലിലാണ് മൃതദേഹം തമിഴ്‌നാട്ടിലാണ് ഉപേക്ഷിച്ചതെന്ന് പറഞ്ഞത്. തുടര്‍ന്നാണ് അന്വേഷണസംഘം പ്രതികളുമായി തമിഴ്‌നാട്ടിലെത്തി മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹത്തിലെ പച്ചകുത്തിയ പാടാണ് തിരിച്ചറിയാന്‍ സഹായകമായത്.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം ശനിയാഴ്ച 10-ന് പട്ടത്താനം ഭാരതരാജ്ഞി പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കും. ഒളിവില്‍പ്പോയ പ്രധാന പ്രതിക്ക് രഞ്ജിത്തിനോട് വര്‍ഷങ്ങള്‍ക്കുമുന്‍പുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

Content highlights: Murder, Kottiyam, Youth killed