കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഗുണ്ടകളെ പോലീസ് പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് അജ്മൽ (28), സഞ്ജയ് ഷാഹുൽ (31) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കാപ്പാ കേസ് പ്രതികളാണ്.കൂട്ടുപ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ സ്റ്റാർ ഹോംസ് ഫ്ളാറ്റിൽ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സുഹൃത്തായ ഷിഹാബിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അയാളെ കിട്ടാത്തതിനാൽ അനിയെ കൊണ്ടുപോവുകയായിരുന്നു. സുഹൃത്തിനെ തടവിൽവെച്ച് ഷിഹാബിനെ വിളിച്ചുവരുത്താനായിരുന്നു ശ്രമം. കൊലപാതക കേസിലടക്കം പ്രതികളായ ഗുണ്ടാസംഘം എറണാകുളത്ത് താമസിക്കുന്ന വിവരം ഇവരുമായി അടുപ്പമുള്ള ഷിഹാബ് ചിലരോട് പറഞ്ഞിരുന്നു. ഷിഹാബിന്റെ കാർ അപകടത്തിൽപ്പെടുത്തിയതിന്റെ നഷ്ടപരിഹാരവും അടുത്തിടെ ഇവരോട് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ സംഘം ഷിഹാബുമായി തെറ്റുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഷിഹാബിനെ തട്ടിക്കൊണ്ടുപോകാൻ ഫ്ളാറ്റിൽ എത്തിയപ്പോൾ ഇവിടെ അനി മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ അനിയെ തട്ടിക്കൊണ്ടുവന്ന് ഇടപ്പള്ളി ടോളിലെ ലോഡ്ജിൽ തടവിലാക്കി. വിവരം അറിഞ്ഞ് ഷിഹാബ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനിയെ ലോഡ്ജിൽനിന്ന് പോലീസ് മോചിപ്പിച്ചു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സംഭവം അന്വേഷിക്കാൻ കൊച്ചി സിറ്റി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേസിൽ ഹണിട്രാപ്പിന് പ്രതികൾ പദ്ധതിയിട്ടോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.