കണ്ണൂര്‍: പകല്‍ വീട്ടില്‍ക്കയറി അക്രമം നടത്തിയ സംഘം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി. ഒഴിഞ്ഞ ഫ്‌ലാറ്റില്‍ 18 മണിക്കൂറോളം തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചശേഷം പിറ്റേന്ന് വിട്ടയച്ചു. കല്യാശ്ശേരി സെന്‍ട്രല്‍ സ്‌കൂളിന് സമീപം ഫഹദ് മഹലില്‍ നായക്കന്‍ സുബൈറിന്റെ മകന്‍ ഫഹദി(22)നെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് കണ്ണപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഞായറാഴ്ച രാത്രിയാണ് സംഭവം. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ബെന്‍സ്‌കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയ യുവാവിനെ തിങ്കളാഴ്ച വൈകുന്നേരം ആറോടെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയായിരുന്നു. റോഡില്‍ അവശനായിക്കിടന്ന ഇയാളെ നാട്ടുകാരില്‍ ചിലരാണ് വീട്ടിലെത്തിച്ചത്. ശരീരമാസകലം മര്‍ദനമേറ്റ പരിക്കുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

ഞായറാഴ്ച സുബൈറിന്റെ വീട്ടില്‍ ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. മകനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇവരെത്തിയത്. വാക്തര്‍ക്കത്തെത്തുടര്‍ന്ന് സംഘം വീടിന്റെ ജനല്‍ച്ചില്ലുകളും സി.സി.ടി.വി.യും തകര്‍ത്തു. സംഭവമറിഞ്ഞെത്തിയ സുബൈറിനെ മര്‍ദിക്കുകയും ചെയ്തു. മകനുമായി പരിചയമുള്ള കീച്ചേരി സ്വദേശികളായ രണ്ടുപേരുള്‍പ്പെടെ കണ്ടാലറിയാവുന്ന ആറുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സുബൈര്‍ പറയുന്നു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കും സ്‌കൂട്ടറും ഇവര്‍ കൊണ്ടുപോയി.

ബൈക്ക് തിരിച്ചുതരാമെന്ന് പറഞ്ഞ് രാത്രി ഫഹദിനെ വിളിച്ച് കല്യാശ്ശേരി സൗത്ത് യു.പി. സ്‌കൂളിനുസമീപം പ്രതികള്‍ കാത്തുനിന്നു. അവിടെയെത്തിയപ്പോഴാണ് ബലമായി തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാറില്‍ കയറ്റിക്കൊണ്ടുപോയത്. തളിപ്പറമ്പിലെ ഒഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചശേഷം മര്‍ദിക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ കൊടുത്തില്ല. ഫഹദിനെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.