കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. താമരശ്ശേരി കണ്ണീരുപ്പിൽ ഫസൽ (ഗുണ്ടാ ഫസൽ- 31), മമ്പാട് കച്ചേരിക്കുനിയിൽ മുഹമ്മദ് ബഷീർ (വിഗ്രഹം ബഷീർ- 45), കോരക്കാട് ഇഷൽ മൻസിൽ അബ്ദുൾ നാസർ (46), താമരശ്ശേരി ചെമ്പായി മുഹമ്മദ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്.
കഴിഞ്ഞ 17-ന് വൈകീട്ട് ദുബായിൽനിന്ന് കരിപ്പൂരിലിറങ്ങിയ തൊട്ടിൽപ്പാലം സ്വദേശി പാറശ്ശേരി മീത്തൽ റിയാസിനെ വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. മർദിച്ചവശനാക്കിയ യുവാവിനെ രാത്രി മുക്കത്തിനു സമീപം ഇറക്കിവിടുകയായിരുന്നു.
പിന്നിൽ സ്വർണക്കടത്ത്
കള്ളക്കടത്ത് സംഘം ഏൽപ്പിച്ച സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പോലീസ് പറയുന്നതിങ്ങനെ: ദുബായിൽ ഡ്രൈവറായിരുന്ന റിയാസിന് കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങാനിരുന്ന റിയാസിനെ സ്വർണമാഫിയ സമീപിച്ച് കള്ളക്കടത്തിന് പ്രേരിപ്പിച്ചു. 50 ലക്ഷത്തിന്റെ സ്വർണം യുവാവിനെ ഏൽപ്പിച്ചു. മറ്റൊരു സുഹൃത്തുമായി ചേർന്ന് സ്വർണം ദുബായിൽ വിൽക്കാനും പണം പങ്കിട്ടെടുക്കാനും യുവാവ് ശ്രമം നടത്തി. വിമാനത്താവളത്തിൽ സ്വർണം സുഹൃത്തിനെ ഏൽപ്പിച്ചാണ് യുവാവ് കരിപ്പൂരിലേക്ക് തിരിച്ചത്.
യുവാവിന്റെ നീക്കങ്ങൾ ശ്രദ്ധിച്ച മാഫിയ, കരിപ്പൂരിലിറങ്ങിയ ഉടനെ യുവാവിനെ 'പൊക്കാൻ' ഏർപ്പാട് ചെയ്തു. യുവാവിനെ കൊണ്ടുപോകാൻ മാഫിയ വാഹനം ഏർപ്പാടാക്കിയിരുന്നു. എന്നാൽ, കക്കാടം പൊയിലിലെ റിസോർട്ടിൽ താമസിക്കാൻ ഏർപ്പാട് ചെയ്ത യുവാവ് വിമാനത്താവളത്തിലേക്ക് വാഹനം വരുത്തിച്ചു. റിസോർട്ടിൽനിന്ന് വന്ന വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് കാളോത്ത് വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്.
Content Highlights:youth kidnapped from karippur airport four accused arrested