കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗസംഘം അറസ്റ്റിലായി. കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ്ഷഹീര്‍ (36), മുഹമ്മദ് ആരീഫ് (40), അഹമ്മദ് നിയാസ് (39), ഫിറോസ് (35), അബ്ദുള്‍ മനാഫ് (38), മുഹമ്മദ് അല്‍ത്താഫ് (34) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട് കടപ്പുറത്തെ ഷെഫിഖിനെ (35) ആണ് ബുധനാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടുപോയത്. കാറില്‍ വീട്ടിലേക്ക് വരികയായിരുന്ന ഷഫീഖിനെ അതില്‍നിന്നു വലിച്ചിറക്കി മറ്റൊരു കാറില്‍ കയറ്റുകയായിരുന്നു.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. വിവിധ കേന്ദ്രങ്ങളില്‍ പോലീസുകാര്‍ വാഹന പരിശോധ തുടങ്ങിയതറിഞ്ഞ് സംഘം രണ്ടുതവണ വാഹനം മാറ്റി.

പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഷഫീഖിനെ കാസര്‍കോട്ട് ഇറക്കിവിട്ടു. ദുബായയില്‍നിന്ന് കൊടുത്തുവിട്ട പണം എത്തേണ്ടിടത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടിക്കൊണ്ടുപ്പോയതെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഷൈന്‍, എസ്.ഐ.മാരായ കെ.പി. സതീശന്‍, ശ്രീജേഷ്, എ.എസ്.ഐ. അബൂബക്കര്‍ കല്ലായി എന്നിവരും പ്രതികളെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു.