ആലപ്പുഴ: പൂച്ചാക്കലില്‍ യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു. പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി രോഹിണിയില്‍ വിപിന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞദിവസം രാത്രിയാണ് ഏഴംഗസംഘം വിപിന്‍ലാലിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു. 

സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെപേരില്‍ തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് ഏഴംഗസംഘം വിപിന്‍ലാലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം തുടരുകയാണ്. 

Content Highlights: youth hacked to death in poochakkal alappuzha