പാങ്ങോട്: യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ വനത്തിനുള്ളില്‍. പാങ്ങോട് ചന്തക്കുന്ന് കോളനിയില്‍ എ.ആര്‍.നിവാസില്‍ റഷീദിന്റേയും അമ്മിണിയുടേയും മകന്‍ അംജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് 4ന് ഭരതന്നൂര്‍ കല്ലുമല വനമേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തിനുള്ളില്‍ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘത്തിലെ ഒരാളാണ് അംജിത്ത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വൈകുന്നേരം പാലോട് ഫോറസ്റ്റ് റെയിഞ്ചില്‍പ്പെട്ട കല്ലുമല വനമേഖലയില്‍ അംജിത്തും മറ്റു രണ്ടുപേരുമായി എത്തി. തുടര്‍ന്ന് ഫോണ്‍ ചെയ്യുന്നതിനുവേണ്ടി ഓട്ടോ ഡ്രൈവറുടെ ഫോണും വാങ്ങി അംജിത്ത് വനത്തിനുള്ളിലേക്ക് നടന്നു. ഇയാള്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് പോയവഴിയേ ഡ്രൈവറും കൂട്ടുകാരനും അന്വേഷിച്ച് ചെല്ലുമ്പോള്‍ ഒടിഞ്ഞുവീണ അക്കേഷ്യാ കമ്പില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.

ജീവനുണ്ടെന്ന് സംശയിച്ച് അഴിച്ചിറക്കിയപ്പോള്‍ മരിച്ചതായി മനസ്സിലായതിനെത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നാണ് ഇരുവരും പാങ്ങോട് പോലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യുന്നതിനുവേണ്ടി ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത്.

ഇയാള്‍ ഉടുത്തിരുന്ന കൈലിമുണ്ടാണ് തൂങ്ങാന്‍ ഉപയോഗിച്ചിരിക്കുന്നത്. കൊടുംവനത്തിലേക്ക് ആത്മഹത്യചെയ്യാന്‍ മറ്റ് രണ്ടുപേരുമായെത്തി എന്നുള്ളതും സംശയത്തിനു കാരണമാണ്. ഓട്ടോയില്‍ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥരും കണ്ടിരുന്നു. എന്നാല്‍ അംജിത്തിനെ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനോട് പറഞ്ഞു.