പന്തീരാങ്കാവ്(കോഴിക്കോട്): യുവാവിനെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജ്യോതി ബസ് സ്റ്റോപ്പ് മൈത്രീനഗറിലെ തിരുനെല്ലിപറമ്പില്‍ വിപിന്‍ (34) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്

നാലുമണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിലാണ് മരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാത്രിയില്‍ വിപിനും ഏതാനുംപേരും മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് അയല്‍വാസികള്‍ കേട്ടിരുന്നു. വെള്ളിയാഴ്ച വൈകീട്ടും വാതില്‍ തുറക്കാതെ കണ്ടതോടെ റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. അവരുടെ സാന്നിധ്യത്തില്‍ വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചനിലയിലാണ് കണ്ടത്. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മുറിയിലും കിടക്കയിലും രക്തം കാണുന്നുണ്ട്. മുറിയിലെ തറയില്‍ മരക്കഷണവും മുറ്റത്ത് ഹോംതിയേറ്ററിന്റെ ഭാഗങ്ങളും വലിച്ചെറിഞ്ഞ നിലയിലുണ്ട്. വിപിന്‍ മാത്രമാണ് വീട്ടിലുള്ളത്. അമ്മ ബന്ധുവീട്ടിലാണ്. സുഹൃത്തുക്കളുമായി മദ്യപിച്ച് പലപ്പോഴും വീട്ടില്‍ ബഹളമുണ്ടാകാറുണ്ടായിരുന്നതായി പറയുന്നു. ദിവസങ്ങള്‍ക്കുമുമ്പ് പ്രദേശവാസികളുടെ പരാതിയില്‍ പോലീസെത്തി എല്ലാവരെയും ഓടിച്ചുവിടുകയായിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. ശനിയാഴ്ച കോവിഡ് പരിശോധന നടത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. അച്ഛന്‍: എടക്കണ്ടി മോഹനന്‍. അമ്മ: ഗീത.