കൊല്‍ക്കത്ത:  യുവാവിനെ ദുരൂഹസാഹചര്യത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ റിതേഷി(19)നെയാണ് സുഹൃത്ത് കൗശിക് മൊണ്ടാലിന്റെ ഗോള്‍ഫ് ഗ്രീനിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മകന്റെ മരണത്തിന് പിന്നില്‍ കൗശിക്കാണെന്നും ആരോപിച്ച് റിതേഷിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കി. 

കൗശിക്കിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി റിതേഷ് വെള്ളിയാഴ്ച വൈകിട്ട് കൗശിക്കിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് രാത്രി അവിടെ താമസിച്ച യുവാവിനെ പിറ്റേദിവസമാണ് മരിച്ചനിലയില്‍ കണ്ടത്. 

ശനിയാഴ്ച രാവിലെ റിതേഷിനെ വിളിച്ചപ്പോള്‍ ഉറക്കമുണര്‍ന്നില്ലെന്നും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെന്നുമാണ് കൗശിക്കിന്റെയും കുടുംബത്തിന്റെയും മൊഴി. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാരും പറഞ്ഞു. തുടര്‍ന്ന് റിതേഷിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അമിതമായ അളവില്‍ മദ്യം കഴിച്ചതാകാം മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളില്ലെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കൗശിക്കിന്റെ വീട്ടില്‍നിന്ന് ഭക്ഷണത്തിന്റെ സാമ്പിളുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി. 

Content Highlights: youth found dead at friends house in kolkata