ജയ്പുർ: രാജസ്ഥാനിൽ സ്ത്രീകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാർ പരസ്യമായി 'ശിക്ഷിച്ചു'. ഭിൽവാരയിലെ ഒരു ഗ്രാമത്തിലാണ് നാട്ടുകാർ യുവാവിനെ മർദിക്കുകയും മൂത്രത്തിൽ കുളിപ്പിക്കുകയും ചെയ്തത്. മുഖത്ത് കരിഓയിൽ ഒഴിച്ച് ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

ശനിയാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിയുന്നത്. യുവാവിനെ ശിക്ഷിക്കുന്ന ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ സംഭവം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു.

ഗ്രാമത്തിലെ സ്ത്രീകളെ ശല്യം ചെയ്തതിനാണ് യുവാവിനെ മർദിച്ചതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിലെത്തിയ യുവാവ് ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിയെത്തി യുവാവിനെ പിടികൂടി. യുവാവിനെ പിടിച്ചതോടെ ഇയാൾ നേരത്തെയും ശല്യംചെയ്തിരുന്നതായി ഒട്ടേറെ സ്ത്രീകളും പരാതിപ്പെട്ടു. ഇതോടെയാണ് നാട്ടുകാർ പരസ്യമായി 'ശിക്ഷ' നടപ്പാക്കിയത്.

യുവാവിന്റെ മുഖത്ത് കരിഓയിൽ ഒഴിച്ച നാട്ടുകാർ ചെരിപ്പുമാല അണിയിച്ചു. പിന്നീട് ഒരു സ്ത്രീ ഒരു പാത്രത്തിൽ മൂത്രവുമായെത്തി ഇത് യുവാവിന്റെ തലയിലൂടെ ഒഴിക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ യുവാവിനെ മർദിക്കുന്നതും തുടർന്നു. പിന്നീട് ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

അതേസമയം, ഗ്രാമത്തിൽ നടന്ന സംഭവം താനറിഞ്ഞിട്ടില്ലെന്നായിരുന്നു ഗ്രാമമുഖ്യന്റെ പ്രതികരണം. സംഭവദിവസം താൻ മറ്റൊരിടത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു.

Content Highlights:youth forced to bath urine after caught for eve teasing in rajasthan video goes viral